Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ചെന്നു യുവതി; പ്രതി ആർഎസ്എസുകാരനെന്ന് കോൺഗ്രസ്

rape-0

ഭോപാൽ ∙ ഭോപാലിലെ സ്വകാര്യ ഹോസ്റ്റൽ ഉടമ ആറു മാസം മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി ഒരു യുവതി കൂടി രംഗത്ത്. രണ്ടു ദിവസത്തിനിടെ മറ്റു രണ്ടുപേർ കൂടി പരാതി നൽകിയിരുന്നു. കേസിൽ അശ്വിനി ശർമ എന്നയാളെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാനഭംഗം, ഭയപ്പെടുത്തൽ, ദലിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

‘എന്നെ അവർ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. നിർബന്ധിച്ചു നീലച്ചിത്രങ്ങൾ കാണിച്ചു. ആറു മാസത്തോളം പീഡിപ്പിച്ചു. ആവശ്യങ്ങൾക്കു വഴങ്ങാതിരുന്നപ്പോൾ അതിക്രൂരമായി മർദിച്ചു’ – പരാതിക്കാരിയായ 23 കാരി ഇൻഡോർ പൊലീസിനോടു വ്യക്തമാക്കി. ദർ ജില്ലയിൽ നിന്നുള്ള പെണ്‍കുട്ടിയെ അശ്വിനി ശർമ മറ്റൊരു വീട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്യാനും കേസ് ഡയറി അന്വേഷണത്തിനായി ഭോപാൽ‌ പൊലീസിനു കൈമാറാനും നിർദേശിച്ചതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, അശ്വിനി ശര്‍മയ്ക്കു ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നു കോൺഗ്രസ് ആരോപിച്ചു. ഇയാൾ ആർഎസ്എസ് പ്രവർത്തകനാണെന്നു കോൺഗ്രസ് വക്താവ് ശോഭ ഒസ പറഞ്ഞു. എന്നാൽ ഈ ആരോപണം ബിജെപി നിഷേധിച്ചു. ‘കേസിൽ അന്വേഷണം നടക്കുകയാണ്. പ്രതിയെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്’ – ബിജെപി വക്താവ് രാഹുൽ കോത്താരി തിരിച്ചടിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ കമൽനാഥ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു കത്തെഴുതി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ബിഹാറിലെ വനിതാ ഹോസ്റ്റലുകളിൽ എല്ലാ മാസവും പരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടു.

related stories