Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സൂര്യനെ ചുംബിക്കാന്‍' പാര്‍ക്കര്‍ പുറപ്പെട്ടു; സൗരവാതത്തിന്റെ ചുരുളഴിയുമോ?

parker-solar സൂര്യനിലേക്കുള്ള നാസയുടെ മെഗാദൗത്യമായ പാര്‍ക്കര്‍ സോളര്‍ പ്രോബ് വിക്ഷേപിച്ചപ്പോൾ. ചിത്രം: നാസ

ന്യൂയോര്‍ക്ക് ∙ സൂര്യനിലേക്കുള്ള നാസയുടെ മെഗാദൗത്യമായ പാര്‍ക്കര്‍ സോളര്‍ പ്രോബ് വിക്ഷേപിച്ചു. കേപ്കാനവറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍നിന്നാണ് പാര്‍ക്കറിനെ വഹിച്ച് ഡെല്‍റ്റ ഫോര്‍ റോക്കറ്റ്  കുതിച്ചുയര്‍ന്നത്. അപകടകരമായ സൗരവാതത്തിന്റെ ദുരൂഹത ചുരുളഴിച്ചു ഭൗമസുരക്ഷ ഉറപ്പാക്കുകയാണു ദൗത്യത്തിന്റെ ലക്ഷ്യം. 

ഇരുപതുവര്‍ഷത്തോളം നീണ്ട ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത പാര്‍ക്കര്‍ സോളര്‍ പ്രോബ് ഏഴു വര്‍ഷമെടുത്താണു ദൗത്യം പൂര്‍ത്തിയാക്കുക. സൂര്യനോട് 61 ലക്ഷം കിലോമീറ്റർ അടുത്തുനിന്നാകും പാര്‍ക്കറിന്റെ നിരീക്ഷണം, ലക്ഷക്കണക്കിനു ഡിഗ്രി സെല്‍ഷ്യസ് വരുന്ന കടുത്ത താപനില അതീജീവിച്ച് സൂര്യന്റെ കൊറോണയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പാര്‍ക്കര്‍ സൗരവാതത്തിന്റെ ഉദ്ഭവത്തെപ്പറ്റിയും വിവരം നല്‍കുമെന്നു ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. സൂര്യനെച്ചുറ്റിയുള്ള വാതക പടലമായ കൊറോണയിൽനിന്നാണ് സൗരവാതത്തിന്റെ ഉത്ഭവം.സൗരോപരിതലത്തേക്കാള്‍ 300 മടങ്ങ് ഇരട്ടി ചൂടാണ് കൊറോണയില്‍. ഏഴു വര്‍ഷം നീളുന്ന ദൗത്യത്തിനിടയില്‍ 24 തവണ പേടകം കൊറോണയെ കടന്നുപോകും. 

സൂര്യന് ഏറ്റവും അടുത്തെത്തുന്ന ബഹിരാകാശദൗത്യമായിരിക്കും ഇത്. 1371 ഡിഗ്രി ചൂട് പേടകത്തിന്റെ പുറംകവചത്തില്‍ അനുഭവപ്പെടുമെന്നാണു ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. ഇതില്‍നിന്ന് ഉള്ളിലുള്ള ഇലക്ട്രോണിക് സര്‍ക്യൂട്ടുകളെയും വിവിധ ഉപകരണങ്ങളെയും സംരക്ഷിക്കാനായി 4.5 ഇഞ്ച് കനത്തില്‍ പ്രത്യേക താപകവചം ഉള്‍പ്പെടെ ഒട്ടേറെ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭൂമിയില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ 500 മടങ്ങ് ശക്തിയുള്ള വികിരണം പ്രതിരോധിക്കാനും ഇതിനു ശേഷിയുണ്ട്. എല്ലാം കൃത്യമായി പ്രവര്‍ത്തിച്ചാല്‍ 85 ഡിഗ്രി ചൂട് മാത്രമേ പേടകത്തിന്റെ ഉള്ളില്‍ അനുഭവപ്പെടുകയുള്ളു.

Solar Parker Probe

ചരിത്രത്തിലാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളിന്റെ പേര് നാസ ബഹിരാകാശ പേടകത്തിനു നല്‍കുന്നത്. 1958-ല്‍ സൗരവാതം ആദ്യമായി വിവരിച്ച പ്രശസ്ത സൗരശാസ്ത്രജ്ഞനായ ഉജിന്‍ പാര്‍ക്കറുടെ പേരാണു നാസ ഇതിനായി തിരഞ്ഞെടുത്തത്. നാസയുടെ ഏറ്റവും പ്രാധാന്യമേറിയ ദൗത്യങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന പാര്‍ക്കറിന്റെ കാര്യത്തില്‍ അതീവ കണിശതയാണ് ഏജന്‍സി പുലര്‍ത്തിയിരുന്നത്. ചൊവ്വയിലേക്കു പേടകം വിക്ഷേപിക്കുന്നതിന്റെ 55 ഇരട്ടി ഊര്‍ജം വേണ്ടിവരുന്ന സോളാർ പാര്‍ക്കറിനെ എല്ലാ സാഹചര്യങ്ങളും അനുകൂലമാക്കി വിക്ഷേപണം നടത്തുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

ഇന്നലെ പുലര്‍ച്ചെയോടെ (അമേരിക്കന്‍ സമയം) വിക്ഷേപിക്കുന്ന രീതിയില്‍ ദൗത്യം സജ്ജമാക്കിയിരുന്നതാണ്. പാര്‍ക്കറിനെ വഹിച്ചു ഡെല്‍റ്റ ഫോര്‍ റോക്കറ്റ് വിക്ഷേപണത്തറയിലെത്തിക്കുകയും കൗണ്ട്ഡൗണ്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, ഡെല്‍റ്റ ഫോര്‍ ഉയര്‍ന്നുപൊങ്ങാന്‍ വെറും രണ്ടു മിനിറ്റ് ശേഷിക്കെ പേടകത്തിന്റെ ഹീലിയം വാതക സംവിധാനങ്ങളില്‍ പിശകു രേഖപ്പെടുത്തി അലാം ശബ്ദിച്ചു. തുടര്‍ന്ന് ദൗത്യം ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.

parker-solar1