Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിസഭാ പുനഃസംഘടന ഉടൻ; ഇ.പി. ജയരാജന്‍ തിരിച്ചെത്തിയേക്കും

E.P. Jayarajan

തിരുവനന്തപുരം∙ സിപിഎം നേതാവും മുൻമന്ത്രിയുമായിരുന്ന ഇ.പി. ജയരാജന്‍ മന്ത്രിസഭയിലേക്കു മടങ്ങിവരുന്നു. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന ജയരാജനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎമ്മിൽ ധാരണയായി. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സമിതി മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. 

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ സിപിഐ നേരത്തെ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് സിപിഐ നേതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചനടത്തി. സിപിഐയുടെ എതിര്‍പ്പു കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

ഇ.പി. ജയരാജന്‍ മന്ത്രിയാകുമ്പോള്‍, ചില മന്ത്രിമാര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ മാറ്റം ഉണ്ടായേക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് പുതിയൊരാളെ പരിഗണിക്കുന്നതായും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

2016 ഒക്ടോബര്‍ 14നാണു ബന്ധുനിയമന വിവാദക്കൊടുങ്കാറ്റിനൊടുവിൽ പിണറായി മന്ത്രിസഭയിലെ രണ്ടാമനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ പുറത്താകുന്നത്. ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മാനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണു വിവാദങ്ങൾക്കു തുടക്കമിട്ടത്. താൻ അറിയാതെയുള്ള നിയമനങ്ങളിൽ ക്ഷുഭിതനായ മുഖ്യമന്ത്രി ജയരാജനെയും ശ്രീമതിയെയും കണ്ണൂർ ഗെസ്റ്റ് ഹൗസിൽ വിളിച്ചു ശാസിച്ചതോടെ വിവാദം മറ്റൊരു തലത്തിലെത്തി. വകുപ്പുമാറ്റത്തിൽ വിവാദം തണുപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും ശക്തമായ നടപടി വേണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിലപാടും നിർണായകമായി.

ഘടകകക്ഷികളായ സിപിഐയും എൻസിപിയും ജെഡിഎസും ജയരാജനെതിരായ നിലപാടെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി നേതാക്കളായ വി. മുരളീധരന്റെയും കെ.സുരേന്ദ്രന്റെയും പരാതികൾ വിജിലൻസിനു മുന്നിലെത്തുകയും ഇതിൽ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെ രാജി അനിവാര്യമാകുകയായിരുന്നു.

അതിനിടെ, ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിൽക്കില്ലെന്നു സർക്കാർ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 26ന് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നായിരുന്നു വിശദീകരണം. ഇതോടെ ജയരാജന്‍ തിരിച്ചുവരുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു.

മന്ത്രിയായി 142ാം ദിവസമായിരുന്നു ജയരാജന്റെ രാജി. മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാർ മാത്രമേയുള്ളൂവെന്നതിനാൽ ജയരാജനെ തിരിച്ചെടുക്കാനായി ആരെയും ഒഴിവാക്കേണ്ടിവരില്ല. കേരളത്തിൽ 21 മന്ത്രിമാർ വരെയാകാം.