Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിക്ഷാടനം ക്രിമിനൽ കുറ്റമല്ല, മാഫിയയെ തടയണം: ഡൽഹി ഹൈക്കോടതി

begging പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി ∙ ഭിക്ഷാടനം നടത്തുന്നതു ക്രിമിനൽ കുറ്റമല്ലെന്നു ഡൽഹി ഹൈക്കോടതി. ഭിക്ഷാടനം ക്രിമിനൽ കുറ്റമായി കാണുന്നതു ശരിയല്ലെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും ഇതു നീക്കം ചെയ്യപ്പെടേണ്ടതാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. മാഫിയ സംഘങ്ങൾ പാവങ്ങളെ ഭീഷണിപ്പെടുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങൾ തടയാൻ ആവശ്യമായ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

ഭിക്ഷാടനം ക്രിമിനൽ കുറ്റമല്ലാതാക്കണമെന്നും ഭിക്ഷാടകരുടെ മനുഷ്യാവകാശവും മൗലികാവകാശങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹർഷ് മന്ദർ, കർണിക സാഹ്നി എന്നിവർ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഭിക്ഷാടകരെ പാർപ്പിക്കുന്ന മന്ദിരങ്ങളിൽ ആവശ്യത്തിനു ഭക്ഷണവും മരുന്നുകളും ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നിലവിൽ ഭിക്ഷാടനം തടയുന്നതു സംബന്ധിച്ച് കേന്ദ്ര നിയമങ്ങളൊന്നും നിലവിലില്ലാത്തതിനാൽ 1959ലെ ബോബെ പ്രിവൻഷൻ ഓഫ് ബെഗിങ് ആക്ടാണ് ഡൽഹി ഉൾപ്പെടെ പല സംസ്ഥാനങ്ങളും പിന്തുടരുന്നത്. ഭിക്ഷാടനം നടത്തിയതിനു പിടിക്കപ്പെട്ടാൽ ആദ്യം മൂന്നുവർഷവും കുറ്റം ആവർത്തിച്ചാൽ പത്തുവർഷവുമാണ് ആക്ട് പ്രകാരം തടവുശിക്ഷ ലഭിക്കുക. കഴിഞ്ഞ മേയ് 16നു കേസ് പരിഗണിക്കവേ, പാവപ്പെട്ടവർക്കു തൊഴിലും ഭക്ഷണവും ഉറപ്പാക്കാൻ സർക്കാരിനു സാധിക്കാത്ത സ്ഥിതിക്കു ഭിക്ഷാടനം എങ്ങനെ ക്രിമിനൽ കുറ്റമായി കണക്കാക്കാൻ കഴിയുമെന്നു കോടതി ചോദിച്ചിരുന്നു.