Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണാവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും; സർവകലാശാലാ പരീക്ഷകൾ മാറ്റി

Rain Havoc - Kottayam കോട്ടയം ജില്ലയിൽ നിന്നുള്ള പ്രളയ ദുരിതക്കാഴ്ച

തിരുവനന്തപുരം∙ സംസ്ഥാനം പ്രളയക്കെടുതിയിൽ വലയുന്ന സാഹചര്യത്തിൽ ഇത്തവണ ഓണാവധി നേരത്തെയാക്കി. സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളും ഇന്ന്പൂട്ടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 29ന് ആയിരിക്കും സ്കൂളുകൾ പിന്നീടു തുറക്കുക.

മഴക്കെടുതി മൂലം കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളിൽ പ്രവൃത്തിദിനമായിരിക്കും. കാസർകോട്ടെ വെള്ളരിക്കുണ്ട് താലൂക്കിലെ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി നൽകിയിട്ടുണ്ട്.

കനത്ത മഴയിലും പ്രളയക്കെടുതിയിലും സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാൽ ഓഗസ്റ്റ് 31ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയിരുന്നു.

∙ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ഓണാവധിക്കായി നേരത്തേ അടച്ചു. 29ന് തുറക്കും. ഇരുപതു മുതലാണു നേരത്തേ ഓണാവധി നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.

∙ കണ്ണൂർ സർവകലാശാല ഓണാവധിക്കായി വ്യാഴാഴ്ച അടച്ചു. 29ന് തുറക്കും. 18 മുതലാണു നേരത്തെ ഓണാവധി നിശ്ചയിച്ചിരുന്നത്. 21 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി. ഓണാവധിക്കുശേഷം 28നു കോളജുകൾ തുറന്നശേഷമേ ഇനി പരീക്ഷകളുണ്ടാവൂ. വെള്ളിയാഴ്ച   നടത്താനിരുന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് 31ലേക്ക് മാറ്റി.

∙ ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും. അതേസമയം പ്രായോഗിക പരീക്ഷകൾക്കു മാറ്റമില്ല. കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ മാറ്റിവെച്ചു. വെറ്ററിനറി സർവകലാശാലയിൽ വെള്ളിയാഴ്ച പരീക്ഷകളൊന്നും ഇല്ല.

∙ പിഎസ്‍സി വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷ, അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയെല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. വെള്ളി, ശനി ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന പിഎസ്‍സി ഓൺലൈൻ/ഒഎംആർ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ എൻ. നാരായണ ശർമ അറിയിച്ചിട്ടുണ്ട്. എംജി സർവകലാശാല ഈയാഴ്ചത്തെ എല്ലാ പരീക്ഷകളും നേരത്തേ മാറ്റിയിരുന്നു.

∙ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ സദാനന്ദപുരത്തെ കൃഷി വിജ്ഞാനകേന്ദ്രം 20, 21 തീയതികളിൽ നടത്താനിരുന്ന റിസർച്ച് ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ താൽകാലിക തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

related stories