Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്ര വേണമെങ്കിലും എതിർത്തോളൂ, എൻആർസിയിൽനിന്നു പിന്നോട്ടില്ല: അമിത് ഷാ

amit-shah ബംഗാളിൽ ബിജെപി യോഗത്തിൽ സംസാരിക്കുന്ന അമിത് ഷാ. ചിത്രം: എഎന്‍ഐ ട്വിറ്റർ

കൊല്‍‌ക്കത്ത∙ ദേശീയ പൗരത്വ റജിസ്റ്റർ (എൻആർസി) വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ചു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും എത്ര എതിർത്താലും പൗരത്വ റജിസ്റ്ററുമായി മുന്നോട്ടുപോകുമെന്ന് അമിത് ഷാ പറഞ്ഞു. കൊൽക്കത്തയിൽ ബിജെപിയുടെ പൊതുയോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. 

റജിസ്റ്റർ ഉണ്ടാക്കിയിരിക്കുന്നതു രാജ്യത്ത് അന്യായമായി കടന്നുകൂടിയവരെ പുറത്താക്കുന്നതിനാണ്. ബംഗ്ലദേശി കുടിയേറ്റക്കാരെ പുറത്താക്കണ്ടേ? ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പൗരത്വ റജിസ്റ്ററിനെ എതിർക്കുകയാണ്. വോട്ട് ബാങ്കിനെക്കാളും ബിജെപിക്കു പ്രധാനം രാജ്യമാണ്. നിങ്ങൾക്കു കഴിയുന്നത്രയും എതിർക്കുക പക്ഷേ ദേശീയ പൗരത്വ റജിസ്റ്റർ നടപടികളിൽനിന്ന് ഒരു പിന്നോട്ടുപോക്കില്ല. ഞങ്ങളെ ജനങ്ങള്‍ കാണാതിരിക്കാൻ ബംഗാളി ചാനലുകളുടെ സിഗ്നലുകൾ താഴ്ത്തുകയാണ്. ബിജെപിയുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിച്ചാലും ബംഗാളിലെ ഓരോ ജില്ലകളിലും കടന്നു ചെല്ലും. തൃണമൂലിനെ പുറത്താക്കും– അമിത് ഷാ പറഞ്ഞു.

നേരത്തേ ബംഗാളിലെ തെരുവുകളില്‍ എല്ലാ ദിവസവും രവീന്ദ്ര സംഗീതമായിരുന്നു കേട്ടിരുന്നത്. പക്ഷേ ഇപ്പോൾ സ്ഫോടന ശബ്ദമാണ് ഉണ്ടാകുന്നത്. ബംഗ്ലദേശി കുടിയേറ്റക്കാരെ എന്തിനാണു പിന്തുണയ്ക്കുന്നതെന്നു മമതാ ബാനർജി വ്യക്തമാക്കണം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇക്കാര്യത്തിൽ തന്റെ നിലപാടു വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും കൊൽക്കത്തയിൽ അദ്ദേഹം വ്യക്തമാക്കി.