Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 ലക്ഷം സംഭാവന ചെയ്ത് കമൽഹാസൻ; ഇടമലയാറിൽ ഒരു ഷട്ടർ കൂടി തുറന്നു

Idamalayar Dam ഇടമലയാർ ഡാം.

തിരുവനന്തപുരം∙ പ്രകൃതി ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപയും സർക്കാർ നല്‍കും. ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചെന്നും ക്യാംപുകള്‍ സംതൃപ്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലയിടത്തും സര്‍ക്കാര്‍ സഹായമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. കൊച്ചിയിലെ കുന്നുകരയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ മുഖ്യമന്ത്രി ആരോടും സംസാരിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നു. കാലവർഷക്കെടുതി വിലയിരുത്തുന്നതിന്റെ ഭാഗമായാണു മുഖ്യമന്ത്രി, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി തുടങ്ങിയവരുടെ സംഘം ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചത്. ഇതിനിടെ, നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. കനത്ത മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് രാത്രി 11 മണിക്ക് 168.96 മീറ്ററായി.

പ്രകൃതിദുരന്തം അനുഭവിക്കുന്ന കേരളത്തിനു സംഭാവനയുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കമൽ സംഭാവന നൽകി. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കി. തമിഴ്‌ താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന്‌ 25 ലക്ഷം രൂപ കൈമാറുമെന്ന്‌ അറിയിച്ചിരുന്നു. ‌സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്തു മരണം 30 ആയി. നാലുപേരെ കാണാതായി. വയനാട്, ഇടുക്കി ജില്ലകളിൽ ഈമാസം 14 വരെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 13 വരെയും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ 12 വരെയുമാണ് റെഡ് അലർട്ട്. മഴക്കെടുതിയെക്കുറിച്ചുള്ള തൽസമയ വിവരങ്ങളും ചിത്രങ്ങളും ‘ലൈവ് അപ്ഡേറ്റ്സിൽ’ അറിയാം.

LIVE UPDATES
SHOW MORE
related stories