Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ സജീവമാക്കി വീണ്ടും ന്യൂനമർദം; കുട നിവർത്തി കേരളം

വർഗീസ് സി. തോമസ്
umbrella

പത്തനംതിട്ട ∙ ഏതാനും ദിവസം മടിച്ചു നിന്ന മഴയെ സജീവമാക്കി വീണ്ടും ന്യൂനമർദം. ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തോടു ചേർന്നാണ് ന്യൂനമർദം വീണ്ടും ചിറകുവിടർത്തിയത്. ഇത് ഇന്ന് തീവ്ര ന്യൂനമർദമായി (ഡീപ്പ് ഡിപ്രഷൻ) മാറിയതോടെ കേരളവും കുട നിവർത്തി.

ന്യൂനമർദ മേഖലയിലേക്ക് അറബിക്കടലിൽ നിന്ന്  കേരളത്തിനു മുകളിലൂടെ നീരാവി നിറഞ്ഞ കാറ്റ് വീശും. ഈ കാറ്റ് പശ്‌ചിമഘട്ടത്തിൽ തട്ടിയതോടെയാണ് മലയോര മേഖലയിൽ മഴ കനത്തത്. വ്യാഴാഴ്‌ച വരെ വെയിലും മഴയും കൂടിക്കലർന്നുള്ള കാലാവസ്‌ഥയാവും കേരളത്തിന്റെ മലയോര മേഖലകളിൽ. മധ്യകേരളത്തിലും ഇടനാടൻ പ്രദേശങ്ങളിലും ഇടയ്‌ക്ക് വെയിൽ തെളിയും. വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ന്യൂനമർദം  രാജ്യവ്യാപകമായി  മഴ ശക്‌തിപ്പെടുത്തുമെന്നും നിരീക്ഷകർ പറയുന്നു.

അതേ സമയം  22 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ സജീവമായിരിക്കുമെന്നാണ് യുഎസിലെ നാഷനൽ വെതർ സർവീസ് പോലെയുള്ള ആഗോള കാലാവസ്‌ഥാ ഏജൻസികളുടെ  നിഗമനം. ഓഗസ്റ്റ് 14 മുതൽ ഏതാനും ന്യൂനമർദങ്ങൾ കൂടി  ബംഗാൾ ഉൾക്കടലിൽ പിറവിയെടുക്കുമെന്ന്  ഇവർ ഉറപ്പിച്ചു പറയുന്നു. ആന്ധ്രയ്‌ക്കു മീതേ ഓഗസ്റ്റ് 18 ഓടെ കരയിൽ ഒരു ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. 

എൽ നിനോ ഭീതി കുറച്ച് ഐഎംഡി

എൽ നിനോ മൺസൂണിന്റെ കരുത്തുചോർത്തുമെന്ന സ്വകാര്യ കാലാവസ്‌ഥാ ഏജൻസിയുടെ പ്രവചനത്തെ തള്ളി  ഔദ്യോഗിക കാലാവസ്‌ഥാ ഏജൻസിയായ ഐഎംഡി ഇതിനിടെ രംഗത്തുവന്നു. പസഫിക് സമുദ്രോപരിതല  താപനില ഉയർന്ന് ഇന്ത്യയിലേക്കുള്ള മഴയുടെ വരവ് കുറയുന്നതാണ് എൽ നിനോ. ഇതുമൂലം ഓഗസ്‌റ്റിൽ 12 ശതമാനവും സെപ്‌റ്റംബറിൽ ഏഴു ശതമാനവും മഴ കുറയുമെന്നായിരുന്നു സ്‌കൈമെറ്റ് പ്രവചനം. എന്നാൽ ദീർഘകാല ശരാശരിയുടെ നാലു ശതമാനം മഴ മാത്രമായിരിക്കും ഓഗസ്‌റ്റിൽ കുറയുകയെന്നാണ് ഐഎംഡി യുടെ ഏറ്റവും പുതിയ വിശദീകരണം. എൽനിനോയ്‌ക്ക് 50 ശതമാനം സാധ്യതയുള്ളതായാണ് ഇതിനെ കൃത്യമായി നീരീക്ഷിക്കുന്ന ഓസ്‌ട്രേലിയൻ കാലാവസ്‌ഥാ കേന്ദ്രം നൽകുന്ന സൂചന. ഇപ്പോൾ പസഫിക് തണുത്തുകിടക്കുകയാണ്. എന്നാൽ അടുത്ത ആഴ്‌ചകളിൽ ഈ സ്‌ഥിതി മാറിയേക്കാമെന്നും അവർ മുന്നറിയിപ്പു നൽകുന്നു.

ഇന്ത്യൻ സമുദ്ര താപനില ഉയരുന്നു

എൽനിനോയ്‌ക്ക് സമാനമായി ഇന്ത്യൻ മഹാസമുദ്രത്തിലെ  ചൂടേറുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ (ഐഒഡി) എന്ന പ്രതിഭാസവും മൺസൂണിന് അനുകൂലമാണെന്ന് ഐഎംഡി വ്യക്‌തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ മേഖല ചൂടായി കിടക്കുന്നതാണ് ഇന്ത്യയിൽ മഴയ്‌ക്ക് അനൂകൂല സാഹചര്യം സൃഷ്‌ടിക്കുന്നത്. ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെട്ട വിശാല മേഖലയാണ് പടിഞ്ഞാറൻ അറബിക്കടൽ. ചൂട് ഏറിയാൽ മഴ കൂടും. കുറഞ്ഞാൽ മഴ കുറയും. രണ്ടിന്റെയും മധ്യത്തിലാണെങ്കിൽ (ന്യൂട്രൽ) സാമാന്യം മഴ ലഭിക്കും. ഇപ്പോൾ ഐഒഡി മിതമായ നിലയിലായതിനാലാണ്  മഴ കുറയില്ലെന്ന് ഐഎംഡിയിലെ ഗവേഷകർ വാദിക്കുന്നത്.

related stories