Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്‍ത്തലച്ച്, കുത്തിയൊഴുകി അതിരപ്പിള്ളി; സന്ദർശകർക്ക് വിലക്ക്

ATHIRAPPILLY

തൃശൂർ∙ രണ്ടു ദിവസം തുടര്‍ച്ചയായി പെയ്ത മഴയിൽ അപ്പര്‍ ഷോളയാർ, ഷോളയാർ, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. മൂന്നു ഡാമുകള്‍ തുറന്നാലുള്ള സ്ഥിതി നിയന്ത്രിക്കുന്നതിനു മുന്നോടിയായി രാവിലെ പതിനൊന്നു മണി തൊട്ടെ അതിരപ്പിള്ളിയിലേക്കുള്ള സന്ദര്‍ശകരെ വിലക്കി തുടങ്ങി. അതിരപ്പിള്ളി റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ ചാര്‍പ്പ വെള്ളച്ചാട്ടം കുത്തിയൊഴുകുകയാണ്. വെള്ളച്ചാട്ടത്തിനു താഴെയാണ് റോഡ്. കഴിഞ്ഞദിവസം ഉണ്ടായതിനേക്കാള്‍ കൂടുതലാണു ജലത്തിന്റെ ഒഴുക്ക്. വെള്ളച്ചാട്ടത്തിനു താഴെ കൂടെയുള്ള പാലത്തില്‍ വാഹനങ്ങള്‍ കയറിയാല്‍ അപകടമാണ്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണു വാഹനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. 

മുമ്പത്തേക്കാള്‍ സുന്ദരിയായി അതിരപ്പിള്ളിയില്‍ വെള്ളമൊഴുകുകയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ കണ്ടതിനേക്കാള്‍ സൗന്ദര്യം അതിരപ്പിള്ളിക്കുണ്ടെന്ന് ഇന്നു വന്നവരും വിലയിരുത്തി. പക്ഷേ, കാഴ്ച അധികം കണ്ട് ആസ്വദിക്കും മുമ്പേ സന്ദര്‍ശകരെ അധികൃതർ മാറ്റി തുടങ്ങി. ഇരുപത്തിനാലു മണിക്കൂറെങ്കിലും വിലക്ക് തുടരേണ്ടി വരും. കാരണം, അത്രയും കനത്ത മഴയാണ്. ഡാം തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല. അത്രയും ശക്തമാണു നീരൊഴുക്ക്. 

ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. പരിസരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശമുണ്ട്. അതിരപ്പിള്ളി കാണാന്‍ വിലക്കുണ്ടെന്നറിഞ്ഞിട്ടും ജനങ്ങള്‍ കൂട്ടമായെത്തുന്നതു പൊലീസിനും വനംവകുപ്പിനും തലവേദനയായി. ഉദ്യോഗസ്ഥരുടെ കാലുപിടിച്ചാെണങ്കിലും കടത്തിവിടുമെന്ന പ്രതീക്ഷയിലാണു സഞ്ചാരികള്‍. ചിലരാകട്ടെ, അതിരപ്പിള്ളിയില്‍ എത്താനുള്ള കുറുക്കുവഴികളും നാട്ടുകാരോട് ചോദിക്കുന്നുണ്ട്. മറ്റു ജില്ലകളില്‍നിന്ന് വരുന്ന സന്ദര്‍ശകരില്‍ പലരും രാവിലെ ഇവിടെ എത്തിയപ്പോഴാണു വിലക്കിന്റെ കാര്യം അറിയുന്നത്.