Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വെള്ളപ്പൊക്കക്കാലത്ത് ക്ഷാമം ഉള്ള വസ്തു നല്ല കുടിവെള്ളം’ – തുമ്മാരുകുടി എഴുതുന്നു

Rain-Havoc-1508-1 ആലുവ മണപ്പുറത്ത് വെള്ളം കയറിയതിനെ തുടർന്ന് അമ്പലം മുങ്ങിയപ്പോൾ

കോട്ടയം∙ സമാനതകളില്ലാത്ത മഴക്കാലമാണ് കേരളത്തിൽ സംഭവക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഇപ്പോൾ വേണ്ടത്. രാഷ്ട്രീയമായി, മതപരമായി, കുടുംബശ്രീ ആയി, ലൈബ്രറി ആയി, വാട്ട്സ്ആപ്പ് ഗ്രൂപ് ആയി, ക്ലബുകൾ ആയി, റെസിഡണ്ടന്റ് അസോസിയേഷൻ ആയി സംഘടിതമായാണ് നമ്മുടെ സമൂഹം പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാവരും ചുരുങ്ങിയത് ഒരു സംഘത്തിൽ എങ്കിലും അംഗമാണെന്നും ഇവർക്ക് ദുരന്ത നിവാരണത്തിന് വേണ്ടി ഒരുമിച്ചു വരാൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

Read more at: മറക്കരുത്, ഈ മഴക്കാല പാഠങ്ങൾ

കുറിപ്പിന്റെ പൂർണരൂപം:

ദുരന്തകാലത്തെ സന്നദ്ധ പ്രവർത്തനം.

ഈ നൂറ്റാണ്ടിൽ സമാനതകൾ ഇല്ലാത്ത ഒരു മഴക്കാലം ആണ് ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത്. നാല്പത്തി നാല് നദികളും കരകവിഞ്ഞൊഴുകുന്നു, മുപ്പത്തി മൂന്ന് അണക്കെട്ടുകൾ തുറന്നു വിടേണ്ടി വരുന്നു, പന്ത്രണ്ട് ജില്ലകളിലും റെഡ് അലേർട്ട്, ആയിരക്കണക്കിനു ആളുകൾ ദുരിതാശ്വാസ ക്യാംപിൽ.

കേരളത്തിനു പരിചയമില്ലാത്തതാണെങ്കിലും ലോകത്തു സമാനതകൾ ഇല്ലാത്തതോ, എന്തിനു വൻ ദുരന്തമോ ഒന്നുമല്ല ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. അതുകൊണ്ടു തന്നെ അകാരണമായ ഭീതി വേണ്ട. വേണ്ടത് ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആണ്. ഇക്കാര്യത്തിൽ കേരളത്തെ പോലെ സാധ്യതകൾ ഉള്ള ഒരു നാട് ഞാൻ കണ്ടിട്ടില്ല. കാരണം നമ്മുടെ സമൂഹം അത്രമേൽ സംഘടിതം ആണ്. രാഷ്ട്രീയമായി, മതപരമായി, കുടുംബശ്രീ ആയി, ലൈബ്രറി ആയി, വാട്ട്സാപ് ഗ്രൂപ് ആയി, ക്ലബുകൾ ആയി, റെസിഡ‍ന്‍സ് അസോസിയേഷൻ ആയി കേരളത്തിലെ എല്ലാവരും ചുരുങ്ങിയത് ഒരു സംഘത്തിൽ എങ്കിലും അംഗമാണ്. ഇവർക്കൊരുത്തർക്കും ദുരന്ത നിവാരണത്തിനു വേണ്ടി ഒരുമിച്ചു വരാൻ ഒരു ബുദ്ധിമുട്ടും ഇല്ല. പോരാത്തതിന് എന്തു സാമ്പത്തിക സഹായവും നൽകാൻ തയാറായി മറുനാടൻ മലയാളികൾ വിളിപ്പുറത്തുണ്ട്. കേരളത്തിലെ ജനപ്രതിനിധികൾ ജനങ്ങൾക്കു വളരെ എളുപ്പത്തിൽ പ്രാപ്യരാണ്. ഇതുകൊണ്ടൊക്കെ തന്നെ ലോകത്തിനു മാതൃകയായ ഒരു ദുരന്ത നിവാരണ സംവിധാനം അടുത്ത ഇരുപത്തി നാലുമണിക്കൂറിനകം ഉണ്ടാക്കാൻ നമുക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഇപ്പോൾ തന്നെ നിങ്ങളിൽ പലരും നാട്ടിൽ ഇത്തരം സന്നദ്ധ സംഘങ്ങളിൽ അംഗം ആയിരിക്കും, അല്ലെങ്കിൽ പ്ലാൻ ചെയ്യുന്നുണ്ടായിരിക്കും അവർക്കു വേണ്ടിയാണ് ഈ കുറിപ്പ്.

1. കേരളം അഭൂതപൂർവമായ ഒരു മഴക്കാലത്തെ നേരിടുന്നതിനാൽ ഈ സമയത്തു സ്വയ രക്ഷ, കുടുംബത്തിന്റെ രക്ഷ, സമൂഹത്തിന്റെ രക്ഷ ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ പറ്റുമെന്നു ചിന്തിക്കുക. നിങ്ങൾ ആരായാലും, എവിടെ ആയാലും എന്തെങ്കിലും ഒക്കെ നിങ്ങൾക്കു ചെയ്യാൻ പറ്റും.

2. നിങ്ങളുടെ വീടിന്റെ അല്ലെങ്കിൽ ഫ്ലാറ്റിന്റെ അടുത്തുള്ള പ്രദേശത്തു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതാണ് ഏറ്റവും ശരി. കാരണം അതാണു നിങ്ങൾക്ക് ഏറ്റവും അറിയാവുന്ന സ്ഥലം. ദുരന്തനിവാരണ രംഗത്ത് പ്രത്യേക പരിചയം ഇല്ലാത്തവർ ആത്മാർത്ഥത മാത്രം കൈമുതലാക്കി ടി വി ന്യൂസ് കണ്ട് ദൂര ദേശത്തേക്ക് ഓടരുത്. കേരളത്തിൽ എല്ലായിടത്തും ആളുകൾ ഉണ്ട്, അവർക്ക് കൈകാര്യം ചെയ്യാൻ പറ്റാതെ വരുമ്പോൾ ഔദ്യോഗിക സംവിധാനങ്ങൾ ഉണ്ട്, അതും കഴിഞ്ഞിട്ട് മതി മറ്റുള്ള സ്ഥലത്തുനിന്നുള്ള ആളുകളുടെ വരവ്. വിദേശത്തും ബാംഗ്ലൂരും ഉള്ള മലയാളികൾ ഒന്നും നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും പ്രത്യേക പ്രശ്നങ്ങൾ ഇല്ലെങ്കിൽ ദുരന്തനിവാരണത്തിന് വേണ്ടി നാട്ടിലേക്ക് ഓടിയെത്തേണ്ട ഒരു കാര്യവും ഇല്ല.

3. ഓരോ റെസിഡന്റ് അസോസിയേഷനും അടിയന്തിര യോഗം ചേർന്ന് ഒരു ദുരന്ത നിവാരണ കമ്മിറ്റി ഉണ്ടാക്കണം. അതിന് ചുരുങ്ങിയത് താഴെ പറയുന്ന ഉപ വിഭാഗങ്ങൾ വേണം

(എ) കമ്മൂണിക്കേഷനും മുന്നറിയിപ്പും നൽകാനുള്ള സംഘം
(ബി) രക്ഷാ പ്രവർത്തനം
(സി) രോഗികൾ, വൃദ്ധർ ഭിന്നശേഷി ഉള്ളവർ, മറുനാട്ടുകാർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കാനുള്ള സംഘം
(ഡി) ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സംഘം
(ഇ) കുടിവെള്ളവും കക്കൂസ് കാര്യങ്ങളും ശ്രദ്ധിക്കാനുള്ള സംഘം
(ഫ്) സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സംഘം
(ജി) സുരക്ഷാ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സംഘം
(എച്ച്) ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സംഘം
(ഐ) സ്ത്രീകളുടെ പ്രത്യേക പ്രശ്നങ്ങൾ ശ്രദ്ധിക്കാനുള്ള സംഘം
(ജെ) നമ്മുടെ റെസിഡന്റ് അസോസിയേഷന് പുറത്തുള്ളവരുമായി കാര്യങ്ങൾ സംയോജിപ്പിക്കുവാനുള്ള സംഘം

നിങ്ങളുടെ അസോസിയേഷൻ്റെ വലുപ്പവും പ്രശ്നങ്ങളുടെ വലുപ്പവും അനുസരിച്ച് ഓരോ സംഘത്തിലും രണ്ടാളോ അതിൽ കൂടുതലോ ആകാം. സംഘത്തിന് ഒരു തലവൻ വേണം. മൊത്തം പ്രസ്ഥാനത്തിന്റെ തലപ്പത്ത് റെസിഡന്റ് അസോസിയേഷൻ തലപ്പത്ത് ഉള്ളവർ തന്നെ ആകാം, പക്ഷെ അവർ പേടിച്ചിരിക്കുകയാണെങ്കിൽ അല്ലെങ്കിൽ മുൻകൈ എടുക്കുന്നില്ലെങ്കിൽ വേറെ ആളെ നിയമിക്കാം. കമ്മിറ്റി അംഗങ്ങളുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പും, മൊത്തം റെസിഡന്റ് അസോസിയേഷന്റെ വേരോരു ഗ്രൂപ്പും ഉണ്ടാക്കണം.

4. അസോസിയേഷനിലെ എല്ലാവർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പടെ എന്തെങ്കിലും ഒക്കെ റോൾ നൽകണം. അതേ സമയം തന്നെ ഓരോരുത്തർക്കും അറിയാവുന്ന സ്‌കിൽ അനുസരിച്ചുള്ള റോള ആണ് കൊടുക്കേണ്ടത്. ഫ്ലാറ്റിലുള്ള ഡോക്ടർ റോഡിൽ ഇറങ്ങി നിന്ന് കാറ് തള്ളി ക്കൊടുക്കുന്നതും, പാചകത്തിൽ പരിചയമുള്ളവർ രോഗിയെ പരിചരിക്കാൻ പോകുന്നതും നല്ല രക്ഷാ പ്രവർത്തനം അല്ല.

5. ദുരന്തകാലത്ത് ഏറ്റവും പ്രധാനം സുതാര്യമായ കമ്മൂണിക്കേഷൻ ആണ്. മഴ മൂലം ഉള്ള പ്രശ്നത്തെ പറ്റി, അത് എങ്ങനെ നിങ്ങളെ എങ്ങനെ ബാധിക്കാം എന്ന കാര്യത്തെ പറ്റിയൊക്കെ തുറന്ന് ചർച്ച നടത്തണം. കിട്ടുന്ന വിവരങ്ങൾ എല്ലാവരും ആയി പങ്കു വക്കണം, അങ്ങനെ പങ്കുവെക്കുന്നുണ്ട് എന്ന് എല്ലാവർക്കും തോന്നണം. ഓരോ ദിവസവും വൈകിട്ട് ആറുമണിക്ക് മുൻ പറഞ്ഞ സംഘത്തലവന്മാരുടെ മീറ്റിംഗ് കൂടണം, പൊതുവായി പങ്കുവെക്കേണ്ട വിവരങ്ങൾ തീരുമാനിക്കണം, അവ ഉടൻ തന്നെ റെസിഡന്റ് അസോസിയേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കുകയും വേണം.

6. അസോസിയേഷൻ അംഗങ്ങളിൽ ആരോഗ്യം കൊണ്ടോ സാമ്പത്തിക സ്ഥിതികൊണ്ടോ ബുദ്ധിമുട്ടുള്ളവർ ഉണ്ടോ എന്ന് പരസ്പരം ആലോചിച്ച് അറിയണം. മഴ കാരണം ഏറെ ദിവസമായി തൊഴിലിനു പോകാത്തവരോ അസുഖം ഉണ്ടെങ്കിലും ഡോക്ടറെ കാണാൻ പോകാത്തവരോ ഒക്കെ ഉണ്ടായിരിക്കും. അഭിമാനം കാരണം അവരുടെ പ്രശ്നങ്ങൾ അവർ പങ്കുവച്ചില്ല എന്ന് വരും. നിങ്ങളുടെ അയൽക്കാരുടെ ആരോഗ്യത്തിലും അടുക്കളയിലും നിങ്ങളുടെ കണ്ണ് പ്രത്യേകം വേണം. സ്ത്രീകളുടെ കൂട്ടായ്മകൾക്ക് ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാൻ പറ്റും

7. നിങ്ങളുടെ അസോസിയേഷനിൽ വിദേശത്ത് ഉള്ളവർ മിക്കവാറും കാണും. അവരെയും നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തണം. അവരുടെ ബന്ധുക്കൾ നാട്ടിൽ ഉണ്ടെങ്കിൽ അവരുടെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.

8.ദുരന്ത നിവാരണത്തിന് ഉള്ള സാമ്പത്തിക ചിലവുകൾ കഴിവ് പോലെ പങ്കിട്ടെടുക്കുക, വിദേശത്ത് ഉള്ളവരോട് ഇക്കാര്യം പറഞ്ഞാൽ അവർ തീർച്ചയായും സഹായിക്കും. നമുക്ക് അറിയാവുന്നവർക്കും പണം ശരിയായി വിനിയോഗിക്കും എന്ന് ഉറപ്പുള്ളവർക്കും പണം കൊടുക്കാനനാണ് എല്ലാവർക്കും താല്പര്യം. അതുകൊണ്ട് തന്നെ റെസിഡന്റ് അസോസിയേഷനുകൾക്ക് പണം ഒരു ബുദ്ധിമുട്ടാവില്ല. നിങ്ങൾ ഇപ്പോൾ വിദേശത്താണ്, കേരളത്തിൽ ദുരന്ത നിവാരണത്തിന് കുറച്ചു പണം കൊടുക്കണം എന്ന് പദ്ധതി ഉണ്ടെങ്കിൽ ആദ്യം തന്നെ നിങ്ങളുടെ റെസിഡന്റ് അസോസിയേഷനിൽ വിളിച്ചു ചോദിക്കുക.

9. ദുരന്ത നിവാരണ സംഘത്തിൽ ഉള്ളവരുടെ സുരക്ഷ ഏറ്റവും പ്രധാനമാണ്. ഒരു കാരണവശാലും ഇരുപത്തി നാല് മണിക്കൂറൊന്നും പണിയെടുക്കരുത്, പരിചയമില്ലത്ത പണിക്ക് പോയി മറ്റുള്ളവർക്ക് പണിയുണ്ടാക്കരുത് .

10. സ്ത്രീകളും കുട്ടികളും റിട്ടയർ ചെയ്തവരും ഒക്കെ ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങണം. ദുരന്ത നിവാരണം യുവാക്കളുടെ മാത്രം ജോലിയല്ല.

11. നിങ്ങളുടെ വീടിൻ്റെ അടുത്തുള്ള സ്ഥലങ്ങളിൽ കൂടുതൽ ദുരിത ബാധിതരോ, കൂടുതൽ ബുദ്ധിമുട്ടുള്ളവരോ, മറുനാട്ടുകാരോ ഒക്കെ ഉണ്ടെങ്കിൽ അവരെയും നിങ്ങളുടെ കഴിവും സംവിധാനങ്ങളും ഉപയോഗിച്ച് സഹായിക്കണം.

12. എല്ലാ സമയത്തും സ്ഥലം പഞ്ചായത്ത് മെമ്പർ, എം എൽ എ എന്നിവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടുകൊണ്ടേ ഇരിക്കുക. നിങ്ങൾക്ക് സഹായം വേണമെങ്കിൽ പറയുക. അല്ല നിങ്ങൾക്ക് എന്തെങ്കിലും സഹായം അവർക്ക് ചെയ്യാൻ പറ്റുമെങ്കിൽ അക്കാര്യവും പറയുക.

മഴയും വെള്ളപ്പൊക്കവും ഒന്നും നമുക്ക് തടയാൻ പറ്റില്ല, പക്ഷെ കേരളത്തിൽ ഒരു ദുരന്തം ഉണ്ടായപ്പോൾ അത് മാതൃകാപരമായിട്ടാണ് നാം നേരിട്ടതെന്ന് ഉള്ള ആശ്വാസം എങ്കിലും നമുക്ക് ഉണ്ടായിരിക്കണം. റെസിഡണ്ട് അസോസിയേഷൻ ആണ് ദുരന്ത നിവാരണത്തിന് ഏറ്റവും നല്ല യൂണിറ്റ് എന്ന് പറഞ്ഞുവെങ്കിലും മറ്റുള്ള ഏത് സംഘടനയുടെ കീഴിലും നിങ്ങൾക്ക് ദുരന്ത നിവാരണ സംഘങ്ങൾ ഉണ്ടാക്കാം, അത് പാർട്ടിയാണെങ്കിലും മതമാണെങ്കിലും. പക്ഷെ ആശ്വാസം നൽകുന്ന കാര്യത്തിൽ പാർട്ടിയും മതവും വിഷയമാക്കരുത്.

മുൻപ് പറഞ്ഞതൊക്കെ വെള്ളം കയറി വരുന്ന സമയത്തും വെള്ളപ്പൊക്കം നിൽക്കുന്ന സമയത്തും ഉള്ള കാര്യങ്ങൾ ആണ്. വെള്ളം ഇറങ്ങിക്കഴിയുമ്പോൾ ചെയ്യേണ്ട വേറെ കാര്യങ്ങൾ ഉണ്ട്. വീടുകൾ വൃത്തിയാക്കുക, മാലിന്യങ്ങൾ മാറ്റിക്കളയുക, കിണർ ശുചീകരിക്കുക എന്നൊക്കെ, അതൊക്കെ ഞാൻ പതുക്കെ പറയാം.

സുരക്ഷിതരായിരിക്കുക, മറ്റുള്ളവരെ സഹായിക്കുക. Let this be our finest hour.

related stories