Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്ത് ജലവിമാന സർവീസുകൾക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

pm-modi-seaplane ജലവിമാനത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്രമോദി (ഫയൽ ചിത്രം).

ന്യൂഡൽഹി∙ ഇന്ത്യയിൽ സ്ഥിരം ജലവിമാന സർവീസുകൾ തുടങ്ങാൻ കേന്ദ്ര സര്‍ക്കാർ അനുമതി. വിവിധ സംസ്ഥാനങ്ങൾക്കു ജലവിമാനത്താവളം (എയറോഡ്രോം) നിർമിക്കാൻ തത്വത്തിൽ അനുമതി നൽകുകയാണെന്നു വ്യോമയാന മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. വിനോദ സഞ്ചാരത്തിനും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനും ഇതുപകരിക്കും. തുടക്കത്തില്‍ ഒഡിഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലായിരിക്കും ജലവിമാനങ്ങൾ വരികയെന്നും സുരേഷ് പ്രഭു അറിയിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒഡിഷയിലെ ചിൽക്ക തടാകം, ഗുജറാത്തിലെ സർദാർ സരോവർ ഡാം, സബർമതി നദി എന്നിവിടങ്ങളിൽ ജലവിമാന സര്‍വീസുകൾ അവതരിപ്പിക്കും. ജലവിമാനങ്ങളുടെ ലൈസൻസ് നേടുന്നതിനുള്ള ഉപാധികൾ ഡിജിസിഎയും പുറത്തിറക്കി. നേരത്തേ അഹമ്മദാബാദിലെ സബർമതി നദി മുതൽ മെഹ്സാനയിലെ ദാബി ഡാം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജലവിമാനത്തിൽ സഞ്ചരിച്ചിരുന്നതു വലിയ വാർത്തയായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ ഈ യാത്രയ്ക്കു ശേഷമാണ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനു ജലവിമാനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസർക്കാർ കൈകൊണ്ടത്.

വമ്പൻ കമ്പനികൾക്കു ജലവിമാനങ്ങൾ വാങ്ങാനുള്ള ആലോചനയുമുണ്ട്. രണ്ടു വർഷത്തിനകം ഇന്ത്യ 10,000 ജലവിമാനങ്ങൾ പ്രവർത്തിപ്പിക്കുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി പുതിയ ഗതാഗത സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

related stories