Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് പൂർണ പിന്തുണയും സാമ്പത്തിക സഹായവും അഭ്യർഥിച്ച് മോദിക്ക് രാഹുലിന്റെ കത്ത്

Narendra Modi, Rahul Gandhi

ന്യൂഡൽഹി∙ വെള്ളപ്പൊക്ക ദുരിതത്തിൽ വലയുന്ന കേരളത്തിന് എല്ലാ സഹായവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ കേരളത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തത്തിൽ ഒട്ടേറെ ആള്‍ക്കാർ മരിച്ചതായും വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മലയോര, തീരദേശ ജില്ലകളായ ഇടുക്കി, വയനാട്, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണു കാര്യമായ നാശനഷ്ടമുണ്ടായതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരള സർക്കാരിനു കേന്ദ്രസർക്കാർ നിർലോഭമായ സഹകരണം ഉറപ്പാക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ അഭ്യർഥിച്ചു.

രാഹുൽ ഗാന്ധിയുടെ കത്തിന്റെ പൂർണരൂപം:

പ്രിയപ്പെട്ട പ്രധാനമന്ത്രി,

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും വലിയ തോതിലുള്ള മണ്ണിടിച്ചിലുമെല്ലാം കേരളത്തിൽ കനത്ത നാശനഷ്ടമാണു വരുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തമായ ഈ പ്രകൃതി ക്ഷോഭത്തിൽ ഒട്ടേറെപ്പേർക്കു ജീവൻ നഷ്ടമായി, വലിയ തോതിലുള്ള സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ പ്രകൃതി ക്ഷോഭങ്ങളിൽ മാത്രം 150 പേർക്കാണു ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിൽ മാത്രം 25 പേരാണു മരിച്ചത്. സംസ്ഥാനത്തെ മലയോര, തീരദേശ ജില്ലകളായ ഇടുക്കി, വയനാട്, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണു കാര്യമായ നാശനഷ്ടമുണ്ടായത്.

കനത്ത മഴയെത്തുടർന്നു സംസ്ഥാനത്തെ 24 അണക്കെട്ടുകളാണു തുറന്നുവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീതിയിലാണ്. സംസ്ഥാനത്തെ മൽസ്യബന്ധന മേഖലയെയും പ്രകൃതിക്ഷോഭം കാര്യമായി ബാധിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റ് തീർത്ത ദുരിതത്തിൽനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തിലെ മൽസ്യബന്ധന മേഖലയ്ക്ക്, ഇപ്പോഴത്തെ പ്രകൃതിക്ഷോഭം താങ്ങാവുന്നതിലും അധികമാണ്. ആയിരക്കണക്കിനു ഹെക്ടർ കൃഷിഭൂമിയാണു വെള്ളത്തിനടിയിലായത്.

അടിയന്തര പൊതു ഉപയോഗ സംവിധാനങ്ങളായ റോഡുകളും വൈദ്യുതി സംവിധാനങ്ങളും തകർന്നതു പുനരധിവാസ നടപടികൾ അനന്തമായി നീളുന്നതിനു കാരണമാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കേരളം നേരിടുന്ന വലിയ പ്രതിസന്ധി കേന്ദ്രസർക്കാർ അംഗീകരിച്ചേ മതിയാകൂ.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ നടപടികളിലും പുനരധിവാസ പ്രവർത്തനങ്ങളിലും കേന്ദ്രസർക്കാരിന്റെ നിർലോഭ സഹകരണമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. പ്രതിസന്ധിയോടു കാര്യക്ഷമമായും ക്രിയാത്മകമായും പ്രതികരിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും കേരളത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. 

വിശ്വസ്തതയോടെ,

രാഹുൽ ഗാന്ധി

related stories