Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ യാത്രാനിരക്കു വർധിക്കും: പരിഷ്കാരം ആവശ്യമാണെന്നു പാർലമെന്ററി സമിതി നിർദേശം

Train

ന്യൂഡൽഹി∙ ട്രെയിൻ യാത്രാ നിരക്കുകളിൽ കാലാനുസൃതമായ പരിഷ്കാരം ആവശ്യമാണെന്നു പാർലമെന്ററി സമിതി നിർദേശം. പെൻഷൻ വിതരണത്തിനു നിലവിൽ ഒരു വർഷം 50,000 കോടി രൂപയുടെ ബാധ്യതയും യാത്രാ ചെലവുകളിൽ 35,000 കോടി രൂപയുടെ നഷ്ടവുമാണു റെയിൽവേയ്ക്കുള്ളത്. റെയിൽവേയുടെ വരുമാനത്തിൽ കാര്യമായ വർധനയില്ലാത്തതു കണക്കിലെടുത്തു നഷ്ടം നികത്തുന്നതിനു യാത്രാ നിരക്കുകളിൽ കാലാനുസൃതമായ പരിഷ്കാരം ആവശ്യമാണെന്നു റെയിൽവേ കൺവൻഷൻ കമ്മിറ്റി പർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടു നിർദേശിക്കുന്നു. ഫ്ലെക്സി ചാർജ് സമ്പ്രദായം നടപ്പാക്കിയതിലൂടെ റെയിൽവേയ്ക്കുണ്ടായ ഗുണങ്ങൾ വിലയിരുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

2013 മുതൽ 2018 വരെയുള്ള കാലയളവിൽ 2014–2015 സാമ്പത്തിക വർഷം ഒഴിച്ചു മറ്റു വർഷങ്ങളിൽ ആഭ്യന്തര വരുമാന ലക്ഷ്യങ്ങൾ കൈവരിക്കാനായിട്ടില്ലെന്നതിൽ സമിതി ആശങ്ക പ്രകടിപ്പിച്ചു. ശമ്പള, പെൻഷൻ ഘടനകൾ കണക്കാക്കുന്നതു മറ്റൊരു മന്ത്രാലയമാണെങ്കിലും, ആ തുക കണ്ടത്തേണ്ടതിന്റെ ബാധ്യത റെയിൽവേ മന്ത്രാലയത്തിനാണ്. റെയിൽവേ ഒഴികെയുള്ള മന്ത്രാലയങ്ങളുടെ പെൻഷൻ ബാധ്യത ധനകാര്യ വകുപ്പിനാണ്. പെൻഷൻ വിതരണത്തിനായി വൻ തുക ചെലവഴിക്കേണ്ടിവരുന്നത് റെയിൽവേയെ വലിയ തോതിൽ ബാധിക്കുന്നു.

കേന്ദ്ര – റെയിൽവേ ബജറ്റുകൾ ഒന്നിച്ചാക്കിയതു കൂടി പരിഗണിച്ചു ധനകാര്യ മന്ത്രാലയവുമായി ചർച്ച നടത്തുകയും റെയിൽവേയുടെ പെൻഷൻ ബാധ്യത ഭാഗീകമായെങ്കിലും ധനകാര്യ മന്ത്രാലയം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ബിജു ജനതാദൾ എംപി ഭർതുഹരി മെഹ്താബ് അധ്യക്ഷനായ സമിതിയാണു റിപ്പോർട്ട് സമർപ്പിച്ചത്.

related stories