Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ‘മോമോപ്പേടി’ വേണ്ടെന്ന് പൊലീസ്; വ്യാജന്മാർക്കെതിരെ നടപടി

kerala-police-momo കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം.

തിരുവനന്തപുരം∙ നിരവധി കൗമാരക്കാരുടെയും യുവാക്കളുടെയും ജീവൻ അപഹരിച്ച ബ്ലൂവെയിൽ ഗെയിമിനു ശേഷം ലോകത്തിന്റെ ഉറക്കം കെടുത്തുന്ന  കൊലയാളി ഗെയിം മോമോയ്ക്കെതിരെ കേരള പൊലീസ്. മോമോ ഗെയിംസിനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പൊലീസ് അറിയിച്ചു.

കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ജില്ലാ സൈബർസെല്ലിലോ സൈബർഡോമിനെയോ അറിയിക്കണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

സാഹചര്യം മുതലെടുത്ത്, ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിനായി വ്യാജ നമ്പരുകളിൽനിന്നു മോമോ എന്ന പേരിൽ സന്ദേശങ്ങൾ അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങൾ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

എന്താണ് മോമോ ഗെയിം?

ബ്ലൂവെയിൽ പോലെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന ഗെയിമാണു മോമോ. വാട്സാപ്പിലൂടെ അജ്ഞാതനെ പരിചയപ്പെടുക എന്നതാണ് ആദ്യപടി. അജ്ഞാതനെ പരിചയപ്പെടാന്‍ ആവശ്യപ്പെടുന്ന മെസേജിൽ നിന്നാണു തുടക്കം. തുടർന്ന് ഈ നമ്പരിൽനിന്നു പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. തുടർന്നു സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും. 

ഭീകരരൂപിയായ സ്ത്രീയുടെ ചിത്രമാണു മോമോയുടെ ഐക്കൺ. മോമോ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അജ്ഞാത നമ്പറുമായി ബന്ധം സ്ഥാപിക്കാന്‍ ചലഞ്ച് ചെയ്താണു മോമോ ഗെയിം ആരംഭിച്ചതെന്നാണു മെക്സിക്കോയിലെ കംപ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അർജന്റീനയിൽ ആത്മഹത്യ ചെയ്ത കൗമാരക്കാരിയുടെ മരണത്തിനു പിന്നിൽ മോമോ ആണോ എന്ന് അന്വേഷിച്ചു വരികയാണ്.