Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് എബ്രഹാം – മറയുന്നത് നയതന്ത്ര നീക്കങ്ങളുടെ കലവറ രഹസ്യങ്ങൾ

വർഗീസ് സി. തോമസ്
thomas-abraham തോമസ് ഏബ്രഹാം.

പത്തനംതിട്ട ∙ കേരളത്തിൽ നിന്നു കുരുമുളകു മാത്രമല്ല, ബുദ്ധിയും കയറ്റുമതി ചെയ്യും —  1978 മുതൽ 82 വരെ ഇന്ത്യയുടെ ശ്രീലങ്കൻ സ്ഥാനപതിയായിരുന്ന തോമസ് ഏബ്രഹാമിനെ വിശേഷിപ്പിക്കാൻ കൊളംബോയിലെ പത്രങ്ങളാണ് ഇങ്ങനെ എരിവുള്ളൊരു പ്രയോഗം വിതറിയത്. വിദ്വേഷത്തിൽ നീറിനിൽക്കുകയായിരുന്ന തമിഴ് വംശജർക്കു മാത്രമല്ല, സിംഹളർക്കും അന്ന് തോമസിന്റെ നല്ലവാക്കുകൾ കുളിർമയേകി; രാജ്യാന്തര നയതന്ത്രരംഗത്തെ സമാധാനദൂതനെന്നായിരുന്നു കുമ്പനാട് കടപ്ര വടക്കുംകര പുത്തൻപറമ്പിൽ തിങ്കളാഴ്ച അന്തരിച്ച തോമസ് ഏബ്രഹാം (90) അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ വേർപാടിലൂടെ ഇന്ത്യ—ശ്രീലങ്ക സമാധാന കരാറിലേക്കു നയിച്ച നയതന്ത്രനീക്കങ്ങളുടെ കലവറ രഹസ്യങ്ങളും വിസ്മൃതിയിലാവുകയാണ്.

ശ്രീലങ്കയെ വെട്ടിമുറിക്കുന്നത് ഒഴിവാക്കി തമിഴ് ഭൂരിപക്ഷ മേഖലയ്ക്ക് കൂടുതൽ സ്വയംഭരണഅവകാശങ്ങൾ നൽകണമെന്ന് തോമസ് വാദിച്ചു. പ്രക്ഷുബ്ധമായ ആ കാലത്തിനു സാക്ഷ്യം വഹിക്കാൻ കൊളംബോയിൽ ഉണ്ടായിരുന്ന 21 വർഷം ജൂനിയറായിരുന്ന നയതന്ത്ര ഉദ്യോഗസ്ഥ മുൻ വിദേശകാര്യ സെക്രട്ടറിയും മലയാളിയുമായ നിരുപമ റാവു, തോമസിന്റെ വിയോഗവാർത്ത അറിഞ്ഞ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനും ബുദ്ധിമാനുമായ രാജ്യതന്ത്രജ്ഞൻ. കൊളംബോയിൽ അദ്ദേഹത്തോടൊപ്പം നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിച്ചു. അക്കാലത്ത്  ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റ യശസ് ഉയർത്താനും കഴിഞ്ഞു. 

ആദ്യ ശ്രീലങ്കൻ ഹൈകമ്മിഷണർ കെ.പി.കേശവമേനോൻ, കെ.പി.എസ്. മേനോൻ (ജൂനിയർ), അടൂരിൽ വേരുകളുള്ള ജെ.എൻ.ദീക്ഷിത് തുടങ്ങി പ്രഗൽഭരായ മലയാളി ശ്രീലങ്കൻ സ്ഥാനപതിമാരുടെ  നിരയിലേക്കുയർന്ന തോമസ് ഏബ്രഹാം അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ്  ജയവർധനയ്ക്ക് ഒപ്പം പലവട്ടം നടത്തിയ രഹസ്യകൂടിക്കാഴ്ചകളുടെ ഫലമായിരുന്നു 1987 ൽ നിലവിൽവന്ന രാജീവ് – ജയവർധനെ കരാർ. കരാർ എഴുതിയതും മലയാളി: മാവേലിക്കരക്കാരൻ രഞ്ജൻ മത്തായി. പക്ഷെ ഈ കരാർ പരാജയപ്പെടുകയും  ആഭ്യന്തര കലഹത്തിലേക്കു ശ്രീലങ്ക വഴുതി വീഴുകയുമായിരുന്നു.

1964 ലെ ശാസ്ത്രി—സിരിമാവോ കരാർ പ്രകാരം  ശ്രീലങ്കയിൽ നിന്നു ഇന്ത്യയിലേക്കു തിരികെ വിട്ട തമിഴ് വംശജരുടെ കാര്യത്തിൽ  എന്തു ചെയ്യാമെന്നതും അക്കാലത്ത്  തോമസ് ഏബ്രഹാമിന്റെ പരിഗണനാ വിഷയമായിരുന്നു. ഗവിയിലും മറ്റുമായിരുന്നു ഇവരെ പുനരധിവസിപ്പിച്ചത്. വടക്കു ഖൈബർ ചുരം കടന്ന് ഇവിടേക്കു  വന്നവരെല്ലാം ഇന്ത്യക്കാരായി. എന്നാൽ കടൽവഴി വന്ന വാസ്കോഡ ഗാമ ഉൾപ്പെടെയുള്ളവർ ഇന്ത്യക്കാരായില്ല. അതിനാൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഏറ്റവും ഭീഷണി തെക്കേ ഇന്ത്യയുടെ സമുദ്രാതിർത്തിയാണെന്ന തോമസ് ഏബ്രഹാമിന്റെ മുന്നറിയിപ്പിന് പ്രസക്തി ഏറിവരികയാണ്. പ്രത്യേകിച്ചും ശ്രീലങ്കൻ തീരത്ത് ചൈന സാന്നിധ്യം ഉറപ്പിക്കുമ്പോൾ.

ഫ്രഞ്ച് കോളനിയായ പോണ്ടിച്ചേരി 1961— 63 കാലത്ത്  ഇന്ത്യൻ യൂണിയൻ  കേന്ദ്രഭരണപ്രദേശമായപ്പോൾ  റോഡും സ്കൂളും സ്ഥാപിച്ച ആദ്യ ചീഫ് സെക്രട്ടറിയായിരുന്ന തോമസ് മലേഷ്യയിൽ നിന്നു വേർപെട്ട് 1963—66 കാലത്ത്  സിംഗപ്പൂർ പിറവിയെടുക്കുന്നതിനും സാക്ഷ്യംവഹിച്ചു. ആദ്യ പ്രധാനമന്ത്രി ലീ ക്വാൻ യൂവിന് അന്ന് വലംകൈയായി നിന്ന് ഉപദേശം നൽകിയത്  ആദ്യ ഇന്ത്യൻ ഹൈക്കമ്മിഷണറായിരുന്ന തോമസ് ഏബ്രഹാമാണെന്നത് ആധുനിക സിംഗപ്പൂരിന്റ അരമന രഹസ്യം. മലയൻ വംശജർക്ക്  മലേഷ്യയും ചൈനക്കാർക്ക് സിംഗപ്പൂരുമെന്നതായിരുന്നു അന്നത്തെ ഇന്ത്യൻ നയതന്ത്രം. 1978 ൽ കോഴിക്കോട്ട് പാസ്പോർട്ട് ഓഫിസ് തുറന്നത് തോമസായിരുന്നു.

thomas-abraham-with-lankan-president തോമസ് ഏബ്രഹാം മുൻ ശ്രീലങ്കൻ പ്രസിഡന്റ് ജയവർധനയ്ക്കൊപ്പം.

പത്രപ്രവർത്തനത്തിലൂടെ നയതന്ത്രമേഖലയിലേക്ക് കടന്നു വന്ന അപൂർവ പ്രതിഭയായിരുന്നു തോമസ് ഏബ്രഹാം. 1952 ൽ ന്യൂഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ ജോലിക്ക് കയറുന്നതിനു മുമ്പ് ഡെക്കാൻ ഹെറൾഡ് പത്രത്തിലും മറ്റും  ജോലിചെയ്ത  തോമസ് ഏബ്രഹാമിനെ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കുന്നത് സാക്ഷാൽ ജവഹർലാൽ നെഹ്റുവാണ്.

തോമസിനെ പത്രപ്രവർത്തനത്തിലേക്കു കൈപിടിച്ചത് മൂന്നു മാതൃസഹോദരന്മാരായിരുന്നു. പ്രശസ്ത മാധ്യമ പ്രവർത്തകനും പാക്കിസ്ഥാനിലെ ഡോൺ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, ഡെക്കൻ ഹെറൾഡ് എന്നിവ ഉൾപ്പെടെ 26 പത്രങ്ങളുടെ സ്ഥാപകകാല പത്രാധിപരുമായിരുന്ന ചെങ്ങന്നൂർ ഊരയിൽ പുത്തൻപറമ്പിൽ പോത്തൻ ജോസഫായിരുന്നു  അവരിൽ പ്രധാനി. ഗാന്ധിജിക്ക് ഒപ്പം നിന്ന് ക്വിറ്റ് ഇന്ത്യ സമരത്തിനു നേതൃത്വം നൽകിയ ഇന്ത്യൻ സ്വാതന്ത്യ്ര സമര പോരാളി ജോർജ് ജോസഫും ഇന്ത്യൻ കായികവേദിക്ക് വിലപ്പെട്ട സംഭാവന നൽകിയ പി.എം. ജോസഫും കുട്ടിയായ തോമസിനെ സ്വാധീനിച്ചു. ആറുമാസം പ്രായമുള്ളപ്പോൾ പിതാവ് പി.ടി. ഏബ്രഹാം മരിച്ചതോടെ മാതാവ് സാറായ്ക്കൊപ്പം മധുരയിലെ ജോർജ് ജോസഫിന്റെ വീട്ടിലേക്കു താമസം മാറി. സാറ പിന്നീട് പഠനം തുടരുകയും മുംബൈയിലെ ആദ്യ വനിതാ കോളജ് അധ്യാപികയായി ചരിത്രം കുറിയ്ക്കുകയും ചെയ്തു.

പഠനശേഷം പോത്തൻ ജോസഫിനൊപ്പം പത്രത്തിൽ ജോലി ചെയ്യുമ്പോഴാണ് തോമസ് സിവിൽ സർവീസ് എഴുതുന്നത്. തുടർന്ന് ന്യൂയോർക്കിലേക്ക് പരിശീലനത്തിന് അയച്ചു. അന്ന് 650 രൂപ പ്രതിമാസ സ്കോളർഷിപ് അനുവദിച്ച് ഇന്ത്യ ഗവൺമെന്റ് നൽകിയ കത്ത് ഉൾപ്പെടെ അപൂർവങ്ങളായ ഒട്ടേറെ നയതന്ത്ര രേഖകൾ കുമ്പനാട്ടെ കുടുംബവീട്ടിലുണ്ട്. ഇതെല്ലാം ചേർത്ത് തോമസ് ഏബ്രഹാമിന്റെ പേരിൽ മ്യൂസിയമാക്കി സൂക്ഷിക്കണമെന്ന ആഗ്രഹം മകനും ദ് ഹിന്ദു പത്രത്തിന്റെ മുൻ വിദേശകാര്യ ലേഖകനുമായിരുന്ന തോമസ് ഏബ്രഹാം പ്രകടിപ്പിച്ചു.

ഡൈനിങിനും വൈനിങിനുമപ്പുറം  ഇരുത്തം വന്ന നയതന്ത്ര  പ്രതിഭ, തന്ത്രങ്ങൾ മെനയുമ്പോഴും മാന്യത കൈവിടാത്ത വ്യക്തിത്വം, ലക്ഷ്യബോധം, ധൈര്യം, മനസാന്നിധ്യം, സ്ഥിരോൽസാഹം, ഭാഷാ നൈപുണ്യം തുടങ്ങി രാജ്യാന്തര രംഗത്ത് വേണ്ട എല്ലാ ഗുണങ്ങളുമുണ്ടായിരുന്ന തോമസിനെ നയിച്ചത് ഇന്ത്യക്കാരനാണെന്ന അഭിമാന ബോധവും ഏഷ്യൻ കുടുംബ മൂല്യങ്ങളുമായിരുന്നു. വത്തിക്കാൻ സ്ഥാനപതി എന്ന നിലയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഏറ്റവുമൊടുവിൽ കുമ്പനാട് സീനിയർ സിറ്റിസൺ പുരസ്കാരം മാർ ക്രിസോസ്റ്റത്തിൽ നിന്നു സ്വീകരിച്ചു. തോമസ് ഏബ്രഹാമിന്റെ പത്നി മാരാമൺ പാലക്കുന്നത് കുടുംബാംഗം പരേതയായ മീര ഏബ്രഹാം അറിയപ്പെടുന്ന ചരിത്ര ഗവേഷകയും ഗ്രന്ഥകാരിയുമായിരുന്നു.