Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമഴയിൽ തൃശൂരിൽ ഇന്ന് 19 മരണം; 10 പേരെ കാണാനില്ല

thrissur-flood-pariyaram പരിയാരം പൂവത്തിങ്കൽ ജങ്ഷൻ വെള്ളത്തിലായപ്പോൾ

തൃശൂർ∙ കനത്ത മഴ തുടരുന്ന ജില്ലയിൽ ഇന്നു മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. പത്തു പേരെ കാണാനില്ല. കാണാതായവരെല്ലാം മണ്ണിനടിയിൽപെട്ടവരാണ്. മുളങ്കുന്നത്തുകാവിനടുത്തു കുറാഞ്ചേരിയിൽ മണ്ണിടിച്ചിൽപ്പെട്ടു മരിച്ച 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. ഇനിയും ഏഴു പേരെ കണ്ടെത്താനുണ്ടെന്നാണു കരുതുന്നത്. നേരത്തെ, കാണാതായ രണ്ടുപേർ മണ്ണിനടിയിൽ‌നിന്നു ഫോണിൽ സന്ദേശം നൽകിയിരുന്നു. ഇവരുടെ മൃതദേഹമാണോ കണ്ടെത്തിയതെന്നു വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലിൽപെട്ട് ഒലിച്ചുപോയ നാലു വീടുകളിലുള്ളവരെയാണു കാണാതായത്.

രണ്ടു വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി. പത്തോളം മണ്ണുമാന്ത്രി യന്ത്രങ്ങൾ ശ്രമിച്ചിട്ടും ഇതുവരെ മണ്ണു നീക്കാനായിട്ടില്ല. വീടിന്റെ മേൽക്കൂര മാത്രമാണു പുറത്തു കാണുന്നത്. എരുമപ്പെട്ടിക്കടുത്തു മണ്ണിടിഞ്ഞു കാണാതായ മൂന്നുപേർക്കായും തിരച്ചിൽ നടക്കുകയാണ്.

Read More: Thrissur Flood Updates 

അതിരപ്പിള്ളിക്കടുത്തു വെട്ടികുഴിയിൽ ഉരുൾപൊട്ടി ഒരാൾ മരിച്ചു. പണ്ടാറൻപാറ രവീന്ദ്രന്റെ ഭാര്യ ലീല (62)യാണു മരിച്ചത്. പൂമലയിൽ വീടു തകർന്നു രണ്ടു പേർ മരിച്ചു. പൂമല മൂർക്കനാട്ടിൽ അജി (28), ഷിജോ (31) എന്നിവരാണു മരിച്ചത്. കുറ്റൂരിൽ റെയില്‍വേ ഗേറ്റിനു സമീപം വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. 

thrissur-fllod-mala

മാളയിലെ അന്നമനട, കുഴൂർ പഞ്ചായത്തുകൾ ഒറ്റപ്പെ‌ട്ടു. രണ്ടിടത്തും ഹെലികോപ്റ്ററുകൾ എത്തിച്ചു നാട്ടുകാരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങി. കൊടുങ്ങല്ലൂർ ഭാഗത്തുമാത്രം 5000 പേർ ക്യാംപുകളിലെത്തി. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദേശം നൽകി. പാലക്കാട് – തൃശൂർ ദേശീയപാതയിൽ കുതിരാനിൽ മണ്ണിടിഞ്ഞതിനെത്തുടർന്നു ഗതാഗതം പൂർണമായും നിലച്ചു. പാലക്കാട്ടേക്ക് ഒറ്റപ്പാലം, ഷൊർണ്ണൂർ വഴിയും പോകാനാകില്ല.

‌തൃശൂർ – ഷൊർണ്ണൂർ റോഡിൽ തൃശൂർ നഗരത്തിനടത്തു വിയ്യൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നു ഗതാഗതം ഭാഗികമായി നിലച്ചു. തൃശൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്നുള്ള എല്ലാ ബസ് സർവീസുകളും താൽക്കാലികമായി നിര്‍ത്തിവച്ചു. ഇവിടെനിന്നുള്ള എല്ലാ റൂട്ടിലും ഗതാഗതം താറുമാറായി.

മണ്ണുത്തിക്കടത്തു താണിപ്പാടത്തും വഴക്കുംപാറയിലും മണ്ണിടിച്ചിലുണ്ടായി. പീച്ചി കനാലിലേക്കു മണ്ണിടിഞ്ഞതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പീച്ചി ഡാമിന്റെ ഷട്ടറുകൾ തകരാറിലായതിനെത്തുടർന്നു ഷട്ടറിന്റെ ചങ്ങലകൾ മുറിച്ചുമാറ്റി ഉയർത്തി. 31 ഇഞ്ച് ഉയർത്തിയിരുന്ന ഷട്ടർ 42 ഇഞ്ചിലേക്കാണ് ഉയർത്തിയത്.

ചാലക്കുടി ദേശീയ പാതയിലും വെള്ളം കയറിയ സാഹചര്യത്തിൽ എറണാകുളം – തൃശൂർ ദേശീയപാതവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നു നിർദ്ദേശം നൽകി. തൃശൂർ നഗരത്തിലേക്കു എറണാകുളത്തുനിന്നും പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട്, തൃപ്രയാർ ഭാഗത്തുനിന്നുമുള്ള ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു.

തൃശൂർ കൺട്രോൾ റൂം: 0487 2362424

related stories