Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കുമായിരുന്നില്ല: ദലൈ ലാമ

Tibetan Spiritual leader Dalai Lama ദലൈ ലാമ

പനജി ∙ മഹാത്മാഗാന്ധിയുടെ ആഗ്രഹം പോലെ ജവഹർലാൽ നെഹ്റുവിനു പകരം മുഹമ്മദ് അലി ജിന്നയ്ക്കു പ്രധാനമന്ത്രി സ്ഥാനം നൽകിയിരുന്നെങ്കിൽ ഇന്ത്യ– പാക്കിസ്ഥാൻ വിഭജനമുണ്ടാകില്ലായിരുന്നെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. എന്നാൽ സ്വന്തമായി സ്ഥാനം ആഗ്രഹിച്ച നെഹ്റു ഇതിന് എതിരുനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി ‘ഏറെക്കുറെ അനുകൂലമായിരുന്നെങ്കിലും’ സ്വകേന്ദ്രീകൃതമായ നെഹ്റുവിന്റെ നിലപാടാണ് ഈ തെറ്റിനിടയാക്കിയത്. പ്രധാനമന്ത്രിയാകാൻ നെഹ്റുവിന് ആഗ്രഹമുണ്ടായിരുന്നു. ഗാന്ധിജിയുടെ ചിന്ത നടപ്പായെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഒന്നായി തുടർന്നേനെ. 

സമാധാനത്തിന്റെ മതമാണ് ഇസ്‌ലാം. മറ്റു രാജ്യങ്ങളിലേതു പോലെ ഇന്ത്യയിൽ ഷിയ– സുന്നി സംഘർഷം ഒഴിവാക്കാൻ ശ്രമമുണ്ടാകണമെന്നും ലാമ പറഞ്ഞു. വിഭാഗീയത സൃഷ്ടിക്കുന്ന രക്തച്ചൊരിച്ചിൽ ഒഴിവാക്കണമെന്നു പറഞ്ഞ ലാമ, ഇസ്‌ലാം സഹാനുഭൂതിയും സഹവർത്തിത്വവുമാണ് പഠിപ്പിക്കുന്നതെന്നും സൂചിപ്പിച്ചു.

ജന്മിത്വത്തെക്കാൾ ഉചിതം ജനാധിപത്യമാണ്. ചുരുക്കം ചിലരിൽ തീരുമാനത്തിന്റെ അധികാരം കേന്ദ്രീകരിക്കുന്നത് ഏറെ അപകടകരമാണെന്നും അദ്ദേഹം വിദ്യാർഥികളിൽ നിന്നുള്ള ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.