Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിസഭ വികസിപ്പിക്കും; ഇ.പി. ജയരാജന്‍ ഉൾപ്പെടെ 20 അംഗങ്ങളെന്ന് കോടിയേരി

kodiyeri-pinarayi-jayarajan കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്ന മുന്‍ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് സിപിഎം സംസ്ഥാന സമിതി. രണ്ടു മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശവും സമിതി മുന്നോട്ടുവച്ചു. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം മുഖ്യമന്ത്രി ഇതു സംബന്ധിച്ചു ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജയരാജൻ ഉൾപ്പെടെ 20 അംഗങ്ങൾ മന്ത്രിസഭയിലുണ്ടാകുമെന്നാണ് കോടിയേരി അറിയിച്ചത്.

മുന്‍പു കൈവശമുണ്ടായിരുന്ന വ്യവസായം, കായികം വകുപ്പുകള്‍ ജയരാജനു നല്‍കാനാണു സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വ്യവസായ മന്ത്രി എ.സി. മൊയ്തീനു തദ്ദേശ സ്വയംഭരണ വകുപ്പും ഗ്രാമവികസനവും നല്‍കും. തദ്ദേശമന്ത്രി കെ.ടി. ജലീലിന് ഉന്നതവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പുകള്‍ നല്‍കും. ഉന്നതവിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ളതിനാലാണു െക.ടി.ജലീലിനു വകുപ്പ് നല്‍കാന്‍ തീരുമാനിച്ചതെന്നു കോടിയേരി പറഞ്ഞു. വകുപ്പു മാറ്റം സംബന്ധിച്ചോ, ജയരാജനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ചോ സിപിഐയുമായി ഒരു തര്‍ക്കവും ഇല്ലെന്നു ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. സിപിഎമ്മും സിപിഐയും മറ്റു ഘടകകക്ഷികളും ചര്‍ച്ച ചെയ്താണ് എല്ലാ തീരുമാനവും എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

∙ ജയരാജന്‍ മടങ്ങിവരുന്നു

ബന്ധുനിയമന വിവാദക്കൊടുങ്കാറ്റിനൊടുവിൽ 2016 ഒക്ടോബര്‍ 14നാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ പുറത്താകുന്നത്. മന്ത്രിയായി 142ാം ദിവസമായിരുന്നു ജയരാജന്റെ രാജി. ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മാനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണു വിവാദങ്ങൾക്കു തുടക്കമിട്ടത്. താൻ അറിയാതെയുള്ള നിയമനങ്ങളിൽ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയൻ, ജയരാജനെയും ശ്രീമതിയെയും കണ്ണൂർ ഗെസ്റ്റ് ഹൗസിൽ വിളിച്ചു ശാസിച്ചതോടെ വിവാദം മറ്റൊരു തലത്തിലെത്തി. വകുപ്പുമാറ്റത്തിൽ വിവാദം തണുപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും ശക്തമായ നടപടി വേണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിലപാടും നിർണായകമായി.

ഘടകകക്ഷികളായ സിപിഐയും എൻസിപിയും ജെഡിഎസും ജയരാജനെതിരായ നിലപാടെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി നേതാക്കളായ വി.മുരളീധരന്റെയും കെ.സുരേന്ദ്രന്റെയും പരാതികൾ വിജിലൻസിനു മുന്നിലെത്തുകയും ഇതിൽ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെ രാജി അനിവാര്യമാകുകയായിരുന്നു.

എന്നാൽ ഇ.പി. ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിൽക്കില്ലെന്നു സർക്കാർ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 26നു ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നാണു വിശദീകരണം. വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണു ജയരാജന്റെ തിരിച്ചുവരവിനു കളമൊരുങ്ങിയത്.