Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്ങനെ സ്വീകരിക്കും നിങ്ങളുടെ രാജി; ഈ ജന്മത്തിൽ അതിനാവില്ല: കേജ്‌രിവാൾ

kejriwal-ashuthosh ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനൊപ്പം അശുതോഷ്. (ഫയൽ ചിത്രം)

ന്യൂഡൽഹി∙ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച എഎപി സ്ഥാപക നേതാവ് ആശുതോഷിന്റെ രാജി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ നിരസിച്ചു. പാർട്ടി വിട്ട കാര്യം പ്രഖ്യാപിച്ച് ആശുതോഷ് നടത്തിയ ട്വീറ്റിന് നൽകിയ മറുപടിയിലാണ്, രാജി സ്വീകാര്യമല്ലെന്ന് കേജ്‌രിവാൾ വ്യക്തമാക്കിയത്. ‘എങ്ങനെയാണ് നിങ്ങളുടെ രാജി ഞങ്ങൾ സ്വീകരിക്കുക? ഈ ജൻമത്തിൽ സാധ്യമല്ല’ – കേജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.

‘തീർത്തും വ്യക്തിപര’മായ കാരണങ്ങളുടെ പേരിലെന്ന വിശദീകരണത്തോടെയാണ് പാർട്ടി വക്താവു കൂടിയായിരുന്ന ആശുതോഷ് രാജി പ്രഖ്യാപിച്ചത്. പാർട്ടിയുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലല്ല ആശുതോഷിന്റെ രാജിയെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാന്ദ്നി ചൗക് മണ്ഡലത്തിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധനോട് തോറ്റെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കപിൽ സിബലിനേക്കാൾ വോട്ട് അശുതോഷ് നേടിയിരുന്നു.

എല്ലാ യാത്രകൾക്കും ഒരു അവസാനമുണ്ട്. ആംആദ്മി പാർട്ടിയുമായുള്ള എന്റെ സുന്ദരവും വിപ്ലവകരവുമായ സഹകരണത്തിനും അവസാനമായിരിക്കുന്നു. പാർട്ടിയിൽനിന്നും രാജിവയ്ക്കുകയാണ്. രാജി സ്വീകരിക്കാൻ പാർട്ട നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീർത്തും വ്യക്തിപരമായ കാരണങ്ങളുടെ പേരിലാണ് ഞാൻ പാർട്ടി വിടുന്നത്. പാർട്ടിയിൽ എനിക്ക് അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുള്ള എല്ലാവർക്കും നന്ദി. – ആശുതോഷ് ട്വിറ്ററിൽ കുറിച്ചു.

അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരവുമായി സഹകരണം പ്രഖ്യാപിച്ചാണ് ആശുതോഷ് രാഷ്ട്രീയത്തിലെത്തിയത്. അതിനു മുൻപ് ടിവി മാധ്യമപ്രവർത്തകനെന്ന നിലയിൽ പ്രശസ്തനായിരുന്നു അദ്ദേഹം. പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് തന്റെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും പിന്നാലെ വരരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർഥിച്ചു.

നേരത്തെ, എഎപി രാജ്യസഭാ സ്ഥാനാർഥികളെ തിരഞ്ഞെടുത്ത കാര്യത്തിൽ ആശുതോഷ് അഭിപ്രായ വ്യത്യാസം പ്രകടമാക്കിയിരുന്നു. ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളുമായി ഒരുകാലത്ത് അടുത്തബന്ധം പുലർത്തിയിരുന്ന ആശുതോഷ്, അതിനുശേഷം അകൽച്ചയിലായിരുന്നു.