Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ജനങ്ങളെ ‘സർ’ എന്നേ വിളിക്കൂ; അന്തസ്സുയർത്താൻ കേരള പൊലീസ്

police-sketch

തിരുവനന്തപുരം∙ ജനങ്ങളെ ഇനി ഞങ്ങൾ സർ, സുഹൃത്ത്, സഹോദരൻ എന്നിങ്ങനെ മാത്രമേ വിളിക്കൂ. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു. പെറ്റിക്കേസിൽ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തിൽ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ഉപേക്ഷിക്കും. ഇതിലൂടെ, കേരള പൊലീസിന്റെ അന്തസ്സുയർത്തി സമൂഹത്തിന്റെ വിശ്വാസവും അംഗീകാരവും നേടും– കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ് ഈ വരികൾ.

എഎസ്ഐ മുതൽ സർക്കിൾ ഇൻസ്പെക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണു സംഘടന. മികവിൽ കേരള പൊലീസ് മുന്നിലാണെങ്കിലും പെരുമാറ്റ രീതിയിൽ മാറ്റം വേണമെന്നും നീതി തേടി സ്റ്റേഷനിൽ എത്തുന്നവരോടു രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കരുതെന്നും പ്രമേയം ഓർമപ്പെടുത്തുന്നു.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ നാം ഇടപെടുന്നതു ശത്രുക്കളോടല്ല. ഇന്ത്യൻ പൗരൻമാരോടാണ്. അവരിൽ വ്യത്യസ്ത സ്വഭാവക്കാർ കാണും. എന്നാൽ, അവരോട് ഇടപഴകുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു സ്വഭാവമേ ഉണ്ടാകാൻ പാടുള്ളൂ. ചരിത്രത്തിന്റെ ഭാഗമായ തെറ്റായ ചില പ്രവണതകൾ ആരിലെങ്കിലും ശേഷിക്കുന്നുവെങ്കിൽ ഇറക്കിവയ്ക്കണം. മൂന്നാംമുറ പൂർണമായി ഉപേക്ഷിച്ചേ പറ്റൂ. – പ്രമേയത്തിൽ പറയുന്നു.

ഇനി ചുവക്കില്ല, വെള്ള നിറം മാത്രം

പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനങ്ങളിൽ ഇനി രക്തസാക്ഷി മണ്ഡപങ്ങൾക്കു വെള്ള നിറമായിരിക്കും. സംഘടനയുടെ പതാകയുടെ നിറമാണ് വെള്ള.

മുൻപ് ഈ നിറത്തിലാണ് ഇതു തയാറാക്കിയിരുന്നത്. കഴിഞ്ഞ സമ്മേളന കാലയളവിൽ പല ജില്ലകളിലും ഇതിനെ ചുവപ്പാക്കി ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളികളയുർത്തി. ചില ജില്ലകളിൽ വേറെ നിറവും ഉപയോഗിച്ചു. വിവാദമായതോടെ, സംസ്ഥാന സമ്മേളനത്തിൽ പതിനൊന്നാം മണിക്കൂറിൽ ഡിജിപിയുടെ നിർദേശപ്രകാരം നിറം മാറ്റി. ആ വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണു തീരുമാനം.

രക്തസാക്ഷി അനുസ്മരണം തുടരും.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.