Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ വൈദ്യുതി ബോർഡിന് നൽകും 750 കോടി; അതിവർഷം ബോർഡിന്റെ കമ്മി നികത്തിയേക്കും

electric-post

കോട്ടയം∙ കനത്ത മഴയിൽ അണക്കെട്ടുകൾ നിറഞ്ഞതുമൂലം കേരളത്തിനു സമ്മാനം 750 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതി. പ്രതിവർഷം 12,000 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതി ഇടപാടാണു വൈദ്യുതി ബോർഡ് നടത്തുന്നത്. ഇതിൽ 750 കോടി രൂപയുടെ ലാഭം ഈ മഴ മൂലം ലഭിക്കും.

12800 കോടി രൂപ ചെലവഴിച്ച ബോർഡിനു കഴിഞ്ഞ വർഷം 800 കോടിയോളം കമ്മിയായി. അതിവർഷം ലഭിച്ചതോടെ ഇക്കുറി ബോർഡിന്റെ കമ്മി നികത്തപ്പെട്ടേക്കും. യൂണിറ്റിനു ശരാശരി അഞ്ചു രൂപയാണു സംസ്ഥാനത്തു വൈദ്യുതി വിൽക്കുന്നതിലൂടെ ബോർഡിനു ലഭിക്കുന്നത്. 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം അതിവർഷത്തിൽ ലഭിച്ചു.

ഇതേ നിരക്കിൽ 12,000 കോടി രൂപയുടെ വൈദ്യുതിയാണ് ബോർഡ് വിൽക്കുന്നത്. എന്നാൽ, ഈ മഴമൂലം ഉൽപാദിപ്പിക്കാവുന്ന അധിക വൈദ്യുതി ആകെയുള്ള കേരളത്തിന്റെ ഉപയോഗത്തിന്റെ ആറു ശതമാനം മാത്രം. നല്ല മഴ ലഭിച്ചാലും വെള്ളം സംഭരിച്ചു വൈദ്യുതിയാക്കാനുള്ള വൈദ്യുതനിലയങ്ങൾ കേരളത്തിനില്ല. ഇടുക്കിയും ശബരിഗിരിയും ഒഴിച്ചാൽ ബാക്കിയുള്ള 22 അണക്കെട്ടുകളിലും ചെറിയ തോതിലുള്ള  ഉൽപാദനമാണു നടക്കുന്നത്.

ഒരു വർഷത്തേക്കു കേരളത്തിന് ആവശ്യം 25,000 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതിൽ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിൽനിന്നു ലഭിക്കുന്നത് 6000 ദശലക്ഷം യൂണിറ്റ് മാത്രം. അതേസമയം, മഴമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ദിവസം ശരാശരി 65 ദശലക്ഷം യൂണിറ്റായി താഴ്ന്നു. വേനൽക്കാലത്തു ദിവസം ഇതു ശരാശരി 80 ദശലക്ഷം യൂണിറ്റാണ്.

related stories