Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്ട്രോണിക് സിഗരറ്റ് നിരോധിക്കാൻ ഡൽഹി സർക്കാർ; നിരോധനം പരിഗണനയിലെന്ന് കേന്ദ്രവും

electronic cigeratte പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി ∙ സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗരറ്റ് (ഇ–സിഗരറ്റ്) നിരോധിക്കുന്നതിനുള്ള നടപടിയുമായി സംസ്ഥാന സർക്കാർ. ഉൽപാദനം, വിൽപന, വിതരണം എന്നിവ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇ– സിഗരറ്റ്, നിക്കോട്ടിൻ ഉൾപ്പെടുന്ന ഇ–ലിക്വിഡ് എന്നിവയുടെ ഉൽപാദനം ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് ആക്ടിന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇ–സിഗരറ്റിന്റെ വിൽപന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണു സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.

വളരെ ചുരുക്കം രീതിയിലുള്ള നിക്കോട്ടിൻ ഉപയോഗം മാത്രമാണു ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് ആക്ട് അനുസരിച്ച് അനുവദിച്ചിട്ടുള്ളത്. ഇലക്ട്രോണിക്, വേപ്പർ, ഇലക്ട്രോണിക് നിക്കോട്ടിൻ ഡെലിവറി സിസ്റ്റം (എൻഡ്സ്), ഇ–സിഗരറ്റ്, ഇ–ലിക്വിഡ് എന്നിവ ഇതിൽ  ഉൾപ്പെടില്ലെന്നും  അധികൃതർ കോടതിയിൽ വ്യക്തമാക്കി. അതിനാൽ ഇ–സിഗരറ്റിന്റെ നിർമാണം, ഉപയോഗം എന്നിവ ഘട്ടംഘട്ടമായി നിരോധിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ ആക്ടിങ് ചീഫ് ജസ്റ്റിസ് ഗിത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. വിഷയം 21നു വീണ്ടും പരിഗണിക്കും.

ഇ–സിഗരറ്റ് ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കൾ മറ്റു നിക്കോട്ടിൻ ഉൽപന്നങ്ങൾ ക്രമേണ ഉപയോഗിക്കുന്നുവെന്നാണു കണ്ടെത്തൽ. അതിനാൽ ഇ–സിഗരറ്റ് ഉൾപ്പെടെയുള്ളവ നിരോധിക്കുന്നതു പരിഗണനയിലാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കഞ്ചാവ് അടക്കം ലഹരിവസ്തുക്കൾ വലിക്കാൻ ഇ-സിഗരറ്റ് ഉപയോഗിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിൽ ഇ-സിഗരറ്റ് ഉപയോഗം ക്രമേണ പുകയില ഉൽപന്നങ്ങളുടെയും ലഹരിമരുന്നുകളുടെയും ഉപയോഗത്തിലേക്ക് എത്തിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇ–സിഗരറ്റ് അർബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നുവെന്ന പഠനറിപ്പോർട്ടുകളെ തുടർന്നു കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇവ നിരോധിച്ചിരുന്നു.

എന്താണ് ഇ–സിഗരറ്റ്?

∙ ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണം. കാഴ്ചയിൽ യഥാർഥ സിഗരറ്റ് പോലെ തോന്നും. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും ചേർത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണു ഇ-സിഗരറ്റിലുള്ളത്. ഇത് ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്കു വലിക്കുന്നത്. 

∙ മൂവായിരത്തിനും 30,000നും ഇടയിലാണ് ഇ–സിഗരറ്റിന്റെ വില. നിക്കോട്ടിൻ നിറയ്ക്കാൻ 700 മുതൽ ആയിരം രൂപവരെ മുടക്കണം. നിക്കോട്ടിൻ ട്യൂബ്, അതിന്റെ രുചി എന്നിവ അനുസരിച്ചാണു വില വ്യത്യാസം.

∙ കർണാടക, കേരളം, മിസോറം, മഹാരാഷ്ട്ര, ജമ്മു ആൻഡ് കശ്മീർ, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിരോധനമുണ്ട്.