Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം: ഒപ്പം ചേരാനില്ലെന്ന് കേജ്‌രിവാൾ

Arvind-Kejriwal അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുന്ന ഐക്യത്തിനു നേരെ മുഖം തിരിച്ച് ആം ആദ്മി പാർട്ടി(എഎപി). പ്രതിപക്ഷ സഖ്യത്തിൽ ചേരാനില്ലെന്നു ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. പ്രതിപക്ഷ സഖ്യത്തിൽ ചേരുന്ന പാർട്ടികളുടെയൊന്നും ലക്ഷ്യം രാജ്യത്തിന്റെ വികസനമല്ലെന്നും അദ്ദേഹം പറഞ്ഞു. എഎപിയുടെ നേതൃത്വത്തിൽ ഹരിയാനയിൽ നടക്കുന്ന കൻവാർ യാത്രയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ൽ ഒരു സഖ്യവുമായും ചേരാനില്ല. ഹരിയാന നിയമസഭയിലും മറ്റു പൊതുതിരഞ്ഞെടുപ്പുകളിലും എല്ലാ സീറ്റുകളിലേക്കും എഎപി ഒറ്റയ്ക്കു മത്സരിക്കും. ഡൽഹിയിൽ ജന നന്മയ്ക്കായി പാർട്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും കേന്ദ്ര സർക്കാർ മുടക്കുകയാണ്. അതിനാലാണു പല വികസന പ്രവൃത്തികളും പാതിവഴിയിലായതെന്നും കേജ്‌രിവാൾ പറഞ്ഞു.

വിദ്യാഭ്യാസ – ആരോഗ്യ മേഖലയിൽ സർക്കാർ മികച്ച മുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നത്. വികസനം എപ്രകാരം നടപ്പാക്കാമെന്നത് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഡൽഹി സര്‍ക്കാരിനെ കണ്ടുപഠിക്കണമെന്നും കേജ്‌രിവാൾ പറഞ്ഞു.

ഹരിയാനയിലും ഡൽഹിയിലും ഏകദേശം ഒരേസമയമാണു സർക്കാർ അധികാരത്തിലെത്തിയത്. ജല, വൈദ്യുതി മേഖലയിലെ ഡൽഹി മാതൃക ലോകം മുഴുവൻ പ്രശംസിക്കുകയാണ്. എന്നാൽ ഹരിയാനയിൽ പലർക്കും അടിസ്ഥാന സൗകര്യങ്ങളോ കുടിവെള്ളമോ വൈദ്യുതിയോ ലഭിക്കുന്നില്ല. കേന്ദ്രത്തിന്റെ സഹായമില്ലാതെയാണു വിദ്യാഭ്യാസ മേഖലയിലെ ഉൾപ്പെടെ ഡൽഹി മുന്നേറ്റം. ഡൽഹിക്ക് ഇതെല്ലാം സാധിക്കുമെങ്കിൽ കേന്ദ്ര പിന്തുണയുള്ള ഹരിയാനയിലെ ബിജെപി സർക്കാരിന് എന്തുകൊണ്ടു സാധിക്കുന്നില്ല– കേജ്‌രിവാൾ ചോദിച്ചു.