Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തില്‍ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാം: കെഎസ്ഇബിയുടെ മുന്നറിയിപ്പ്

alappuzha-electric-post-fallen

തിരുവനന്തപുരം∙ കേരളക്കരയാകെ പ്രളയജലത്തില്‍ മുങ്ങുമ്പോള്‍ അപകടസാധ്യതകള്‍ ഒഴിവാക്കാനുള്ള മുന്നറിയിപ്പുമായി കെഎസ്ഇബി. പല സ്ഥലങ്ങളിലും ആളുകള്‍ക്കു വൈദ്യുതാഘാതമേല്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു കെഎസ്ഇബി സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പൊതുസ്ഥലങ്ങളിലുള്ള ട്രാന്‍സ്ഫോര്‍മറുകള്‍, പോസ്റ്റുകള്‍, വൈദ്യുതിലൈനുകള്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ സമീപത്തു പോകാതിരിക്കുക.

2. ഇലക്ട്രിക് ലൈനുകളിലും ട്രാന്‍സ്ഫോര്‍മറുകളിലും മറ്റും അപകടകരമായതോ അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള കെഎസ്ഇബി. സെക്‌ഷന്‍ ഓഫിസില്‍ വിവരം അറിയിക്കണം. 1912 എന്ന ടോള്‍ ഫ്രീ നമ്പരിലും 9496061061 എന്ന എമർജൻസി കസ്റ്റമർ കെയർ നമ്പരിലും ഇത് അറിയിക്കാം.

3. വൈദ്യുതിലൈനുകളില്‍ മുട്ടി നില്‍ക്കുന്ന മരങ്ങളിലും ശിഖരങ്ങളിലും തൊട്ടാല്‍ അപകടസാധ്യതയുണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യുതി ബോര്‍ഡിനെ മേല്‍ സൂചിപ്പിച്ച നമ്പറുകളില്‍ അറിയിക്കുക.

4. പൊതുനിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിച്ചു മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതിക്കമ്പി പൊട്ടിവീണിരിക്കുവാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയർന്നതും വൈദ്യുതിലൈനുകള്‍ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്തതുമായ പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

5. വെള്ളം കയറിയാല്‍ കെട്ടിടത്തിനകത്തും പുറത്തും നല്‍കിയിരിക്കുന്ന മുഴുവന്‍ താല്‍ക്കാലിക വൈദ്യുതികണക്‌ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്നതും വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതിബന്ധം ഉടന്‍ തന്നെ വിച്ഛേദിക്കണം.

6. ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍, യുപിഎസ് എന്നിവ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രം പ്രവര്‍ത്തിപ്പിക്കുക. ഉപയോഗിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കുക.

7. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പില്‍ വെള്ളം കയറുന്നതിനു മുൻപുതന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ട് കണക്‌ഷന്‍ വിച്ഛേദിക്കുക.

8. മൊബൈലും ചാര്‍ജിങ് ലൈറ്റും ഉള്‍പ്പെടെ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. 

9. ഓര്‍ക്കുക, കുറച്ചു ദിവസങ്ങള്‍ വൈദ്യുതി ഇല്ലെങ്കിലും നമുക്കു തുടര്‍ന്നു ജീവിക്കാന്‍ സാധിക്കും. പക്ഷേ ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവന്‍ ആപത്തിലാകാന്‍, സ്വയം കരുതിയിരിക്കുക.

related stories