Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 9 ലക്ഷം കോടി; എഴുതിത്തള്ളിയത് 3.5 ലക്ഷം കോടി

രാജീവ് നായർ
India-Economy-IMF-Rupee Representative Image

കോട്ടയം∙ രാജ്യത്തു പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ അഞ്ചു വര്‍ഷത്തിനിടെയുണ്ടായത് ഏഴു ലക്ഷം കോടി രൂപയുടെ വര്‍ധന. 2014 മാര്‍ച്ച് 31ന് രണ്ടു ലക്ഷം കോടി രൂപയായിരുന്ന നിഷ്‌ക്രിയ ആസ്തി 2018 മാര്‍ച്ച് 31ന് ഒൻപതു ലക്ഷം കോടിയായാണ് ഉയര്‍ന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ നിഷ്‌ക്രിയ ആസ്തി 2,23,427 കോടി രൂപയാണ്. എസ്ബിഐ 2017-18 ല്‍ എഴുതിത്തള്ളിയത് 40,196 കോടി രൂപ. 

അഞ്ചു വര്‍ഷത്തിനുള്ളില്‍ വിവിധ ബാങ്കുകള്‍ എഴുതിത്തള്ളിയ തുകയിലും നാലിരട്ടിയോളം വര്‍ധനയുണ്ടായി. 2013-14-ല്‍ 34,409 കോടി രൂപയാണ് എഴുതിത്തള്ളിയതെങ്കില്‍ 2017-18ല്‍ 1,28,229 കോടി രൂപയാണ് എഴുതിത്തള്ളിയിരിക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ആകെ എഴുതിത്തള്ളിയത് 3,50,924 കോടി രൂപ. ആരുടെയൊക്കെ വായ്പകളാണ് എഴുതിത്തള്ളിയതെന്ന വിവരം പുറത്തുവിടാന്‍ കഴിയില്ലെന്നും വിവരാവകാശ നിയമ പ്രകാരം റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. 

BANK NPA

2018 ജൂണ്‍ 31 വരെ എത്രത്തോളം നിരോധിച്ച 500, 1000 നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയെന്ന ചോദ്യത്തിന് 2017 ജൂണ്‍ വരെയുള്ള കണക്കു മാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. 2017 ജൂണ്‍ 30 വരെ 15.28 ലക്ഷം കോടി മൂല്യമുള്ള 500, 1000 നോട്ടുകള്‍ തിരികെ ലഭിച്ചെന്നാണ് മറുപടി.

ആകെ വിതരണം ചെയ്യപ്പെട്ടത് 15.44 ലക്ഷം കോടിയുടെ നോട്ടുകളായിരുന്നു. ഇതില്‍ 98.96 ശതമാനം നോട്ടുകളും തിരിച്ചെത്തിയതോടെ കള്ളപ്പണമെന്ന വാദം പൊളിഞ്ഞിരുന്നു. തുടര്‍ന്നുള്ള കണക്കുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഇതുവരെ തയാറായിട്ടില്ല.

Bank NPA