Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാന മിനിറ്റില്‍ സാങ്കേതിക തകരാർ; നാസയുടെ സൗരദൗത്യം മാറ്റി

solar-probe പാർക്കർ സോളർ പ്രോബ് വഹിക്കുന്ന ഡെൽറ്റ റോക്കറ്റ്. നാസ പുറത്തുവിട്ട ചിത്രം

കേപ് കാനവറൽ (ഫ്ലോറിഡ, യുഎസ്) ∙ അവസാന മിനിറ്റിലുണ്ടായ സാങ്കേതിക തകരാർ കാരണം നാസയുടെ പാർക്കര്‍ സോളർ പ്രോബ് വിക്ഷേപണം നീട്ടിവച്ചു. അതിരാവിലെ തുടങ്ങിയ കൗണ്ട് ഡൗൺ വിക്ഷേപണത്തിനു ഒരു മിനിറ്റും 55 സെക്കന്റും ബാക്കിയുള്ളപ്പോഴാണു തടസ്സപ്പെട്ടത്. തകരാർ പെട്ടെന്നു പരിഹരിച്ചു ഞായറാഴ്ച വീണ്ടും ശ്രമം തുടരുമെന്നു റോക്കറ്റ് നിർമാതാക്കളായ യുണൈറ്റഡ് ലോഞ്ച് അലയൻസ് അറിയിച്ചു. ഹീലിയം പ്രഷർ‌ സംബന്ധമായ പ്രശ്നങ്ങൾ കാരണമാണു വിക്ഷേപണം തടസ്സപ്പെട്ടത്.

നേരത്തേ ജൂലൈ 31ന് ആയിരുന്നു വിക്ഷേപണ തീയതി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് കൂടുതൽ പരിശോധനകള്‍ക്കായി നീട്ടിവയ്ക്കുകയായിരുന്നു. മനുഷ്യരാശിയുടെ ആദ്യ സൗരദൗത്യമാണു പാര്‍ക്കർ സോളർ പ്രോബ്. വിക്ഷേപണത്തിനുശേഷം സൂര്യന്റെ കൊറോണയിലായിരിക്കും പേടകം ഭ്രമണം ചെയ്യുക. ഇതോ‍ടെ സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന ആദ്യ മനുഷ്യനിർമിത വസ്തുവെന്ന നേട്ടവും സോളർ പ്രോബിനു സ്വന്തമാകും. ഏഴു വർഷം നീളുന്ന പദ്ധതിക്കൊടുവിൽ നക്ഷത്രങ്ങളെക്കുറിച്ചു നിലനിൽക്കുന്ന ഒട്ടേറെ സംശയങ്ങൾക്ക് ഉത്തരം ലഭിക്കുമെന്നാണു നാസയുടെ പ്രതീക്ഷ.