Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം നാടിനായി പ്രഖ്യാപിച്ച ഫിലിംസിറ്റി കുമാരസ്വാമിയുടെ നാട്ടിലേക്ക്; വിയോജിച്ച് സിദ്ധരാമയ്യയുടെ കത്ത്

Siddaramaiah, Kumaraswamy സിദ്ധരാമയ്യ, കുമാരസ്വാമി

ബെംഗളൂരു ∙ കോൺഗ്രസ് സർക്കാരിന്റെ ബജറ്റിൽ മൈസൂരുവിൽ സ്ഥാപിക്കാനായി പ്രഖ്യാപിച്ചിരുന്ന ഫിലിം സിറ്റി പദ്ധതി രാമനഗരയിലേക്കു മാറ്റി സ്ഥാപിച്ചു കൊള്ളാൻ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യയുടെ കത്ത്. സഖ്യകക്ഷി സർക്കാർ ഏകോപന സമിതി അധ്യക്ഷൻ കൂടിയായ സിദ്ധരാമയ്യ വിവിധ വിഷയങ്ങളിൽ വിയോജിപ്പു രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന നാലാമത്തെ കത്താണിത്. ബജറ്റിൽ ഇന്ധന വില വർധിപ്പിച്ച നടപടിക്കെതിരെ സിദ്ധരാമയ്യ നേരത്തെ എഴുതിയ കത്ത് ഇരു കക്ഷികൾക്കുമിടയിൽ അലോസരം സൃഷ്ടിച്ചിരുന്നു.

തന്റെ ജന്മനാടായ മൈസൂരുവിൽ സ്ഥാപിക്കാൻ സിദ്ധരാമയ്യ സ്വപ്നം കണ്ടിരുന്ന ഫിലിം സിറ്റിയാണ് കുമാരസ്വാമി സ്വന്തം മണ്ഡലമായ രാമനഗരയിൽ സ്ഥാപിക്കുമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്. 

കന്നഡ മാത്രമല്ല, തമിഴ്, ഹിന്ദി, തെലുഗു ചലച്ചിത്ര നിർമാതാക്കളുടെ സ്വപ്ന നഗരിയാണ് മൈസൂരുവെന്ന് കത്തിൽ പറയുന്നു. 1945 മുതൽ ഇവിടെ ഒട്ടേറെ ചിത്രീകരണങ്ങൾ നടക്കുന്നു. നവജ്യോതി, പ്രീമിയർ തുടങ്ങിയ സ്റ്റുഡിയോകളും മൈസൂരുവിന്റെ സംഭാവനയാണ്. മൈസൂരുവിൽ ഇത്തരമൊരു ഫിലിം സിറ്റി വരുന്നതിനെ കുറിച്ച് കന്നഡ ചലച്ചിത്ര ഇതിഹാസം ഡോ. രാജ്കുമാർ കൂടി കണ്ട സ്വപ്നത്തിന്റെ തുടർച്ചയായാണ് ഇതേറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞ കോൺഗ്രസ് സർക്കാർ തീരുമാനിച്ചത്. ഇതിനായി 100 ഏക്കർ ഭൂമിയും മൈസൂരുവിൽ നീക്കിവച്ചു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് പദ്ധതി രാമനഗരയിലേക്കു നീക്കാൻ കുമാരസ്വാമിയുടെ ബജറ്റിൽ തീരുമാനമെടുത്തതെന്നും അതങ്ങനെ തന്നെ നടക്കട്ടെയെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.