Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനു നേരെ ‘കൈത്തോക്ക്’ ചൂണ്ടി അലൻസിയർ; ചിരിയോടെ പിണറായി

mohanlal-alencier മോഹൻലാലിനു നേരെ ‘തോക്ക്’ ചൂണ്ടുന്ന അലൻസിയർ.

തിരുവനന്തപുരം∙ മലയാള സിനിമയെ ഞെട്ടിച്ചു കളഞ്ഞു, അമ്മ അധ്യക്ഷന് മോഹൻലാലിനു നേരെയുള്ള നടൻ അലൻസിയറുടെ തോക്കുപ്രയോഗം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ സംഭവിച്ചതിങ്ങനെ: എല്ലാം അപ്രതീക്ഷിതമായിരുന്നു. എന്താണു നടക്കുന്നതെന്നു പോലും ആർക്കും പെട്ടന്നു മനസിലായില്ല. മുപ്പതു സെക്കൻഡിനകം ആ ‘വെടിയുതിർക്കൽ’ അവസാനിച്ചു. അല്ലെങ്കിലും രണ്ടു വെടി വയ്ക്കാൻ ഏറെനേരം വേണ്ടല്ലോ !

മലയാള ചലച്ചിത്രമേഖലയിലെ തന്റെ സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് താൻ ജനിച്ചു വളർന്ന തിരുവനന്തപുരം നഗരത്തിൽ നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ആരുടേയും അനുവാദം ആവശ്യമില്ലെന്ന തകർപ്പൻ ഡയലോഗുകളോടെയുള്ള മോഹൻലാലിന്റെ പ്രസംഗം മുന്നേറുന്നു. ഈ സമയം അധികമാരുടേയും ശ്രദ്ധയിൽപ്പെടാതെ അലൻസിയർ മോഹൻലാൽ പ്രസംഗിക്കുന്നതിനു താഴെയെത്തി. പ്രസംഗപീഠത്തിനു താഴെനിന്ന് ആദ്യം വലതുകൈ നീട്ടി ഉന്നംപിടിച്ചു. ഉന്നം ശരിയായില്ലെന്നു കണ്ട് ഒരു വട്ടം കൂടി ഉന്നമെടുത്തു. പിന്നെ നടുവിരലും ചൂണ്ടുവിരലും ചേർത്തുപിടിച്ചു തോക്കിൻകുഴലാക്കി. തള്ളവിരൽ കൊണ്ടു ട്രിഗർ ഞെരിച്ചു. രണ്ടു വെടി. പക്ഷേ ലാൽ വീണില്ല. അലൻസിയറുടെ മുഖത്ത് നേർത്ത വിഷാദച്ചിരി.

അടുത്ത നിമിഷം പടിക്കെട്ടുകയറി സ്റ്റേജിലേക്കു കയറാൻ ശമിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും വേദിയിലുണ്ടായിരുന്ന ഏതാനും പൊലീസുകാരും ചേർന്ന് ശ്രമം തടഞ്ഞു. ഉന്തിത്തള്ളി വേദിക്കു പിന്നിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ലാൽ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. ആരാധകരുടെ കരഘോഷത്തിനും ആർപ്പുവിളികൾക്കുമിടയിൽ  അദ്ദേഹം ഇരിപ്പിടത്തിലേക്കു മടങ്ങി. അലൻസിയർ കൈ ചൂണ്ടി വെടിവയ്ക്കുന്നതും വേദിയിലേക്കു കയറാൻ ശ്രമിക്കുന്നതുമെല്ലാം മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിന്റെ അലോസരം ലാലിന്റെ മുഖത്തു മിന്നി മായുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, കെ.മുരളീധരൻ എംഎൽഎ, ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ തുടങ്ങിയ വിശിഷ്ടാതിഥികളൊക്കെ വേദിയിലിരുന്നു അലൻസിയറുടെ പ്രകടനം കണ്ടു. അപകടം മണത്ത മുഖ്യമന്ത്രി ചടങ്ങ് അലങ്കോലപ്പെടാതിരിക്കാനും  അലൻ‍സിയറുടെ പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കാനും നന്നായൊന്നു ചിരിച്ചു. ആ ചിരി വേദിയിലെ മറ്റുള്ളവരും ഏറ്റുപിടിച്ചു.

സദസിന്റെ മുൻനിരയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, കെ.ടി.ജലീൽ, പി.കെ.ശൈലജ, ഒ.രാജഗോപാൽ എംഎൽഎ, അടൂർ ഗോപാലകൃഷ്ണൻ, ചലച്ചിത്ര സാമൂഹ്യമേഖലയിൽ നിന്നുള്ള മറ്റു പ്രമുഖർ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. കുറച്ചുസമയത്തിനു ശേഷം മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാനായി വേദിയിലെത്തിപ്പോൾ മുഖ്യമന്ത്രി അലൻസിയറോട് തോക്കുപ്രയോഗത്തെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. മറുപടി പറയാതെ ചിരിച്ചുകൊണ്ടായിരുന്നു അലൻസിയറുടെ നിൽപ്പ്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.