Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു; നെടുമ്പാശേരിയിൽ ലാൻഡിങ് പുനഃരാരംഭിച്ചു

nedumbassery-airport-CIAL നെടുമ്പാശേരി വിമാനത്താവളം (ചിത്രം: സിയാൽ വെബ്സൈറ്റ്)

കൊച്ചി∙ ഇടുക്കി–ചെറുതോണി അണക്കെട്ടിന്റെ ട്രയൽ റൺ ആരംഭിച്ച സാഹചര്യത്തിൽ ജാഗ്രതാ നടപടിയെന്ന നിലയിൽ നിർത്തിവച്ച നെടുമ്പാശേരി വിമാനത്താവളം പ്രവർത്തനം പുനഃരാരംഭിച്ചു. ഉച്ചകഴിഞ്ഞ് 1.10 മുതൽ വിമാനം ഇറങ്ങുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം 3.05നാണ് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നീക്കിയത്. വിമാനത്താവളത്തിലെ ഇന്റർനാഷനൽ ടെർമിനലിൽ എമർജൻസി കണ്‍ട്രോൾ റൂമും തുറന്നിട്ടുണ്ട്. ഫോൺ: 0484 3053500

ട്രയൽ റൺ ആരംഭിച്ചതോടെ അണക്കെട്ടിൽ നിന്നൊഴുകുന്ന വെള്ളം വിമാനത്താവളത്തോടു ചേർന്നൊഴുകുന്ന പെരിയാറിലൂടെയാണ് കടലിലേക്കെത്തുക. ഈ സാഹചര്യത്തിൽ വിമാനത്താവളത്തോടു ചേർന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാഹചര്യം കണക്കിലെടുത്താണ് ലാൻഡിങ് നിർത്തിയതെന്നു വിമാനത്താവള അധികൃതർ അറിയിച്ചു. അപകടഭീഷണി ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നതെന്നു സിയാൽ വ്യക്തമാക്കി.

ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റർ ഉയർത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനെ തുടർന്നാണു ഷട്ടറുകൾ തുറന്ന് ട്രയൽ റൺ നടത്താൻ സർക്കാർ തീരുമാനിച്ചത്. 1992നുശേഷം ഇതാദ്യമായാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്.