Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പിൽവേ ഷട്ടറുകൾ തുറന്ന് മുല്ലപ്പെരിയാർ; ജലനിരപ്പ് 140.55 അടി

Mullaperiyar Dam മുല്ലപ്പെരിയാർ ഡാം. – ഫയൽ ചിത്രം.

തൊടുപുഴ∙ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ബുധനാഴ്ച പുലർച്ചെ 2.35ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഡാം തമിഴ്നാട് തുറന്നുവിട്ടത്. സ്പിൽവേയിലെ 13 ഷട്ടറുകൾ ഒരടി വീതമാണ് ആദ്യം തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതിൽ മൂന്നു ഷട്ടറുകൾ അടച്ചു. 15 ന് പുലർച്ചെ 1.30 നുള്ള കണക്കുകൾ പ്രകാരം ജലനിരപ്പ് 139.70 അടിയായിരുന്നു. ജലം തുറന്നുവിട്ടിട്ടും പുലർച്ചെ മൂന്നു മണിക്കുള്ള കണക്കുകൾ പ്രകാരം ഡാമിലെ ജലനിരപ്പ് 140.10 അടിയായി. പുലർച്ചെ 3.30 ന് ഇത് 140.15 അടിയായും പുലർച്ചെ നാലിന് 140.25 അടിയായും ഉയർന്നു. രാവിലെ അഞ്ചരയ്ക്കുള്ള കണക്കുകൾ പ്രകാരം ഇത് 140.55 അടിയായി. 

സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടിട്ടും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മണിക്കൂറുകളായി തുടരുന്ന മഴയിലെ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാൻ ഇടയാക്കുന്നത്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി രാത്രിയേറെ വൈകി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പു നൽകിയിരുന്നു. സെക്കൻഡിൽ 4489 ഘനയടി വെള്ളമാണ് ഡാമിൽ നിന്നു പുറന്തള്ളുന്നത്.

അണക്കെട്ടിൽ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ഇതിനിടെ മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി പൂർത്തിയായെന്ന് കലക്ടർ അറിയിച്ചതായി മന്ത്രി എം.എം.മണി അറിയിച്ചു. നാലായിരത്തോളം പേരെയാണ് ക്യാംപുകളിലേക്കു മാറ്റുന്നത്. ചപ്പാത്തിൽ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചു. അതേസമയം സ്ഥിതി വിലയിരുത്താൻ മുല്ലപ്പെരിയാർ സമിതി ബുധനാഴ്ച ഡാമിലെത്തും.

ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ നമ്പറുകൾ

എറണാകുളം - 0484-2423513, മൊബൈൽ: 7902200300,7902200400
ഇടുക്കി - 0486-2233111, മൊബൈൽ: 9061566111,9383463036
തൃശൂർ -0487-2362424, മൊബൈൽ: 9447074424

നീരൊഴുക്ക് വർധിക്കുന്നതിനാൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മിഷണർ അറിയിച്ചതായി ചീഫ് സെക്രട്ടറി ടോം ജോസ് ചൊവ്വാഴ്ച രാത്രി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ചെറുതോണിയില്‍ നിന്നു വർധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍, പെരിയാര്‍ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാംപുകളിലേക്ക് ഒഴിഞ്ഞുപോകണമെന്നും പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യർഥിച്ചു.

ജലനിരപ്പു കൂടുന്ന സാഹചര്യത്തിൽ രാത്രി ഒൻപതിനുശേഷം മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു വിട്ടു നിയന്ത്രിതമായ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യത ഉണ്ടെന്ന് ഇടുക്കി ജില്ലാ കലക്ടർ ജീവൻ ബാബു അറിയിച്ചിരുന്നു. സുരക്ഷ മുൻനിർത്തി മുല്ലപ്പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒൻപതിനു മുൻപായി മാറി താമസിക്കണമെന്നും കലക്ടർ നിർദേശിച്ചു. കഴിഞ്ഞ വർഷം നവംബർ 30 ന് ഒറ്റരാത്രികൊണ്ട് ആറര അടി വെള്ളം ഉയർന്ന അണക്കെട്ടാണു മുല്ലപ്പെരിയാർ. ജലം നിറഞ്ഞുകിടക്കുന്ന വിസ്തൃതമായ പ്രദേശം കുറവായതിനാൽ ഒഴുകിയെത്തുന്ന വെള്ളം പെട്ടെന്നു കവിയുന്ന സ്വഭാവമാണ്.

related stories