Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണിമുടക്ക്: സർവീസുകൾ റദ്ദാക്കി കേരള ആർടിസി; വഴിമുട്ടി ബെംഗളൂരു യാത്രക്കാർ

ksrtc-bus

ബെംഗളൂരു∙ പണിമുടക്കിനെ തുടർന്നു കേരള ആർടിസി ബെംഗളൂരുവിൽനിന്ന് ഇന്നലെ വൈകിട്ട് ആറിനു ശേഷമുള്ള സർവീസുകൾ റദ്ദാക്കി. പകൽ പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സ്കാനിയ ഉൾപ്പെടെ ഇവിടെനിന്നുള്ള വോൾവോ–സ്കാനിയ ബസുകളും നിരത്തിലിറങ്ങിയില്ല. ഇന്നു വൈകിട്ട് നാലുവരെ ബെംഗളൂരുവിൽനിന്നുള്ള സർവീസുകൾ ഉണ്ടായിരിക്കില്ലെന്നു കെഎസ്ആർടിസി ഇൻസ്പെക്ടർ ഇൻ ചാർജ് ബാബു അറിയിച്ചു. അതിനുശേഷം സാഹചര്യം കണക്കിലെടുത്ത്, ലഭ്യമായ ബസുകൾ ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക.

തിരുവനന്തപുരത്തിനു പുറമെ കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവയാണു റദ്ദാക്കിയ മറ്റ് എസി സർവീസുകൾ. റദ്ദാക്കിയ ബസുകളിൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു മുഴുവൻ പണവും തിരിച്ചു നൽകും. ബസുകൾ റദ്ദാക്കിയ വിവരം യാത്രക്കാരെ ഫോണിൽ വിളിച്ചറിയിച്ചതായും അധികൃതർ പറഞ്ഞു. കേരളത്തിലേക്കു സർവീസ് നടത്താൻ സ്വകാര്യ ബസ് ഏജൻസികളും മടികാണിക്കുന്നുണ്ട്. ചെന്നൈ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്കു ബെംഗളൂരുവിൽനിന്നു ബസുകൾ പോകുന്നുണ്ട്. സാഹചര്യം കണക്കിലെടുത്തേ സർവീസുകൾ നടത്തുവെന്നു ചില സ്വകാര്യ ഏജൻസി അധികൃതർ പറഞ്ഞു. പണിമുടക്കിനെ തുടർന്നു നൂറുകണക്കിനാളുകൾ ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്.

പണിമുടക്കിനില്ലെന്ന് കർണാടക ആർടിസി

കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സർവീസുകളൊന്നും മുടങ്ങില്ലെന്നു കർണാടക ആർടിസി. പണിമുടക്കിൽ പങ്കെടുക്കില്ലെന്നു കർണാടക ആർടിസി സ്റ്റാഫ്സ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു. കോഴിക്കോടുനിന്നുള്ള പകൽ സർവീസ് ഉൾപ്പെടെ ഇന്നത്തെ എല്ലാ സർവീസുകളിലും റിസർവേഷൻ തുടരുന്നുണ്ട്. ഇടദിവസമായതിനാൽ ഇന്നു നാട്ടിലേക്കോ തിരിച്ചോ കാര്യമായ തിരക്കു പ്രതീക്ഷിക്കുന്നില്ല. യശ്വന്ത്പുര–എറണാകുളം(06547) ഉൾപ്പെടെ ഒൻപതു ട്രെയിനുകളാണ് ഇന്നു ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ളത്.

related stories