Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷയം ജയരാജൻ മാത്രമല്ല; മന്ത്രിസഭയുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ: എസ്ആർപി

സുജിത് നായർ
srp-cpm എസ്. രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം ∙ സിപിഎം കേരളനേതൃത്വത്തിന്റെ പൊളിറ്റ്ബ്യൂറോയിലെ പ്രിയങ്കരനായ പ്രതിനിധിയാണു എസ്. രാമചന്ദ്രൻപിള്ള. ഇ.പി ജയരാജന്റെ മന്ത്രിസഭാപുനപ്രവേശചർച്ചകൾ ഇന്നു സിപിഎം നടക്കുമ്പോൾ അതിനു വഴികാട്ടാനായി കേരളത്തിലെത്തിയിട്ടുള്ള എസ്ആർപി സംസാരിക്കുന്നു.

? രണ്ടുവർഷമായി മന്ത്രിസഭാപുനപ്രവേശം കാത്തിരിക്കുന്ന ഇ.പി ജയരാജനായി വാതിലുകൾ തുറക്കുകയല്ലേ

സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനകമ്മിറ്റിയും ഇന്ന്  ഇക്കാര്യം ചർച്ച ചെയ്യാനായി ചേരുകയാണല്ലോ. മന്ത്രിസഭയെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇവിടെയുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങൾ അഭിപ്രായം അറിയിക്കും. അതു പരസ്യമായി പ്രകടിപ്പിക്കാൻ കഴിയില്ല.

? ഏതാനും ദിവസം മുമ്പു ചേർന്നിരുന്ന പിബി ഇക്കാര്യത്തിൽ എന്തെങ്കിലും നിർദ്ദേശം തയാറാക്കിയിട്ടുണ്ടോ

പിബിയും കേന്ദ്രകമ്മിറ്റിയും ആലോചിക്കേണ്ട വിഷയം ഇക്കാര്യത്തിലില്ല. സംസ്ഥാനനിലവാരത്തിൽ ചർച്ച ചെയ്തു തീരുമാനിക്കാവുന്ന കാര്യമാണ്. പിബി അംഗങ്ങളായ കേരളീയരുടെ ഇടയിൽ മന്ത്രിസഭ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ച് ഒരു ചർച്ച നടന്നിട്ടുണ്ടാകും. അതിനപ്പുറം ആരെ ഉൾപ്പെടുത്തണം, ആരെ വേണ്ട എന്നത് ഇനിയും ചർച്ച ചെയ്യാനിരിക്കുന്ന കാര്യമാണ്.

? മന്ത്രിസഭയുടെ എണ്ണം കൂട്ടേണ്ടിവരില്ലേ? അത് ആദ്യമെടുത്ത 19 അംഗ മന്ത്രിസഭയെന്ന തീരുമാനത്തെ പിന്നോട്ടുവലിക്കുന്നതാകില്ലേ? സിപിഐയ്ക്കും അവകാശവാദങ്ങളുണ്ടെന്നാണു റിപ്പോർട്ട്. 

ഇതെല്ലാം എൽഡിഎഫിലെ ചർച്ചയെ ആശ്രയിച്ചിരിക്കുന്നു. എൽഡിഎഫിന്റെ സമ്മതമില്ലാതെ ഒന്നും നടക്കില്ല. അവകാശവാദം എല്ലാ ഘടകകക്ഷികൾക്കും ഉന്നയിക്കാമല്ലോ. സാഹചര്യങ്ങൾക്കനുസരിച്ചു പ്രായോഗികമായി തീരുമാനം മുന്നണിയെടുക്കും. 

? ജയരാജനു നീതി വൈകിപ്പോയോ? 

ഇതിലൊന്നും നീതിയുടെയോ നീതിരാഹിത്യത്തിന്റെയോ പ്രശ്നങ്ങളില്ല. പാർട്ടി അങ്ങനെ ഒരു തീരുമാനമെടുത്തു. അതിനുശേഷം ഒരു പാർട്ടി കോൺഗ്രസ് കഴിഞ്ഞു. ജയരാജൻ പാർട്ടി പ്രവർത്തനങ്ങൾ നന്നായി നിർവഹിക്കുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ വിഷയം മാത്രമല്ല. മൊത്തത്തിൽ മന്ത്രിസഭയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയാണു  ലക്ഷ്യം. അതുമായി ബന്ധപ്പെട്ട് ഇക്കാര്യവുമുണ്ടെന്നതു നിഷേധിച്ചിട്ടു കാര്യമില്ല. 

? മന്ത്രിസഭ ശക്തിപ്പെടണമെന്ന ആവർത്തിച്ചുള്ള അഭിപ്രായത്തിന്റെ അർഥം മന്ത്രിസഭയ്ക്കു കാര്യമായ ദൗർബല്യങ്ങളുണ്ടന്നാണോ? 

കൂടുതൽ ശക്തിപ്പെടുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലല്ലോ. അധികം അധികസ്യ ബലം എന്നാണ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന മന്ത്രിസഭയെന്നു തന്നെയാണു ഞങ്ങൾ വിലയിരുത്തിയിട്ടുള്ളത്. എങ്ങനെയാണ് ഇക്കാര്യത്തിലെ ചർച്ച പുരോഗമിക്കുകയന്നതും  തീരുമാനങ്ങളെങ്ങനെയാകുമെന്നും എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. 

? മുഖ്യമന്ത്രി അമേരിക്കയ്ക്കു പോകുന്ന സാഹചര്യത്തിൽ ആ ചുമതല മറ്റാർക്കെങ്കിലും കൈമാറുന്ന തീരുമാനവും ഇതുമായി ബന്ധപ്പെട്ടുണ്ടാകുമോ

ആ വിഷയം എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പകരം സംവിധാനം വേണമെങ്കിൽ അതൊന്നും തീരുമാനിക്കാൻ ഒരു പ്രയാസവും പാർട്ടിക്കുണ്ടാകില്ല. 

? ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് അധികഭാരമാണോ

ഒട്ടുമില്ല. ഞാൻ മനസിലാക്കുന്ന വിജയന് ഇനിയും കുറേകൂട്ടി ജോലി കൊടുത്താലും ചെയ്യാൻ കഴിയും. അതിനുള്ള ത്രാണി അദ്ദേഹത്തിനുണ്ട്. യുവജനഫെഡറേഷന്റെ കാലം മുതൽ ഞങ്ങളൊരുമിച്ചു പ്രവർത്തിക്കുന്നവരാണല്ലോ. ആഭ്യന്തരവകുപ്പ് നന്നായി പ്രവർത്തിക്കുന്ന വകുപ്പായിട്ടാണു കൂട്ടായി വിലയിരുത്തിയിട്ടുള്ളത്. 

? പക്ഷെ മുഖ്യമന്ത്രിക്ക് ഞങ്ങൾ മാധ്യമങ്ങളോട് അകൽച്ചയുണ്ടോ? ആ വിമർശനം ശക്തമാണ്. 

നിങ്ങളൊക്കെ നിരന്തരം പരസ്പരം ബന്ധപ്പെടുന്നവരായാണു ഞാൻ മനസിലാക്കുന്നത്. നിങ്ങൾക്കു പറയാനുള്ള വിമർശനം നിങ്ങൾ പറയാറുണ്ട്. അദ്ദേഹത്തിനു പറയാനുള്ളത് ഒരു മുഖാവരണവുമില്ലാതെ നിങ്ങളോടും പറയാറുണ്ട്. നിങ്ങൾക്കിടയിൽ സൗഹൃദമുണ്ട്. അതു ശക്തിപ്പെട്ടുവരികയാണ്. അദ്ദേഹത്തിന്റെ മനസിൽ മാധ്യമങ്ങളോട് അസഹിഷ്ണുതയുമില്ല. കുറേനാൾ അദ്ദേഹത്തെ ഒരു പറ്റം മാധ്യമങ്ങൾ വേട്ടയാടിയിരുന്നുവെന്ന പ്രശ്നമുണ്ട്. അത് അദ്ദേഹത്തെ സ്വാധീനിക്കുന്നുവെന്നു ഞാൻ പക്ഷെ കാണുന്നില്ല.

? ആർ‍എസ്പി ഇടതുമുന്നണിയിലേക്കു തിരികെ വരുമോ?

ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ ഭാഗമാകേണ്ടിവരാണെന്നതുകൊണ്ടാണ് അവരെ തിരികെ വിളിച്ചത്. പക്ഷെ ആർഎസ്പിയുടെ പ്രതികരണം നിഷേധാത്മകമാണ്.  വൈകാതെ അവർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. 

? ലോക്സഭാതിരഞ്ഞെടുപ്പിൽ സീറ്റുകൾ കിട്ടാൻ വേണ്ടി കേരളത്തെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയിലല്ലേ സിപിഎം. 

കേരളമാണു ഞങ്ങൾക്ക് കരുത്തുള്ള പ്രദേശം. ബംഗാളിലും ത്രിപുരയിലും കടുത്ത തിരിച്ചടി നേരിടേണ്ടിവന്നു. കേരളത്തിൽ പരമാവധി വോട്ടും സീറ്റുമാണ് ലക്ഷ്യം. കഴിഞ്ഞതവണ ജയിക്കുമെന്നു കരുതിയശേഷം നഷ്ടപ്പെട്ട സീറ്റുകളടക്കം വിജയിക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി തുടങ്ങിവച്ചിരിക്കുന്നത്. തയാറെടുപ്പുകൾ കൂടുതൽ വേഗത്തിലാകണമെന്നാണ് ഞങ്ങൾ കരുതുന്നത്. കാരണം ലോക്സഭാ തിര‍ഞ്ഞെടുപ്പ് എപ്പോഴുണ്ടാകുമെന്നു പറയാൻ കഴിയില്ല. എന്തായാലും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാർഥി തിര‍ഞ്ഞെടുപ്പു കഴി‍ഞ്ഞുണ്ടാകുന്നതാണ് നല്ലത്. ഇപ്പോൾ ആ ചർച്ച നടക്കുന്നത് ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ തടസമാകുകയേയുള്ളൂ.