Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമഴയിൽ നാടാകെ ‘കുലുങ്ങി’; പക്ഷേ ഒരുകൂട്ടര്‍ മാത്രം കുലുങ്ങിയില്ല– ഇടുക്കിക്കാര്‍..!

Idukki Dam

ഇടുക്കി അണക്കെട്ട് ഉടന്‍ തുറക്കുമോയെന്ന ആശങ്കയുടെ മുള്‍മുനയില്‍ കേരളം. ദുരന്തസാധ്യതകള്‍‌ മുന്നില്‍ക്കണ്ടുള്ള അടിയന്തര തയാറെടുപ്പുകള്‍ എങ്ങും. നാടും വഴികളും എന്നുവേണ്ട സമൂഹമാധ്യമങ്ങള്‍ വരെ ഉറങ്ങാതെ ജാഗ്രതപൂണ്ട ദിവസങ്ങള്‍. കരസേനയടക്കം രക്ഷദൗത്യങ്ങള്‍ക്കായി ഇടുക്കിയിലെത്തി. വിവരങ്ങള്‍ തല്‍സമയം അറിയിക്കാനുള്ള സംവിധാനങ്ങളുമായി മാധ്യമങ്ങളും സര്‍വംസജ്ജമായി. ഇതൊക്കെ കണ്ട് ഒരു കുലുക്കവുമില്ലാത്ത ഒരു കൂട്ടരേ ഉണ്ടായിരുന്നുള്ളൂ, ഇടുക്കിക്കാര്‍.

ആശങ്കയുടെ തരിയെങ്കിലുമുള്ള ഒരു പ്രതികരണവുമില്ല. ദിവസങ്ങളോളം ചെറുതോണിയില്‍ തങ്ങി റിപ്പോര്‍ട്ട് ചെയ്യുന്ന സഹപ്രവര്‍ത്തകരും ഇതേ അനുഭവം തന്നെയാണു പങ്കുവച്ചത്. നിങ്ങളുടെ നാട്ടുകാരെല്ലാം സൂപ്പര്‍ കൂളാണെന്ന്. ചെറുതോണിയില്‍ വെള്ളത്തില്‍ മുങ്ങിയ പാലത്തിനു തൊട്ടടുത്തു ചായക്കട നടത്തുന്ന ചാക്കോ ചേട്ടനെ ഡാം തുറക്കുന്നതിനു തൊട്ടുമുന്‍പു വിളിച്ചപ്പോള്‍ ഇതാണ് മറുപടി. ‘ഇങ്ങോട്ടൊന്നും വെള്ളം വരത്തില്ലെന്നേ, കൂടിപ്പോയാ പാലത്തിനുമുകളിക്കൂടി വെള്ളം വരുവായിരിക്കും. അതിനിപ്പോ പേടിക്കേണ്ട കാര്യമൊന്നുമില്ല..’

ഡാം തുറന്നശേഷവും നിലപാടില്‍ വെള്ളം ചേര്‍ക്കാതെ ചാക്കോ ചേട്ടന്‍ വീണ്ടും ഇടുക്കിക്കാരനായി. തോപ്രാംകുടിക്കാരന്‍ മൈക്ക് ഫിലിപ്പോസായി മമ്മൂട്ടിയും മഹേഷിന്‍റെ പ്രതികാരത്തിലെ മഹേഷായി ഫഹദ് ഫാസിലുമൊക്കെ വരച്ചിട്ടതും ഈ നിഷ്കളങ്കതയും ഇതേ മനക്കരുത്തും തന്നെയാണ്. കാടുംമലയും വെട്ടിമാറ്റി ജീവിതം നട്ടുപിടിപ്പിച്ച ആ കുടിയേറ്റപാരമ്പര്യം തന്നെയാണ് ഇന്നും ഹൈറേഞ്ചിന്‍റെ കരുത്തും ആത്മാവും.

1870ലാണു തിരുവിതാകൂര്‍ സർക്കാർ ശാസ്ത്രീയമായി തോട്ടക്കൃഷി നടപ്പാക്കുന്നത്. 1877ല്‍ നീലഗിരിക്കുന്നുകളോടു ചേര്‍ന്നുള്ള പര്‍വതപ്രദേശം ആദ്യമായി സര്‍വേ ചെയ്തു. പിന്നീട‌ു പൂഞ്ഞാര്‍ രാജാവ് കണ്ണന്‍ ദേവന്‍ കുന്നുകള്‍ ഇംഗ്ലിഷുകാര്‍ക്കു വിറ്റു. പണവും സാങ്കേതികതയും കൈവശമുണ്ടായിരുന്ന വിദേശികള്‍ തോട്ടങ്ങള്‍ ശാസ്ത്രീയമായി പരുവപ്പെടുത്തിയെടുത്തു.

അങ്ങനെ ഉല്‍പ്പാദിപ്പിച്ച നാണ്യവിളകള്‍ എറണാകുളത്തും ആലപ്പുഴയിലും എത്തിക്കണമായിരുന്നു. അതിനായി റോഡുകള്‍ വെട്ടി. നാണ്യവിളകള്‍ സംസ്കരിക്കാന്‍ ഫാക്ടറി സ്ഥാപിച്ചു. ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി വേണമായിരുന്നു. അതിനു പെരിയാറില്‍ അണകെട്ടി. പിന്നെ പള്ളിവാസലും ഇടുക്കിയും പദ്ധതികള്‍ വന്നു. തോട്ടങ്ങളിലെ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു. പൊതുവായ ആവശ്യങ്ങള്‍ക്കായി അവര്‍ സംഘടിച്ചു. അങ്ങനെ മലയോര കര്‍ഷകര്‍ എന്ന ജനത ഉടലെടുത്തു.

അവര്‍ തേയിലയും കാപ്പിയും ഏലവും കൃഷി ചെയ്തു. കൂടുതല്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ മലയോരങ്ങളിലേക്കു കുടിയേറി. അതിനു സര്‍ക്കാര്‍ പ്രോൽസാഹനവും നല്‍കി. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്തു കുടിയേറ്റത്തോടു സ്വീകരിച്ച അനുകൂല നിലപാടു കുടിയേറിയെത്തുന്നവരുടെ എണ്ണം കൂട്ടി. ഉടുമ്പന്‍ചോല താലൂക്കില്‍ പട്ടം കോളനി എന്നപേരില്‍ ഒരു സ്ഥലം തന്നെയുണ്ട്. കുടിയിറക്കത്തിനെതിരെ കുമളി അമരാവതിയില്‍ എകെജി വന്നു പ്രസംഗിച്ച സ്ഥലം എകെജിപ്പടി എന്നപേരിലാണ് അറിയപ്പെടുന്നത്. തോട്ടം മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും മലയോര മേഖലയില്‍ കോണ്‍ഗ്രസിനെയും പിന്തുണയ്ക്കുന്നതാണു വര്‍ഷങ്ങളായി ഇടുക്കിയുടെ രാഷ്ട്രീയം.

1960കളിലാണു ഹൈറേഞ്ചിലേക്കു കുടിയേറ്റക്കാരുടെ ഒഴുക്കു തുടങ്ങുന്നത്. കാടും മലയും വെട്ടിത്തെളിച്ച്, പ്രകൃതിയോടു മല്ലിട്ട് പൊന്നുവിളയിച്ചെടുക്കാന്‍ ചില്ലറ മനക്കരുത്തൊന്നും പോരായിരുന്നു. കൂട്ടുകൃഷിയായിരുന്നു അക്കാലത്ത്. കുറേ കുടുംബങ്ങള്‍ ഒരുമിച്ചു കൃഷിയിറക്കും. കപ്പയും ഇഞ്ചിയും കുരുമുളകുമെല്ലാം തുല്യമായി പങ്കിട്ടെടുക്കും. കൈക്കോട്ടു കാണുമ്പോള്‍ ഇടഞ്ഞുനിന്നിരുന്ന മണ്ണ് മെല്ലെ ഇണങ്ങിത്തുടങ്ങി. വളക്കൂറുള്ള ഭൂമി പിന്നീടു വീതിച്ചെടുത്തു സ്വന്തമായി കൃഷി തുടങ്ങി. അധ്വാനിക്കാന്‍ മടിയില്ലാത്തവരോടു പ്രകൃതിയും മുട്ടുമടക്കി.

കപ്പയും കാപ്പിയും കുരുമുളകും ഏലവും കൊക്കോയും റബറുമെല്ലാമായി കൃഷി വളര്‍ന്നു. ഹൈറേഞ്ചില്‍ സമൃദ്ധി വന്നുതുടങ്ങി. കപ്പയായിരുന്നു ഹൈറേഞ്ചുകാരുടെ ദേശീയ ഭക്ഷണം. ഒരുനേരമെങ്കിലും നിര്‍ബന്ധം. ഒപ്പം പോത്തും പോര്‍ക്കും ഉണക്കമീനും കൂടിയുണ്ടെങ്കില്‍ സന്തോഷം. വാട്ടിപ്പുഴുങ്ങുന്ന കപ്പയും പഞ്ഞക്കര്‍ക്കിടകത്തില്‍ സുലഭമായി കിട്ടുന്ന ചക്കയുമൊക്കെയാണ് പട്ടിണിയകറ്റിയിരുന്നത്. ആരോഗ്യമുള്ള ജനങ്ങളാണു പൊതുവേ ഇടുക്കിയിലേത്. അടുത്തൊന്നും ഒരാശുപത്രിയില്ലെന്ന യാഥാര്‍ഥ്യം ഒരിടുക്കിക്കാരനെയും പേടിപ്പിച്ചിരുന്നില്ല അക്കാലത്ത്. എന്തസുഖം വന്നാലും കോതമംഗലത്തും തൊടുപുഴയിലുമുള്ള ആശുപത്രികളിലേക്കു ജീപ്പില്‍ പോകേണ്ടിവരുമായിരുന്നു.

പഠിക്കാനും നടക്കണമായിരുന്നു കിലോമീറ്ററുകള്‍. സ്കൂളുകളും കുറവ്. മലയോര ഗ്രാമങ്ങളിലേക്കൊന്നും ഗതാഗത സൗകര്യമില്ലാതിരുന്ന കാലം. കേരളത്തിനു മുഴുവന്‍ വെളിച്ചം പകര്‍ന്നിരുന്ന ഇടുക്കിക്കാര്‍ക്കാണ് ഏറ്റവും കുറച്ചു വൈദ്യുതി കിട്ടിയിരുന്നതെന്നത് ഇടുക്കി അണക്കെട്ടുപോലെ സത്യം. സമ്പൂര്‍ണ വൈദ്യുതീകരണം ഇന്നും സ്വപ്നം മാത്രം. ഒരു മഴ പെയ്താല്‍, കാറ്റുവീശിയാല്‍ ഇന്നും ആദ്യമണയുന്നത് ഇടുക്കിക്കാരന്‍റെ വെളിച്ചമാണ്. കൊടും തണുപ്പുള്ള മൂന്നാറും കൊടുംചൂടുള്ള തൊടുപുഴയും ഉള്‍പ്പെടുന്ന വലിയ ജില്ലയുടെ രണ്ടറ്റത്തുമെത്താന്‍ ഒരുദിവസം യാത്രയുണ്ട്. പോരാത്തതിനു കുന്നും മലയും നിറഞ്ഞ ദുര്‍ഘട വഴികളും.

ഈ റൂട്ടുകളില്‍ ഇടയ്ക്കിടയ്ക്കു കഞ്ഞിക്കുഴി സിറ്റി, കരിമ്പന്‍സിറ്റി എന്നൊക്കെ കേട്ടു ഞെട്ടരുത്. ഒരു ചായക്കടയും ഒരു പലചരക്കുകടയും ഒരുമിച്ചുള്ള ജംക്‌ഷനുണ്ടെങ്കില്‍ സിറ്റിയെന്നേ വിളിക്കൂ. പക്ഷേ, ശരിക്കും സിറ്റി കാണണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് തൊടുപുഴയിലോ അല്ലെങ്കില്‍ മൂവാറ്റുപുഴയിലെ എത്തണമെന്നതായിരുന്നു യാഥാര്‍ഥ്യം. മലയോര ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു പുതിയ റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും വന്നതാണ് ഇടുക്കിയുടെ പിന്നാക്ക ചരിത്രം തിരുത്തിയത്. പുരോഗതിയുടെ ആ പാതയിലേക്കു കയറിനിന്നാണ് ഇടുക്കി മിടുക്കിയായത്.

മഴയും തണുപ്പും ഇടുക്കിക്കു പുത്തരിയല്ല. ഒരു മഴയില്‍ ഒലിച്ചുപോകുന്നവരും ഒരു കാറ്റത്തു പറന്നുപോകുന്നവരും ഇല്ല ഇവിടെ. പ്രതികൂല കാലാവസ്ഥകളോടു മല്ലിട്ടു തന്നെയാണ് ആ മണ്ണില്‍ വിതച്ചതും കൊയ്തതും. ആര്‍ത്തലച്ചുവരുന്നതു പേമാരിയാണെങ്കിലും അതെടുത്തത് അതുവരെയുള്ള അധ്വാനമാണെങ്കിലും ആ കരളുറപ്പ് ഇളകില്ലെന്നതിന് ഇൗ മഴക്കാലം സാക്ഷി.

related stories