Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ: സർക്കാരുകളുമായി സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി

Mullapperiyar Spillway

ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് നാളെ രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. നാഷനൽ ക്രൈസിസ് മാനേജ്മെന്റ് സമിതി, മുല്ലപ്പെരിയാർ സമിതി, രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ എന്നിവർ യോഗം ചേർന്നുവേണം റിപ്പോർട്ട് സമർപ്പിക്കാൻ. ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം ഈ യോഗം പരിഗണിക്കണം. എന്തു തീരുമാനം എടുത്താലും ഉടൻ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡിസാസ്റ്റർ മാനേജ്മന്റ് പ്ലാൻ ഉണ്ടാക്കണമെന്ന് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഇതുംകൂടി റിപ്പോർട്ടായി സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ജലനിരപ്പ് സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇടുക്കി സ്വദേശി റസല്‍ ജോയിയാണു ഹർജി സമർപ്പിച്ചത്. ഹര്‍ജി വ്യാഴാഴ്ച രണ്ടു മണിക്കു വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണു വാദം കേട്ടത്. അണക്കെട്ടിലേക്ക് 20,000 കുസെക്‌സ് ജലമാണ് ഒഴുകിയെത്തുന്നതെന്നും ശക്തമായ മഴ മൂലം ജലനിരപ്പ് പെട്ടെന്നു കുറയ്ക്കാന്‍ കഴിയില്ലെന്നും തമിഴ്‌നാട് കോടതിയെ അറിയിച്ചു. ജലനിരപ്പ് 139 അടിയിലേക്കു കുറയ്ക്കണമെന്നു കേരളം ആവശ്യപ്പെട്ടു. മുമ്പുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വിഷയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നും നിലവിലെ പ്രതിസന്ധി തരണം ചെയ്യാനുള്ള നടപടികളാണ് ആവശ്യമെന്നു ചീഫ് ജസ്റ്റിസ് തമിഴ്‌നാടിനോടും കേരളത്തിനോടും പറഞ്ഞു. മുല്ലപ്പെരിയാര്‍ ഉപസമിതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇരുസംസ്ഥാനങ്ങളും തയാറാകണം.

ജലനിരപ്പ് 142 അടി കടത്തുന്നതിന് കൂടുതൽ പ്രാധാന്യം നൽകി അണക്കെട്ടിനു താഴ്ഭാഗത്തുള്ളവരുടെ ജീവന്‍ തമിഴ്‌നാട് ഭീഷണിയിലാക്കിയെന്നു ഹര്‍ജിയില്‍ പറയുന്നു. പ്രളയക്കെടുതിയില്‍ ജനത്തിന്റെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേരളം പെടാപ്പാടു പെടുമ്പോഴാണ് തമിഴ്‌നാടിന്റെ പ്രതികൂല നടപടി. മുല്ലപ്പെരിയാര്‍ സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ കേന്ദ്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ അലംഭാവം കാട്ടുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ജലനിരപ്പ് 142 അടിയിലെത്തിക്കാന്‍ തമിഴ്‌നാട് കാട്ടിയ കടുംപിടിത്തമാണ് സ്ഥിതി വഷളാക്കിയത്. ജലനിരപ്പ് ഉയരുന്നതിനു മുമ്പ് ചെറിയ തോതില്‍ ജലം തുറന്നുവിടാന്‍ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് തള്ളുകയായിരുന്നു. കേരളത്തില്‍ കാലവര്‍ഷം ശക്തമാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്ന് നീരൊഴുക്കു കുറയ്ക്കണമെന്നും കേരളം ദിവസങ്ങള്‍ക്കു മുന്‍പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്‌നാട്. 142 അടി വരെ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനാണ് തമിഴ്‌നാട് ഈ തന്ത്രം പുറത്തെടുത്തത്. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്കു വിടാന്‍ അവര്‍ തയാറായില്ല. അണക്കെട്ടിലേക്ക് ഇപ്പോള്‍ ഒഴുകിയെത്തുന്നത് 20,508 ക്യുസെക്‌സ് വെള്ളമാണ്. 2300 ക്യുസെക്‌സ് വെള്ളം മാത്രമാണു തമിഴ്‌നാട് കൊണ്ടുപോകുന്നത്. ബാക്കി ജലം ഇടുക്കിയിലേക്ക് ഒഴുക്കി വിടുകയെന്നതാണ് ഏക മാര്‍ഗം.

പതിമൂന്നു ഷട്ടറുകളാണ് മുല്ലപ്പെരിയാറിലുള്ളത്- പത്തു പുതിയ ഷട്ടറുകളും മൂന്നു പഴയ ഷട്ടറുകളും. ഷട്ടറുകളെല്ലാം 1.5 മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഓരോ ഷട്ടറും 16 അടി വരെ ഉയര്‍ത്താന്‍ കഴിയും. അണക്കെട്ടിലേക്ക് ഇപ്പോള്‍ ഒഴുകിയെത്തുന്നത് 20,508 ക്യുസെക്‌സ് വെള്ളമാണ്. ഇന്നലെ രാത്രി നീരൊഴുക്കു കൂടിയതോടെ സെക്കൻഡില്‍ 10,000 ക്യുസെക്‌സ് വെള്ളമാണു പുറത്തേക്കു വിടുന്നത്. ഇത് 30,000 ക്യുസെക്‌സിലേക്ക് ഉയരാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്‌നാടിനാണ്. ശാസ്ത്രീയമായ കണക്കെടുപ്പില്ലാതെ, രാഷ്ട്രീയ തീരുമാനത്തിനനുസരിച്ചു തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് കേരളത്തെ ബാധിക്കും. അണക്കെട്ടില്‍ വെള്ളം ഉയരുന്നതിനാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനുള്ള തയാറെടുപ്പിലാണ് തമിഴ്‌നാട്. അങ്ങനെ വന്നാല്‍ കൂടുതല്‍ വെള്ളം വണ്ടിപ്പെരിയാര്‍ വഴി 44 കിലോമീറ്റര്‍ സഞ്ചരിച്ച് ഇടുക്കിയിലേക്കെത്തും. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 2401.64 അടി വെള്ളമാണുള്ളത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാറിയില്‍നിന്ന് കൂടുതല്‍ വെള്ളം എത്തുന്നതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവരും.