Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടനാട്ടിലേക്കുള്ള ബോട്ട് സർവീസ് നിർത്തി; ആലപ്പുഴയിൽ റോഡ് ഉപരോധിക്കുന്നു

alappuzha-boat വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപെടാൻ കിടങ്ങറയിൽനിന്നും ചങ്ങനാശേരിക്ക് ബോട്ടിൽ കയറാൻ നിൽക്കുന്ന ജനങ്ങൾ. (ഫെയ്സ്ബുക് ചിത്രം)

ആലപ്പുഴ∙ കുട്ടനാട്ടിലേക്കു ബോട്ട് സർവീസ് നടത്താത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ആലപ്പുഴ ബോട്ട് ജെട്ടിക്കു സമീപം റോഡ് ഉപരോധിക്കുന്നു. കുട്ടനാട്ടിലേക്കു പോകേണ്ട ഒട്ടേറെപ്പേർ ഏറെനേരമായി ആലപ്പുഴ ബോട്ട് ജെട്ടിയിൽ കാത്തു നിൽക്കുന്നുണ്ട്. ജലനിരപ്പ് ഉയർന്നതിനാലാണ് ബോട്ട് സർവീസ് നിർത്തിയത്. പലയിടത്തും ബോട്ട് ജെട്ടി വെള്ളത്തിനടിയിലാണ്. ചില സ്ഥലങ്ങളിൽ വൈദ്യുതിക്കമ്പികൾ ബോട്ടിന്റെ മുകൾഭാഗത്തു തട്ടുന്ന സ്ഥിതിയിലുമാണ്.

ആലപ്പുഴ വഴി എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതവും മുടങ്ങിക്കിടക്കുകയാണ്. വേഗത കുറച്ച് ചില ട്രെയിനുകൾ കടത്തിവിടുമെന്നാണ് റയിൽവേ അറിയിപ്പെങ്കിലും ട്രെയിനുകളൊന്നും ഓടുന്നില്ലെന്നാണ് വിവരം. കനത്ത മഴയിൽ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തനടിയിലാണ്. ചെങ്ങന്നൂർ മേഖലയിൽ പലയിടത്തും വെള്ളം ഉയർന്നു. പാണ്ടനാട്, ഇടനാട്, മംഗലം, തിരുവൻവണ്ടൂർ, മുളക്കുഴ പ്രദേശങ്ങളിൽ ഒട്ടേറെ വീടുകൾ വെള്ളത്തിലാണ്.

വേമ്പനാട്ടു കായലിൽ മുഹമ്മ ജെട്ടിക്കു സമീപം മീൻ പിടിക്കുന്നതിനിടയിൽ കാണാതായ മുഹമ്മ സ്വദേശി ഹരിഹരന്റെ മൃതദേഹം അഗ്നിശമന സേനയുടെ സ്കൂബാ ഡൈവിങ് ടീം കണ്ടെടുത്തു. എടത്വ പഞ്ചായത്ത് നാലാം വാർഡ് പള്ളിച്ചിറയിൽ ലാൽ (45) വീടിനു മുന്നിലെ തോട്ടിൽ വീണു മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം. വീട്ടിൽനിന്നിറങ്ങി റോഡിലെ വെള്ളത്തിലൂടെ നീന്തി പോകുമ്പോൾ കാൽ വഴുതി വീണാണ് അപകടം.

∙ അപ്പർ കുട്ടനാട്

അതേസമയം, വെള്ളം കയറിയത്തുടങ്ങിയതോടെ അപ്പർ കുട്ടനാട്ടിൽനിന്നു ജനങ്ങൾ പലായനം തുടങ്ങി. കുട്ടനാട്ടിൽ വെള്ളപ്പൊക്കം കഴിഞ്ഞ മാസത്തേതിനെക്കാൾ രൂക്ഷമാകാനാണ് സാധ്യത. പലയിടങ്ങളിലായി കുടുങ്ങിയവരെ രക്ഷിക്കാൻ ആവശ്യത്തിനു ബോട്ട് ഇല്ലാത്തതു വലിയ പ്രതിസന്ധിയാണ്. കിടങ്ങറ കെസി ജെട്ടിയിൽ ഒട്ടേറെപ്പേർ കുടുങ്ങിയിരിക്കുന്നു. അവിടെനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകാൻ ബോട്ടുകൾ കുറവാണ്. ആലപ്പുഴ – ചങ്ങനാശേരി റോഡിൽ പള്ളിക്കൂട്ടുമ്മ മുതൽ ചങ്ങനാശേരിക്കടുത്തു വരെ വീണ്ടും വെള്ളക്കെട്ടായി. ആലപ്പുഴയിൽനിന്നു നെടുമുടി വരെ മാത്രം ബസ് സർവീസ്. കൂടുതൽ ബോട്ടുകൾ ഓടിച്ചാലേ ആളുകളെ രക്ഷപ്പെടുത്താനാവൂ. നെടുമുടിയിൽനിന്നു പുളിങ്കുന്ന് വഴി കിടങ്ങറയിലേക്കു നാലു ബോട്ടുകൾ മാത്രമാണു സർവീസ് നടത്തുന്നത്.

അമ്പലപ്പുഴ – തിരുവല്ല റോഡിൽ ആനപ്രാമ്പാൽ – നെടുമ്പ്രം ഭാഗം പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം നിലച്ചു. മറ്റു പ്രധാന റോഡുകളും വെള്ളത്തിലാണ്. ശുദ്ധജലവും ശുചിമുറി സൗകര്യവുമില്ലാതെ ജനം വലയുകയാണ്. രണ്ടു ദിവസമായി വൈദ്യുതിയുമില്ല. തലവടി, മുട്ടാർ, എടത്വയുടെ തെക്കൻ മേഖല എന്നിവടങ്ങളിലാണ് ഏറ്റവും വലിയ വെള്ളപ്പൊക്കം. കോളനികളിൽനിന്നും മറ്റും ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. മിക്ക വീടുകളുടെയും പകുതി വരെ വെള്ളത്തിലായി. അമ്പലപ്പുഴ – തിരുവല്ല റോഡിലെ വെള്ളക്കെട്ടിൽ ട്രാക്ടർ ഓടിച്ച് ആളുകളെ രക്ഷിക്കാൻ ശ്രമം നടക്കുന്നു. വെള്ളത്തിൽ കുടുങ്ങിയ കന്നുകാലികളെ രക്ഷിക്കാനും മാർഗമില്ല. ഒന്നര കിലോമീറ്റർ വരെ നീന്തിയാലേ കര കാണാനാവൂ എന്നതാണു പലയിടത്തും അവസ്ഥ.

പമ്പാനദിയും കരകവിഞ്ഞൊഴുകുകയാണ്. ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അമ്പലപ്പുഴ മുതൽ എടത്വ വരെ ബസ് സർവീസുണ്ടെങ്കിലും വെള്ളത്തിലായ വീടുകളിൽനിന്ന് ആളുകൾക്ക് റോഡിലെത്താൻ കഴിയുന്നില്ല. മിക്ക സ്കൂളുകളും വെള്ളത്തിലായി. മാന്നാർ, ചെന്നിത്തല, ബുധനൂർ പ്രദേശങ്ങളിലും ഇതുവരെയില്ലാത്ത വെള്ളപ്പൊക്കമാണ്. ‌അച്ചൻകോവിലാറും കവിഞ്ഞൊഴുകുന്നു. റോഡുകളിൽ തന്നെ രണ്ടാൾപൊക്കം വെള്ളമുണ്ട്. പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. ഗതാഗതവും അസാധ്യമായിട്ടുണ്ട്. മിക്ക വീടുകളുടെയും പകുതി വരെ വെള്ളം പൊങ്ങി.

∙ മാവേലിക്കര

മാവേലിക്കര മേഖലയിലെ തഴക്കര പഞ്ചായത്തിൽ പൈനുംമൂട്–കൊല്ലകടവ് ചാക്കോപാടം റോഡിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. മാവേലിക്കര കണ്ടിയൂർ, വെട്ടിയാർ, കരിപ്പുഴ, ആഞ്ഞിലിപ്രാ, വലിയപെരുമ്പുഴ ഭാഗങ്ങളിലും അച്ചൻകോവിലാറ് കരകവിഞ്ഞൊഴുകുന്നു. മാവേലിക്കര താലൂക്കിൽ ഇതുവരെ 20 ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു.

മാവേലിക്കര വലിയപെരുമ്പുഴയിൽ മരം വീണു തട്ടാരമ്പലം–മാന്നാർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാവേലിക്കര നഗരത്തിൽ കോട്ടത്തോട് കരകവിഞ്ഞൊഴുകി സമീപത്തെ വീടുകൾ വെള്ളത്തിലായി. നഗര ഹൃദയമായ മിച്ചൽ ജംക്‌ഷനിൽ വെള്ളക്കെട്ട്. ടിഎ കനാൽ ( തൊടിയൂർ–ആറാട്ടുപുഴ) കരകവിഞ്ഞൊഴുകുന്നതിനാൽ തീരപ്രദേശത്തെ വീടുകളിൽ വെള്ളം കയറി. അഞ്ചോളം വീടുകളിലെ കിണറുകൾ ഇടിഞ്ഞു താണു. മരങ്ങൾ വീണു വൈദ്യുതി തൂണുകളും തകർന്നതിനാൽ ഭൂരിപക്ഷം പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.  

related stories