Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ.പി.ജയരാജന്റെ ഓഫിസിൽ അഴിമതിക്കാരനെ തിരുകാൻ സമ്മർദ്ദനീക്കവുമായി ഉന്നതർ

ep-jayarajan ഇ.പി.ജയരാജൻ

തിരുവനന്തപുരം ∙ ഇ.പി.ജയരാജന്റെ മന്ത്രി ഓഫിസിൽ അഴിമതിക്കറയുള്ള ഉദ്യോഗസ്ഥനെ തിരുകിക്കയറ്റാൻ ശ്രമം. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഒരു മന്ത്രിയുടെ സ്റ്റാഫായിരിക്കവെ കുപ്രസിദ്ധി നേടിയ ഉദ്യോഗസ്ഥനെയാണു ഇ.പി.യുടെ ഓഫിസിൽ നിയമിക്കാൻ പാർട്ടിയിലെ ഉന്നതരിൽ ചിലർ ചരടുവലിക്കുന്നത്. ഒരു എംപിയുടെ ആശീർവാദത്തോടെ നടക്കുന്ന നീക്കത്തെക്കുറിച്ചു ജയരാജനു വിവരം ലഭിച്ചു.

സിപിഎം, സിപിഐ മന്ത്രിമാരുടെ 25 ജീവനക്കാരിൽ 20 പേരെയും അതത് പാർട്ടികളാണു തീരുമാനിക്കുന്നത്. പാർട്ടി നിയമിക്കുന്നവരുടെ പട്ടികയിൽ അഴിമതി പശ്ചാത്തലമുള്ള ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്താമെന്ന് സിപിഎമ്മിന്റെ ഉന്നത നേതാവു സമ്മതം മൂളിയിട്ടുണ്ട്. ഒരു നേതാവിന്റെ മകനും ഈ നിയമനം അംഗീകരിപ്പിക്കുന്നതിനുവേണ്ടി സമ്മർദം ചെലുത്തുന്നു.

ബന്ധുനിയമന വിവാദത്തിലാണു ജയരാജനു രാജിവയ്ക്കേണ്ടിവന്നത്. അത് ആളിക്കത്തിച്ച പാർട്ടി നേതാക്കളാണ് അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നീക്കത്തിനുപിന്നിൽ. മന്ത്രിസഭയിൽ രണ്ടാമനായി ജയരാജൻ വരുന്നതിൽ ഇവർ അതൃപ്തരാണ്. തങ്ങൾക്കു താൽപര്യമുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതുവഴി മന്ത്രിയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഇവർ ലക്ഷ്യമിടുന്നുവെന്നാണു ജയരാജൻ അനുകൂലികൾ കരുതുന്നത്.