Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം; സഞ്ചാരികൾ കുടുങ്ങി

munnar-rain-water മൂന്നാർ നഗരത്തിൽ വെള്ളം പൊങ്ങിയപ്പോള്‍

മൂന്നാർ∙ ടൗണിലെ ശരവണ ഹോട്ടൽ തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. തമിഴ്നാട് കാരൈക്കുടി സ്വദേശി എം. മദനൻ (33)ആണു മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. മുരുകന് ഒപ്പമുണ്ടായിരുന്ന നാലു പേരെ നിസാര പരുക്കുകളോടെ രക്ഷപ്പെടുത്തി.

പള്ളിവാസൽ രണ്ടാം മൈലിൽ റിസോർട്ട് തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം മണ്ണിടിച്ചിലിൽ പൂർണമായി തകർന്നെങ്കിലും മൂന്നു തൊഴിലാളികൾ പരുക്കുകളോടെ രക്ഷപ്പെട്ടു. പരുക്കേറ്റ തമിഴ്നാട് സ്വദേശികളായ ഇ.മുരുകൻ, ജയ്പാൽ, രാജു എന്നിവരെ അടിമാലിയിലെ ആശുപത്രിയിലേക്കു മാറ്റി. രാവിലെ ആറരയോടെയായിരുന്നു അപകടം. ശക്തമായ മഴ വൈകിട്ടും തുടരുകയാണ്. കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഗതാഗതം മുടങ്ങിയതോടെ വിദേശികൾ അടക്കമുള്ള സഞ്ചാരികൾ  കുടുങ്ങി. മഴയും മണ്ണിടിച്ചിലും ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷിതമായ  താമസ സ്ഥലങ്ങളിൽ തുടരാനാണ് പൊലീസ് സഞ്ചാരികൾക്കു നിർദേശം നൽകുന്നത്.

മൂന്നാർ ഹെഡ് വർക്സ് ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയർത്തിയതോടെ ശക്തമായ ആറ്റുകാട് വെള്ളച്ചാട്ടത്തിൽ നിന്നുള്ള ജലപ്രവാഹത്തിൽ ആറ്റുകാട് പാലം തകർന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ദേവികുളം റൂട്ടിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് മുതിരപ്പുഴയാറിലേക്കു ജലം ഒഴുക്കുന്നുണ്ട്. മൂന്നാം ഷട്ടർ ഉച്ചയോടെ തുറന്നെങ്കിലും മുതിരപ്പുഴയാറിൽ ക്രമാതീതമായി ജലനിരപ്പുയർന്നതിനെ തുടർന്നു താഴ്ത്തി. മാട്ടുപ്പെട്ടി അണക്കെട്ടിൽ നിന്നുള്ള ജലം ഇടുക്കി അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയുടെയും സൈന്യത്തിന്റെയും സംഘങ്ങൾ മൂന്നാറിൽ ക്യാംപു ചെയ്യുന്നുണ്ട്.

related stories