Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതിയെ 15 വർഷം ഗുഹയിലടച്ച് ലൈംഗികമായി പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ

Representational image

ജക്കാർത്ത ∙ യുവതിയെ പതിമൂന്നാം വയസുമുതൽ ഗുഹയിലടച്ച് പതിനഞ്ച് വർഷം ലൈംഗികമായി പീഡിപ്പിച്ച 83 കാരനായ മന്ത്രവാദിയെ പൊലീസ് പിടികൂടി. ഇന്തൊനീഷ്യയിലാണ് സംഭവം. മന്ത്രവാദിയുടെ വീടിനു സമീപമുള്ള ഗുഹയിൽ നിന്നു യുവതിയെ കണ്ടെത്തിയതോടെയാണു ദാരുണമായ സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

13ാം വയസിൽ ചികിൽസയ്ക്കു വേണ്ടിയാണ് വ്യാജവൈദ്യൻ കൂടിയായ മന്ത്രവാദിയുടെ വീട്ടിൽ മാതാപിതാക്കൾ പെൺകുട്ടിയെ എത്തിച്ചത്. ഇയാളുടെ നിർദേശപ്രകാരം പെൺകുട്ടിയെ അവിടെ നിർത്തി മാതാപിതാക്കൾ മടങ്ങുകയും ചെയ്തു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. അന്വേഷിച്ചപ്പോൾ, പെൺകുട്ടി ജോലി അന്വേഷിച്ച് ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കു പോയെന്ന മറുപടിയാണ് മന്ത്രവാദിയിൽ നിന്നു മാതാപിതാക്കൾക്കു ലഭിച്ചത്. പിന്നീടു കഴിഞ്ഞ 15 വർഷമായി മാതാപിതാക്കൾക്കു പെൺകുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പെൺകുട്ടി ഗുഹയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ തിരച്ചിലിൽ‌ കണ്ടെത്തുകയായിരുന്നു.

ജിന്നിന്റെ ശക്തി താൻ ആർജിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചു മന്ത്രവാദി തന്നെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നു യുവതി പൊലീസിനോടു വെളിപ്പെടുത്തി. അംറിൻ എന്ന ആൺകുട്ടിയുടെ ജിന്നാണു തന്റെ ശരീരത്തിലുള്ളതെന്നു പറഞ്ഞ ഇയാൾ അംറിന്റേതെന്നു പറഞ്ഞ് ഒരു ആൺകുട്ടിയുടെ ചിത്രം കാണിക്കുകയും അതു പെൺകുട്ടിയുടെ കാമുകനാണെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ആംറിന്റെ ആത്മാവ് ഇയാളുടെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു ലൈംഗിക പീഡനം. പല തവണ ഗർഭം ധരിച്ചിട്ടുണ്ടെന്നും മരുന്നുകൾ നൽകി മന്ത്രവാദി അതു അലസിപ്പിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോടു വെളിപ്പെടുത്തി. കുറ്റം തെളിയിക്കപ്പെട്ടാൽ മന്ത്രവാദിക്ക് 15 വർഷം തടവുശിക്ഷ ലഭിക്കും. 

മന്ത്രവാദിയുടെ മകൻ വിവാഹം കഴിച്ചിരിക്കുന്നതു യുവതിയുടെ സഹോദരിയെയായതിനാൽ അവർക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ഗ്രാമത്തിൽ വളരെ ബഹുമാന്യനായ വ്യക്തിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇയാൾ മറ്റു പെൺകുട്ടികളെയും ഇരയാക്കിയിട്ടുണ്ടാവുമെന്നും ഭയം മൂലം അവർ പുറത്തുപറയാത്തതാവുമെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന ദേശീയ കമ്മിഷൻ അധ്യക്ഷ മഗ്ദലന സിറ്റൊറോസ് സംശയം പ്രകടിപ്പിച്ചു. 

related stories