Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ ഉന്നയിക്കുന്നത് ബൊഫോഴ്സ് ഭൂതത്തെ ഒഴിപ്പിക്കാൻ: മോദി

Narendra-Modi നരേന്ദ്ര മോദി.

ന്യൂഡല്‍ഹി∙ ആള്‍ക്കൂട്ട കൊലപാതകം കടുത്ത കുറ്റകൃത്യമാണെന്നാണു സര്‍ക്കാരിന്റെ ഉറച്ച നിലപാടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റകൃത്യം ചെയ്യുന്നവരുടെ ഉദ്ദേശ്യം എന്തായിരുന്നാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കി. ഏതു സാഹചര്യത്തിലും നിയമം കയ്യിലെടുക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെതിരെ അതിശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. സമൂഹമൊന്നാകെ ഈ ഭീഷണിക്കെതിരെ രംഗത്തെത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അസം പൗരത്വ വിഷയത്തിലും റഫാൽ അഴിമതി ആരോപണത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നു മോദി കുറ്റപ്പെടുത്തി. തങ്ങളെ വര്‍ഷങ്ങളായി അലട്ടുന്ന ബൊഫോഴ്‌സ് ഭൂതത്തെ ഒഴിപ്പിക്കാനുള്ള വിഫലശ്രമമെന്ന രീതിയിലാണു കോണ്‍ഗ്രസ് റഫാല്‍ ഉന്നയിക്കുന്നതെന്നു മോദി കുറ്റപ്പെടുത്തി. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രസ്താവനകള്‍ ഇറക്കുകയാണ്. ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെയും കോണ്‍ഗ്രസ് ഇതേ തന്ത്രമാണു സ്വീകരിച്ചത്. വ്യോമസേനയുടെ നവീകരണത്തിന് റഫാല്‍ യുദ്ധവിമാനങ്ങള്‍ അനിവാര്യമാണ്. ദേശസുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. രണ്ടു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ തമ്മിലുള്ളതാണു റഫാല്‍ കരാര്‍. അതു നൂറു ശതമാനം സുതാര്യവും സത്യസന്ധവുമാണ്. അതിനപ്പുറമുണ്ടാകുന്ന പ്രചാരണങ്ങളെല്ലാം രാജ്യതാല്‍പര്യത്തെ അട്ടിമറിക്കുമെന്നും മോദി പറഞ്ഞു.

അസം പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. 1972ലെ ഇന്ദിര- മുജീബ് കരാറിലും 1983 ല്‍ രാജീവ് ഗാന്ധി ഉണ്ടാക്കിയ കരാറിലും അനധികൃത കുടിയേറ്റക്കാരെ തടയുന്നതു പ്രധാന വ്യവസ്ഥയായിരുന്നു. എന്നാല്‍ വോട്ട്ബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഇതു നടപ്പാക്കാതിരിക്കുകയായിരുന്നു. എന്‍ആര്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നത് ഞങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണ്. പൗരത്വവും പരമാധികാരവും ഏതു രാജ്യത്തിന്റെയും അവിഭാജ്യ ഘടകമാണെന്നത് എല്ലാവരും അംഗീകരിക്കും. ദേശതാല്‍പര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണു മുമ്പോട്ടു പോകുന്നത്. ചീഫ് ജസ്റ്റിസിനെ അവിശ്വസിച്ചവര്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള നടപടികള്‍ക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണെന്നു മോദി കുറ്റപ്പെടുത്തി.

വിജയ് മല്യ, നീരവ് മോദി, ലളിത് മോദി തുടങ്ങിയവര്‍ കോടികൾ കടമെടുത്തു രാജ്യം വിടാന്‍ ഇടയായതു മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പോരായ്മയാണെന്നു മോദി പറഞ്ഞു. ഇത്തരക്കാരെ വലയിലാക്കാന്‍ അതിശക്തമായ നിയമം ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ പണം കൊള്ളയടിച്ചു മുങ്ങിയ ഒരാളെയും വെറുതേവിടില്ല. കര്‍ശനമായ നടപടികള്‍ കാണാനിരിക്കുന്നതേയുള്ളുവെന്നും മോദി അഭിമുഖത്തില്‍ വ്യക്തമാക്കി.

വികസനം അതിവേഗം, എല്ലാവര്‍ക്കും എന്ന നയത്തിലൂന്നിയാവും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. ക്രിയാത്മകമായി ഒന്നും ചെയ്യാത്തവരാണ് പലവിധ മുദ്രാവാക്യങ്ങള്‍ മുഴക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നാലു വര്‍ഷവും ഞങ്ങള്‍ അത്യധ്വാനം ചെയ്തു. ജനങ്ങളുടെ സ്‌നേഹവും പിന്തുണയും തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പുണ്ട്. എന്‍ഡിഎ മുമ്പു നേടിയ സീറ്റുകളുടെ റെക്കോര്‍ഡ് തകര്‍ത്ത് ഗംഭീരവിജയം കൈപ്പിടിയിലൊതുക്കും.

ഉജ്വല യോജനയിലൂടെ പാചകവാതകം ലഭിച്ച ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളും 70 വര്‍ഷങ്ങള്‍ക്കിപ്പുറം വൈദ്യതി എത്തിയ ഗ്രാമങ്ങളിലെ ജനങ്ങളും ജന്‍ധന്‍ അക്കൗണ്ടിലൂടെ ബാങ്കിങ് സൗകര്യം ആദ്യമായി ഉപയോഗപ്പെടുത്തി തുടങ്ങിയവരും മോദിക്കുവേണ്ടി ഇത്തവണ പ്രചാരണത്തിനിറങ്ങും. ജനങ്ങള്‍ ഒപ്പമുള്ളപ്പോള്‍ ഒന്നും ഭയപ്പെടുത്തുന്നില്ലെന്നും മോദി പറഞ്ഞു.

30 വര്‍ഷങ്ങള്‍ക്കു ശേഷമാണു സുസ്ഥിരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നത്. രാജ്യത്തിനുതന്നെ ബാധ്യതയായ സഖ്യസര്‍ക്കാരുകളുടെ പ്രവൃത്തികള്‍ കൊണ്ടു ജനം പൊറുതിമുട്ടിയതാണ്. പ്രതിപക്ഷ കക്ഷികള്‍ എന്തു മഹാസഖ്യമുണ്ടാക്കിയാലും വോട്ടര്‍മാര്‍ രാജ്യതാല്‍പര്യത്തിനു മാത്രമേ മുന്‍തൂക്കം നല്‍കുകയുള്ളൂ. മോദിയെ ഒഴിവാക്കുക എന്നതിനപ്പുറം യാതൊരു പ്രത്യയശാസ്ത്രവും മുന്നോട്ടുവയ്ക്കാനില്ലാത്തവരെ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നാണു തന്റെ വിശ്വാസമെന്നും നരേന്ദ്ര മോദി പറഞ്ഞു.

related stories