Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്യമിടുന്നത് 100 ലോക്സഭാ സീറ്റുകൾ; പ്രവർത്തനം ശക്തിപ്പെടുത്താൻ എഎപി

aap

ന്യൂഡൽഹി∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കുറച്ചു മണ്ഡലങ്ങളിൽ മൽസരിച്ചു കൂടുതൽ നേട്ടം കൊയ്യാൻ ആം ആദ്മി പാർട്ടി (എഎപി). 2019ലെ തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നു പാർട്ടി നേതാവും ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളുടെ ചുമതലക്കാരനുമായ സഞ്ജയ് സിങ് എംപി വ്യക്തമാക്കി. വിജയസാധ്യതയുള്ളവ കേന്ദ്രീകരിച്ചു പ്രവർത്തനം ശക്തിപ്പെടുത്താനാണു തീരുമാനം.

മൽസരിക്കുന്ന 100 മണ്ഡലങ്ങളിൽ, പാർട്ടിക്കു പ്രതീക്ഷയുള്ള പഞ്ചാബ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റുകളിലും മറ്റുള്ളിടത്തു വിജയ സാധ്യത കണക്കിലെടുത്തുമാവും മൽസരിക്കുക. ഉത്തർപ്രദേശിൽ 15 മണ്ഡലങ്ങളിലെങ്കിലും സ്ഥാനാർഥികളെ നിർത്തുമെന്നും സഞ്ജയ് സിങ് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 434 മണ്ഡലങ്ങളിൽ എഎപി മൽസരിച്ചെങ്കിലും പഞ്ചാബിലെ നാലു സീറ്റുകളിൽ മാത്രമാണു ജയിക്കാനായത്. ശക്തികേന്ദ്രമായ ഡൽഹിയിൽ കഴിഞ്ഞതവണ ഒരു സീറ്റുപോലും നേടാനായില്ല. എന്നാൽ, ഇക്കുറി നേട്ടമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് എഎപി.

ഡൽഹിയിലെ ഏഴു മണ്ഡലങ്ങളിൽ അഞ്ചിടത്തും ചുമതലക്കാരെ പാർട്ടി നിശ്ചയിച്ചുകഴിഞ്ഞു. രണ്ടുമണ്ഡലങ്ങൾ കോൺഗ്രസുമായുള്ള സഖ്യത്തിനായി ഒഴിച്ചിട്ടതാണെന്നു പ്രചാരണമുണ്ടായെങ്കിലും ആരുമായും സഖ്യത്തിനില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി കഴിഞ്ഞാൽ പഞ്ചാബാണ് എഎപിക്ക് പ്രതീക്ഷയുള്ള സംസ്ഥാനം. എംപിമാർ നാലുപേരുണ്ടെന്നതു കൂടാതെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ കക്ഷിയും എഎപിയാണ്.      

related stories