Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതിയിൽ ഇടപെടാൻ അനുവാദം വേണ്ട; സർക്കാരിന് അൽപത്തമെന്ന് ശ്രീധരൻ പിള്ള

P.S. Sreedharan Pillai

കണ്ണൂർ∙ കേന്ദ്രസർക്കാരിന് ഏതെങ്കിലും വിഷയത്തിൽ ജനങ്ങളിൽനിന്നു പരാതി ലഭിച്ചാൽ ചർച്ച നടത്തുന്നതിന് ഇടനിലക്കാർ വേണമെന്നും സംസ്ഥാന സർക്കാരിന്റെ അനുവാദം വേണമെന്നുമൊക്കെ വാദിക്കുന്നത് അൽപത്തമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. ദേശീയപാതയ്ക്കു പണം ചെലവഴിക്കുന്നതും പദ്ധതി ആവിഷ്കരിക്കുന്നതും കേന്ദ്രസർക്കാരാണ്. ഈ വിഷയത്തിൽ സിപിഎം നേതാക്കളുടെ അജ്ഞതയോർത്തു തലകുനിക്കുന്നുവെന്നും കീഴാറ്റൂർ ബൈപാസ് അലൈൻമെന്റ് തർക്കം പരാമർശിച്ചുകൊണ്ടു ശ്രീധരൻപിള്ള പറഞ്ഞു. 

വിജ്ഞാപനം വന്നശേഷം അലൈൻമെന്റ് മാറ്റിയ ഒട്ടേറെ പദ്ധതികളുണ്ട്. കീഴാറ്റൂരിൽ സിപിഎമ്മിന്റെ പാർട്ടി ഗ്രാമം സങ്കൽപത്തിനു ദോഷം വന്നിട്ടുണ്ടെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടുകയാണു വേണ്ടത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിൽ കേന്ദ്രത്തോട് ഏറ്റുമുട്ടുകയല്ല വേണ്ടത്. കേന്ദ്രവുമായി നിസാര കാര്യങ്ങൾക്കു സംസ്ഥാന സർക്കാർ ഏറ്റുമുട്ടുന്നതു കേരളത്തിന്റെ താൽപര്യത്തിനു ഹാനികരമാണ്. അടൽ ബിഹാരി വാജ്പേയിയും ബിജെപിയും കാരണമാണു സിപിഎം ഇന്ന് അംഗീകൃത ദേശീയ പാർട്ടിയായി നിൽക്കുന്നതെന്ന കാര്യം പിണറായി വിജയനും ജയരാജനുമൊക്കെ ഓർക്കണം. തിരഞ്ഞെടുപ്പു കമ്മിഷന്റെ മാനദണ്ഡപ്രകാരം ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ സിപിഎം നേതൃത്വം അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയോടു നടത്തിയ അഭ്യർഥന അനുസരിച്ചാണ് 1999ൽ മാനദണ്ഡം മാറ്റിയത്.

കേരളത്തിൽ ബിജെപിയുടെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും കൊള്ളേണ്ടതിനെ കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയും ചെയ്യുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബിജെപിയിൽനിന്ന് അച്ചടക്കനടപടിയുടെ ഭാഗമായി പുറത്തുപോയവർ ഒഴികെ ആർക്കും വരാം. ഖദർ കുപ്പായമിട്ടവർ ഒരുപാടു പേർ ബിജെപിയിലേക്കു വരും. പേരുകൾ ഒന്നും വെളിപ്പെടുത്തുന്നില്ല. സ്വന്തം പാർട്ടിയിൽ ആട്ടും തുപ്പുമേറ്റു നിസ്സഹായരായിത്തീർന്നവരുടെ രാഷ്ട്രീയ കവചമായി ബിജെപി മാറും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

related stories