Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

indira-banerjee-vineet-saran-km-joseph ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് ശരൺ, കെ.എം. ജോസഫ്. ചിത്രം: ദൂരദർശൻ ന്യൂസ് / ട്വിറ്റർ

ന്യൂഡൽഹി∙ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് ശരൺ, കെ.എം. ജോസഫ് എന്നിവർ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നാമതായാണ് കെ.എം. ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. കെ.എം. ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ കേന്ദ്രത്തിന്റെ നടപടിയിൽ സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാർ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്നത്തെ സത്യപ്രതിജ്ഞയോടെ സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 25 ആയി. 31 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ വേണ്ടത്.

അതേസമയം, ജസ്റ്റിസ് കെ.എം. ജോസഫിനെ സീനിയോറിറ്റി പട്ടികയിൽ താഴെയാക്കിയ സർക്കാർ നടപടിയോടു ജഡ്ജിമാർക്കുള്ള വിയോജിപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അറ്റോർണി ജനറലിനെ അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാർ ആവശ്യപ്പെട്ടതനുസരിച്ചാണു ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലുമായി നടന്ന ചർച്ചയുടെ ഫലം വ്യക്തമല്ല.

കൊളീജിയത്തിലുൾപ്പെട്ട ജഡ്ജിമാരായ മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ്, എ.കെ.സിക്രി എന്നിവരുൾപ്പെടെ ഏതാനും ജഡ്ജിമാരാണു ചീഫ് ജസ്റ്റിസിനെ കണ്ട് സർക്കാരിന്റെ നടപടിയോടുള്ള വിയോജിപ്പു വ്യക്തമാക്കിയത്. നടപടിയെ താനും അനുകൂലിക്കുന്നില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായാണു സൂചന.

ജസ്റ്റിസ് ജോസഫ്, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരൺ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കുകയെന്ന കൊളീജിയം ശുപാർശ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി അംഗീകരിച്ചത്.

related stories