Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക; എംപിമാർക്ക് അമിത് ഷായുടെ താക്കീത്

BJP National President Amit Shah

ന്യൂഡൽഹി∙ 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിവാദപരമായ പ്രസ്താവനകൾ നടത്തരുതെന്ന് യുപിയിൽ നിന്നുള്ള ലോക്സഭാംഗങ്ങൾക്ക് അമിത് ഷായുടെ താക്കീത്. സ്വന്തം മണ്ഡലങ്ങളിൽ പോയി സർക്കാർ‌ ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷൻ എംഎൽഎമാരോടു നിർദേശിച്ചു.

2014ൽ ബിജെപി നേടിയ വൻ വിജയം ആവര്‍ത്തിക്കുന്നതിനു സ്വന്തം മണ്ഡലങ്ങളിലെ ഓരോ ഗ്രാമങ്ങളിലും പോകാനാണ് എംപിമാരോടും എംഎൽഎമാരോടും അമിത് ഷാ ആവശ്യപ്പെട്ടത്. സന്ദർശനത്തിൽ 20 വീടുകളിൽ നിന്നെങ്കിലും ചായ കുടിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഉത്തർപ്രദേശിലെ നിലവിലെ ലോക്സഭാംഗങ്ങളിൽ പകുതിയോളം പേർക്കും ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ അവസരം നൽകിയേക്കില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. യോഗത്തിൽ‌ സംഗീത് സോം, ഹേമമാലിനി, സുരേഷ് റാണ, മുരളി മനോഹർ ജോഷി, സഞ്ജീവ് ബല്യാൻ, രാജേന്ദ്ര അഗര്‍വാൾ എന്നിവർക്കു ദേശീയ അധ്യക്ഷൻ ശക്തമായ താക്കീതും നൽകി. മുതിർന്ന ബിജെപി നേതാവായ മുരളി മനോഹർ ജോഷി സ്വന്തം മണ്ഡലമായ കാൺപൂരിലേക്ക് അപൂർവമായി മാത്രമാണ് സന്ദർശിക്കാറുള്ളത്.

വിവാദ പ്രസ്താവനകളുടെ പേരിലാണ് ബോളിവുഡ് താരവും എംപിയുമായ  ഹേമമാലിനി വിമർശനം നേരിട്ടത്. ആഗ്രഹമുണ്ടെങ്കിൽ ഒരു മിനിറ്റ് കൊണ്ട് തനിക്കു മുഖ്യമന്ത്രിയാകാൻ സാധിക്കുമെന്ന് ഹേമമാലിനി അടുത്തിടെ പറഞ്ഞിരുന്നു. 62 പേർക്കു ജീവൻ നഷ്ടമായ 2013ലെ മുസാഫർനഗർ കലാപക്കേസിലെ പ്രതികളാണ് സോം, റാണ, ബല്യാൻ‌ എന്നിവർ. കൈരാന ഉപതിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപി പരാജയപ്പെട്ടിരുന്നു. ഇതോടെ പ്രതിപക്ഷ ഐക്യത്തിനെതിരെ പുതിയ തന്ത്രങ്ങൾ കണ്ടെത്തേണ്ട അവസ്ഥയിലായി ബിജെപി നേതൃത്വം. 80 ലോക്സഭാ സീറ്റുകളുള്ള യുപിയിൽ വെന്നിക്കൊടി പാറിച്ചു വീണ്ടും അധികാരം പിടിക്കാനാണു ബിജെപിയുടെ പരിശ്രമം.