Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ രക്ഷപ്പെട്ട പെൺകുട്ടി പറഞ്ഞു: ‘അവരെ രാത്രി കൊണ്ടുപോകും, പകൽ മുഴുവൻ കരച്ചിൽ’

Abuse | Rape | Sexual Assault | Representational image Representational image

ദിയോറിയ∙ ബിഹാറിലെ മുസഫർപുരിൽ പെൺകുട്ടികൾക്കായി നടത്തിയ അഭയകേന്ദ്രത്തിൽ നടന്ന പീഡന സംഭവത്തിനു പിന്നാലെ ഉത്തർപ്രദേശിൽനിന്നും ഞെട്ടിക്കുന്ന വാർത്ത. പെൺകുട്ടികൾക്കായുള്ള അഭയകേന്ദ്രത്തിന്റെ മറവിൽ ലൈംഗിക പീഡനം ഉൾപ്പെടെ നടത്തിയ ദമ്പതികളുടെയും മകളുടെയും വിവരങ്ങൾ പുറംലോകത്തെത്തിച്ചത് അവിടെനിന്നു രക്ഷപ്പെട്ട പെൺകുട്ടിയാണ്. സംഭവത്തെത്തുടർന്നു ദിയോറിയ ജില്ലയിലെ അഭയകേന്ദ്രം അടച്ചുപൂട്ടി മുദ്രവച്ചു. ഇതിന്റെ നടത്തിപ്പുകാരായ മോഹൻ ത്രിപാഠി, ഭാര്യ ഗിരിജ, മകൾ എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വനിതാ – ശിശുക്ഷേമ മന്ത്രാലയവും ഇടപെട്ടിട്ടുണ്ട്. ദിയോറിയ ജില്ലാ മജിസ്ട്രേറ്റ് സുജിത് കുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

കേന്ദ്രത്തിൽനിന്നു 18 പെൺകുട്ടികളെ കാണാതായതായാണു വിവരം. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. കണ്ടെത്തിയ 24 പെൺകുട്ടികളുടെ മെഡിക്കൽ പരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴിയെടുക്കും. അഭയകേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ടു പുറത്തെത്തിയ പത്തു വയസ്സുകാരി നാട്ടുകാരോടു പറ‌ഞ്ഞപ്പോഴാണു സംഭവം പുറത്തറിയുന്നത്. ലക്നൗവിൽനിന്നു 300 കി.മീ മാറിയാണ് അഭയകേന്ദ്രം.

രാത്രിയിൽ കാറിലെത്തുന്നവർ ഇവിടെനിന്നു പെൺകുട്ടികളെ കൊണ്ടു പോകുന്നതു പതിവാണ്. പിറ്റേന്നു രാവിലെ ഇവരെ തിരിച്ചെത്തിക്കും. പെൺകുട്ടികളെല്ലാം ദിവസം മുഴുവന്‍ കരച്ചിലാണ്. 15 മുതൽ 18 വയസ്സു വരെ പ്രായമുള്ളവരെയാണ് ഇത്തരത്തിൽ കൊണ്ടുപോയിരുന്നത്. ചിലരെ കേന്ദ്രത്തിലും ലൈംഗികമായി പീഡിപ്പിച്ചിരുന്നു. വേലക്കാരിയെപ്പോലെയാണു താനവിടെ കഴിഞ്ഞിരുന്നതെന്നും പെൺകുട്ടി പറയുന്നു. പല വീടുകളിലേക്കും പരിചാരികമാരായും പെൺകുട്ടികളെ ദമ്പതികൾ ‘റിക്രൂട്ട്’ ചെയ്തിരുന്നു. അനധികൃതമായി ദത്തെടുക്കലും ഇവിടെ നടന്നിരുന്നു.

2017 വരെ സർക്കാർ ധനസഹായം ലഭ്യമാക്കിയിരുന്നു. എന്നാൽ സിബിഐ രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഈ അഭയകേന്ദ്രവും അനധികൃതമെന്നു കണ്ടെത്തിയതിനെ തുടർന്നു സർക്കാർ ലൈസൻസ് റദ്ദാക്കി. ഇതിന്റെ പേരിലുള്ള കേസ് ഹൈക്കോടതിയിൽ നടക്കുന്നുണ്ട്. നോട്ടിസ് ലഭിച്ചിട്ടും ഇവിടെ പ്രവർത്തനം തുടരുകയായിരുന്നു. രണ്ടാഴ്ച മുൻപ് ഇവിടെ പരിശോധനയ്ക്കെത്തിയ പൊലീസിനെ ദമ്പതിമാർ വിരട്ടിയോടിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിരുന്നു. പെൺകുട്ടികളെ സർക്കാർ വക അഭയകേന്ദ്രത്തിലേക്കു മാറ്റാനും നിർദേശിച്ചു. പക്ഷേ ദമ്പതികൾ അനുസരിച്ചില്ലെന്നും വനിതാ ശിശുക്ഷേമ മന്ത്രി റിത ബഹുഗുണ ജോഷി പറഞ്ഞു.

ബിഹാറിൽ മുപ്പതിലേറെ പെൺകുട്ടികളാണ് അഭയകേന്ദ്രത്തിൽ പീഡിപ്പിക്കപ്പെട്ടത്. ഏഴു വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെയായിരുന്നു ഇത്. സർക്കാർ ഉദ്യോഗസ്ഥർക്കായിരുന്നു ബിഹാർ കേന്ദ്രത്തിലെ മേൽനോട്ട ചുമതല. നിതിഷ് കുമാർ സർക്കാരിലെ മന്ത്രിയുടെ ഭർത്താവിനെതിരെയും സംഭവത്തിൽ പരാതി ഉയർന്നിരുന്നു.