Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾ മാനഭംഗത്തിന് ഇരകളാകുന്ന സംഭവങ്ങൾ വർധിക്കുന്നതു ഗൗരവകരം: സുപ്രീംകോടതി

689684706

ന്യൂഡൽഹി∙ ഇന്ത്യയിൽ സ്ത്രീകൾ മാനഭംഗത്തിന് ഇരകളാകുന്ന സംഭവങ്ങൾ വർധിക്കുന്നതു ഗൗരവകരമെന്നു സുപ്രീംകോടതി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ത്രീകൾ മാനഭംഗത്തിന് ഇരകളാവുകയാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. ബിഹാറിലെ മുസാഫർപുരിലുള്ള സർക്കാർ അഭയകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരകളായ കേസ് പരിഗണിക്കുമ്പോഴാണു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസുമാരായ മദൻ ബി.ലൊക്കുർ, ദീപക് ഗുപ്ത, കെ.എം. ജോസഫ് എന്നിവർ ഉൾപ്പെട്ടെ ബെഞ്ചാണു ഹർജി പരിഗണിച്ചത്. ചൂഷണം നടന്ന മുസാഫർപുരിലെ സർക്കാർ അഭയകേന്ദ്രത്തിന്റെ ചുമതലക്കാരായ എൻജിഒയ്ക്കു സാമ്പത്തിക സഹായം നൽകിയതിനു ബിഹാർ സർക്കാരിനെ സുപ്രീംകോടതി കുറ്റപ്പെടുത്തി.

നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ എടുത്തുപറഞ്ഞും രാജ്യത്തു മാനഭംഗ നിരക്ക് കൂടുകയാണെന്നു സുപ്രീംകോടതി അടിവരയിട്ടു. എൻസിആർബിയുടെ കണക്കനുസരിച്ച് ഓരോ ആറു മണിക്കൂറിലും രാജ്യത്ത് ഒരു സ്ത്രീ മാനഭംഗത്തിന് ഇരയാകുന്നുണ്ടെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2016ൽ മാത്രം 38,947 സ്ത്രീകൾ രാജ്യത്ത് മാനഭംഗത്തിന് ഇരയായി. ‘എന്താണു ചെയ്യേണ്ടത്? രാജ്യത്തിന്റെ നാലു പാടും സ്ത്രീകളും പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നു’ – കോടതി നിരീക്ഷിച്ചു.

മുസാഫർപുർ സംഭവത്തിലെ ഇരകൾക്കു യാതൊരുവിധ സഹായവും ഇനിയും ലഭിച്ചിട്ടില്ലെന്നു കേസിൽ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട അഭിഭാഷക, അപർണ ഭട്ട് ചൂണ്ടിക്കാട്ടി. ഇവിടെ പീഡനത്തിന് ഇരയായ പെൺകുട്ടികളിൽ ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും അപർണ കോടതിയെ അറിയിച്ചു. ചൂഷണത്തിന് ഇരയായ അന്തേവാസികളിൽ ഒരാളെ അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ തന്നെ കൊലപ്പെടുത്തിയതായി മറ്റ് അന്തേവാസികൾ പൊലീസിനു മൊഴി നൽകിയിരുന്നു.

അതേസമയം, ബിഹാറിലുള്ള ഇത്തരം 110 അഭയകേന്ദ്രങ്ങളിൽ 15 എണ്ണത്തിലും സമാനമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി, അഭയകേന്ദ്രങ്ങളിൽ ഓഡിറ്റ് നടത്തിയ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിഐഎസ്എസ്) കോടതിയെ അറിയിച്ചു. വിവിധ എൻജിഒകൾ നടത്തുന്ന ഈ 15 സ്ഥാനപനങ്ങളിൽനിന്നായി ഒൻപതു ലൈംഗിക ചൂഷണ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മറുപടിയായി ബിഹാർ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കേസിൽ വാദം തുടരുകയാണ്.

related stories