Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടമലയാർ ഡാമിൽ നാലാമത്തെ ഷട്ടറും തുറന്നു; ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നു

Idukki Cheruthoni ഇടമലയാർ അണക്കെട്ട് (ഫയൽചിത്രം)

തൊടുപുഴ∙ ഇടമലയാർ അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും ഇന്നു വൈകിട്ടോടെ തുറന്നു. 4,00,000 ലീറ്റർ വെള്ളമാണ് നാലു ഷട്ടറുകളിലൂടെ ഡാമിൽ നിന്നു പുറത്തേക്ക് ഒഴുകുന്നത്. നിലവില്‍ 168.88 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇടമലയാർ ഡാമിന്റെ പരമാവധി ശേഷിയായ 169 മീറ്ററിൽ താഴെ ജലനിരപ്പ് നിർത്തുക ലക്ഷ്യമാക്കിയാണു നാലാമത്തെ ഷട്ടറും തുറന്നത്. മൂന്നാമത്തെ ഷട്ടർ ഇന്ന് ഉച്ചകഴിഞ്ഞ് തുറന്നിരുന്നു.

അതേസമയം ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങിയിട്ടുണ്ട്. രണ്ട് അണക്കെട്ടുകളുടെയും വൃഷ്ടിപ്രദേശങ്ങളിൽ മഴയുടെ ശക്തിയും നീരൊഴുക്കും കുറഞ്ഞു. ഇടുക്കി– ചെറുതോണി അണക്കെട്ടിൽ അഞ്ച് ഷട്ടറുകളും ഉയർത്തി വെള്ളമൊഴുക്കി വിടുന്നത് മൂന്നാം ദിവസവും തുടർന്നതോടെയാണു ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നത്. അന്നു മുതല്‍ സെക്കൻഡിൽ 7,50,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. മണിക്കൂറിൽ 4,08,000 ലീറ്റർ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

ചെറുതോണി അണക്കെട്ടിന്റെ എല്ലാം ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം വെള്ളത്തിനടിയിലായി. ചെറുതോണി ടൗണിലും ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി. ചെറുതോണി വഴി കട്ടപ്പനയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പിൽ കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മഴയും നീരൊഴുക്കും നോക്കിയേ ഷട്ടര്‍ അടയ്ക്കുന്നതു തീരുമാനിക്കൂ. വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത നിലനിൽക്കുന്നതിനാൽ ഉടനെ ഷട്ടർ അടയ്ക്കേണ്ടെന്നാണ് ധാരണ.

∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.20 അടി
∙ കൊല്ലം തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് ഷട്ടറുകൾ 15 സെന്റീമീറ്റർ താഴ്ത്തി. രണ്ടര അടിയാണ് ഇപ്പോൾ തുറന്നിട്ടുള്ളത്.
∙ പത്തനംതിട്ട പമ്പാ ഡാമിൽ തുറന്നിരുന്ന ആറു ഷട്ടറുകളിൽ രണ്ടെണ്ണം താഴ്ത്തി. 985.40 മീറ്ററാണ് ഡാമിലെ ജലനിരപ്പ്– സംഭരണിയുടെ 94.87 ശതമാനം ജലമുണ്ട്.
∙ ഒരടി ഉയർത്തിയിരുന്ന ആനത്തോട് ഡാമിലെ ഷട്ടർ അരയടിയാക്കി.
∙ മൂഴിയാറിലെ രണ്ടു ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്.
∙ എറണാകുളത്ത് ഭൂതത്താൻകെട്ടിലെയും ജലനിരപ്പ് കുറഞ്ഞു.
∙ തൃശൂർ പീച്ചി ഡാമിൽ നാലു ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്.
∙ ചിമ്മിനി ഡാമിൽ നാലു ഷട്ടറുകളും അഞ്ചു സെന്റിമീറ്റർ വീതം ഉയർത്തി.
∙ വാഴാനി ഡാമിൽ നാലു ഷട്ടറുകൾ മൂന്നു സെന്റിമീറ്റർ വീതം ഉയർത്തി.
∙ കോഴിക്കോട് കക്കയം ഡാമിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. രണ്ടു ഷട്ടറുകൾ അരയടി വീതം തുറന്നുവിട്ടിരുന്നു.
∙ പെരുവണ്ണാമുഴി ഡാമിൽ നാലു ഷട്ടറും തുറന്നിട്ടിരിക്കുകയാണ്.
∙ വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ നാലു ഷട്ടറുകളില്‍ ഒരെണ്ണം അടച്ചു. മറ്റു ഷട്ടറുകള്‍ തുറന്നത് 80 സെന്റിമീറ്ററായി നിജപ്പെടുത്തിരുന്നെയെങ്കിലും രാത്രിയില്‍ വീണ്ടും 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി.
∙ പാലക്കാട് മലമ്പുഴയിൽ നാലു ഷട്ടറുകളും ഒൻപത് സെന്റിമീറ്റർ ഉയർത്തിയിരിക്കുകയാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടില്ല.

related stories