Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധ ആരോഗ്യത്തിൽ; സെപ്റ്റംബർ 25 മുതൽ ഇന്ത്യയ്ക്ക് ലഭിക്കും, ‘മോദി കെയർ’

Narendra-Modi

ന്യൂഡൽഹി∙ ദുർബലവിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങൾക്കും ഇതിലെ ഉദ്ദേശം 50 കോടി കുടുംബാംഗങ്ങൾക്കും പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ നൽകുന്ന ആരോഗ്യപദ്ധതിയായ ആയുഷ്മാൻ ഭാരത് സെപ്റ്റംബർ 25 ന് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്രദിന സന്ദേശത്തിലാണ് പദ്ധതിക്കു തുടക്കം കുറിക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. പൊതുജനാരോഗ്യം ലക്ഷ്യമിട്ടു രാജ്യമെങ്ങും തുറക്കുന്ന ഒന്നര ലക്ഷം ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ പദ്ധതിയുടെ പ്രത്യേകതയാണ്.

യുഎസിൽ മുൻ പ്രസിഡന്റ് ബറാക് ഒബാമ നടപ്പിലാക്കിയ ‘ഒബാമ കെയറി’ന്റെ ചുവടുപിടിച്ച് ‘മോദി കെയർ’ എന്ന ജനപ്രിയ നാമത്തിൽ അറിയപ്പെടുന്ന പദ്ധതിയാണിത്. ആർഎസ്എസ് ചിന്തകനും ബിജെപി സ്ഥാപക നേതാക്കളിൽ ഒരാളുമായ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മ വാർഷിക ദിനമായ സെപ്റ്റംബർ 25 നാണ് പദ്ധതിക്കു തുടക്കമാകുന്നത് എന്നതിൽ പദ്ധതിയുടെ രാഷ്ട്രീയ ദിശയും വ്യക്തമാണ്.

ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിൽസ ഉറപ്പാക്കുന്ന ഈ പദ്ധതി, രാജ്യത്തെ 10 കോടി കുടുംബങ്ങളെയും 50 കോടി ജനങ്ങളെയും ഇൻഷുറൻസ് പരിധിയിൽപ്പെടുത്തുമെന്ന് പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഒരു കുടുംബം എത്ര സമ്പന്നമാണെന്ന് പറഞ്ഞാലും ഗുരുതരരോഗം വന്നാൽ സാമ്പത്തിക ഭത്രത തകരും. അങ്ങനെ സംഭവിക്കാതിരിക്കാൻ, അടുത്ത 6–7 ആഴ്ചത്തേക്ക് ഈ മേഖലയിൽ വിശദമായ പഠനം നടത്തിയശേഷമാകും പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിടുകയെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഈ സമഗ്ര ആരോഗ്യ പദ്ധതിക്കു കീഴിൽ 2022 ആകുമ്പോഴേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിഷ്കരിച്ച മാതൃകയായ ഒന്നര ലക്ഷം ആരോഗ്യ, സൗഖ്യ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും വരും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നു വ്യത്യസ്തമായി അലോപ്പതിക്കു പകരം ആയുർവേദ, ഹോമിയോപ്പതി തുടങ്ങിയ ‘ആയുഷ്’ ഡോക്ടർമാരാകും ചുമതല വഹിക്കുക. ആരോഗ്യ, സൗഖ്യ കേന്ദ്രങ്ങളുടെ ചുമതല വഹിക്കാനായി ഇവർക്ക് ‘ബ്രിജ് കോഴ്സ്’ പരിശീലനം ഏർപ്പെടുത്തും. പരിചയ സമ്പന്നരായ മുതിർന്ന നഴ്സുമാർക്കും കോഴ്സ് കഴിഞ്ഞാൽ ചുമതല വഹിക്കാൻ യോഗ്യതയുണ്ടാകും. പ്രാഥമിക ചികിൽസയ്ക്കു പുറമെ യോഗ, ഫിസിയോതെറപ്പി സൗകര്യങ്ങളും ആരോഗ്യ, സൗഖ്യ കേന്ദ്രങ്ങളിലുണ്ടാകും. ടെലി മെഡിസിൻ, ഐടി സൗകര്യങ്ങളും ഏർപ്പെടുത്തും. ആയുഷ്മാൻ ഭാരത് പദ്ധതിക്കു കീഴിലുള്ള രാജ്യത്തെ ആദ്യത്തെ ആരോഗ്യ കേന്ദ്രം ഈ വർഷം ഏപ്രിൽ 14ന് ബിജാപൂരിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തിരുന്നു.

ആയുഷ്മാൻ ഭാരതിന്റെ ഭാഗമായി ബൃഹത്തായ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ രൂപരേഖയും സർക്കാർ തയാറാക്കി വരികയാണ്. ആരോഗ്യ പദ്ധതിയുടെ ഭാഗമാക്കേണ്ട ആളുകൾ, പദ്ധതിയുമായി സഹകരിപ്പിക്കേണ്ട ആശുപത്രികൾ എന്നിവയുടെ കാര്യത്തിലും വിശദമായ പഠനം നടക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആർഎസ്ബിവൈ) യിലെ 2000 കോടി രൂപയും, മുതിർന്ന പൗരൻമാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പുതിയ ആരോഗ്യ പദ്ധതിയുമായി സംയോജിപ്പിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി സർക്കാർ പ്രഖ്യാപിച്ച ഈ ജനപ്രിയ പദ്ധതിയിൽ ഇനിയും ചേരാത്തത് 10 സംസ്ഥാനങ്ങളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗോവ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവയ്ക്കു പുറമെ ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന ഒഡിഷ, പഞ്ചാബ്, ഡൽഹി, കർണാടക, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളും പദ്ധതിയുമായി സഹകരിച്ചു തുടങ്ങിയിട്ടില്ല.

50 കോടി ജനങ്ങൾക്ക് ‘മോദിക്കുട’

ദുർബലവിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങൾക്കും 50 കോടി കുടുംബാംഗങ്ങൾക്കും ആരോഗ്യ പരിരക്ഷാ പദ്ധതിയിലൂടെ സുരക്ഷയുടെ തണലൊരുക്കുന്ന പദ്ധതി ഇക്കഴിഞ്ഞ ബജറ്റിലാണ് അന്നു ധനമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ജയ്റ്റ്‍ലി പ്രഖ്യാപിച്ചത്. പൂർണതോതിൽ നടപ്പാക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ സർക്കാർ ആരോഗ്യസുരക്ഷാ പദ്ധതിയായിരിക്കുമിത്. വൻ ചെലവു പ്രതീക്ഷിക്കാവുന്ന പദ്ധതി നടപ്പാക്കാൻ ആവ‌ശ്യമായ പണം അനുവദിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും തുക ബജറ്റിൽ വകയിരുത്തിയിരുന്നില്ല.

നിർദിഷ്ട ആരോഗ്യകേന്ദ്രങ്ങൾ (വെൽനെസ് സെന്റർ) വഴി മാതൃ, ശിശു സംരക്ഷണം ഉൾപ്പെടെ സമഗ്ര ആരോഗ്യ പരിപാടിയാണു നടപ്പാക്കുക. 1200 കോടി രൂപയാണു വകയിരുത്തൽ. സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ (സിഎസ്ആർ) ഭാഗമായി ഇതിൽ പങ്കാളികളാകാൻ സ്വകാര്യമേഖലയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പണം ആദായനികുതി സെസിൽനിന്ന്

‘മോദി കെയർ’ പദ്ധതിക്കു സർക്കാർ പ്രധാനമായും പണം കണ്ടെത്തുക ആദായനികുതിയിൽമേലുള്ള സെസിൽനിന്നായിരിക്കുമെന്നും പിന്നീട് വ്യക്തമാക്കിയിരുന്നു. ആദായ നികുതിയിലെ വിദ്യാഭ്യാസ, ആരോഗ്യ സെസ് ഒരു ശതമാനം വർധിപ്പിച്ചതിലൂടെ 11,000 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. പദ്ധതിക്കുള്ള കേന്ദ്ര വിഹിതം ബജറ്റിൽ പ്രത്യേകമായി വകയിരുത്തിയിട്ടില്ലെങ്കിലും തുക വെല്ലുവിളിയല്ലെന്നു നിതി ആയോഗ് വ്യക്തമാക്കിയിരുന്നു.  

related stories