Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടനിൽ ഖലിസ്ഥാൻ അനുകൂല റാലി; മോദി സർക്കാരിന്റെ നിശബ്ദത ചോദ്യം ചെയ്ത് കോൺഗ്രസ്

pro-khalistan-rally-london ലണ്ടനിൽ നടന്ന ഖലിസ്ഥാൻ അനുകൂല റാലിയിൽനിന്ന്. ചിത്രം കടപ്പാട്: ട്വിറ്റർ.

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിൽ ഇന്ത്യാവിരുദ്ധ റാലി നടത്തിയ സംഭവത്തിൽ മോദി സർക്കാരിന്റെ നിശബ്ദതയെ ചോദ്യം ചെയ്ത് കോൺഗ്രസ്. രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയാണു റാലിക്കു പിന്നിലെന്നു കോൺഗ്രസ് ആരോപിച്ചു. പഞ്ചാബിൽ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണു നടക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചു ബിജെപി – അകാലിദൾ സഖ്യം എന്തുകൊണ്ട് മൗനമായിരിക്കുന്നുവെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വിറ്ററിലൂടെ ചോദിച്ചു.

ഈ ഗൂഢാലോചനയിൽ ‘56 ഇഞ്ച്’ മോദി സർക്കാർ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്? ഇതു രാജ്യത്തെ തകർക്കാനുള്ള ഗൂഢതന്ത്രമല്ലേ? പിന്നെന്തിനു നിശബ്ദത പാലിക്കുന്നു? – സുർജേവാല ചോദിച്ചു. അതേസമയം, പാക്ക് ചാരസംഘടനയായ ഐഎസ്ഐയാണ് റാലിക്കു പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ അനുകൂല റാലിയും നടന്നിരുന്നു.

‘ലണ്ടൻ ഡിക്ലറേഷൻ’ എന്ന പേരിൽ പഞ്ചാബിൽ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു ഖലിസ്ഥാൻ അനുകൂല മനുഷ്യാവകാശ സംഘടന ദി സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ലണ്ടനിലെ ട്രഫൽഗർ സ്ക്വയറിലാണ് റാലി നടത്തിയത്. പഞ്ചാബിൽ 2020 ൽ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു നടത്തിയ റാലിയിൽ 1000 ൽ അധികം സിഖ് വംശജരും പിന്തുണയ്ക്കുന്നവരുമാണു പങ്കെടുത്തത്.

‘പഞ്ചാബിനെ സ്വതന്ത്രമാക്കു, ഇന്ത്യൻ അധിനിവേശം അവസാനിപ്പിക്കൂ’, ‘ഖലിസ്ഥാനുവേണ്ടി 2020 ൽ പഞ്ചാബിൽ ഹിതപരിശോധന’, ‘പഞ്ചാബിനെ സ്വതന്ത്രരാജ്യമാക്കി മാറ്റും’ തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായി ആയിരുന്നു റാലി.