Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി ഇപ്പോഴും വെള്ളക്കെട്ടിൽ; ഗതാഗതം പൂർണമായി സ്തംഭിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

choper-kochi കൊച്ചിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന നാവികസേനയുടെ ഹെലികോപ്റ്റർ.

കൊച്ചി∙ കളമശേരി അപ്പോളോ ടയേഴ്സിനു മുൻപിൽ കൊച്ചി – സേലം ദേശീയപാതയിൽ എല്ലാ വാഹനങ്ങളും തടഞ്ഞിട്ടിരിക്കുന്നു. മുൻപോട്ടുള്ള റോഡിൽ വെള്ളം കയറി അതിഗുരുതരാവസ്ഥ. കൊച്ചിയും വടക്കൻ കേരളവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയാണിപ്പോൾ. പറവൂർ വഴി പടിഞ്ഞാറൻ മേഖലയിലൂടെയും പെരുമ്പാവൂർ, കാലടി വഴി കിഴക്ക് എംസി റോഡിലൂടെയും വടക്കൻ ജില്ലകളിലേക്കു പോകാനാവാത്ത സ്ഥിതിയാണ്. എറണാകുളത്തേക്കു തൃശൂരിൽനിന്നുമുള്ള ദേശീയ പാത പൂർണ്ണമായും അടച്ചു. കേരളം നടുക്കുവച്ച് രണ്ടായി മുറിഞ്ഞ അവസ്ഥയാണ്.

പ്രളയത്തിൽ കുടുങ്ങി കിടക്കുന്നവരെ സഹായിക്കാൻ

മഹാപ്രളയം: എസ്ഒഎസ് അലർട്ടുമായി ഗൂഗിൾ; ലൈവ് മാപ്പുകൾ, റിപ്പോർട്ടുകൾ

മഹാപ്രളയം: സഹായം വേണ്ട ഗ്രാമങ്ങളുടെ മാപ്പുമായി ഗൂഗിൾ

ഇടമലയാർ, ഭൂതത്താൻകെട്ട് ഡാമുകളിൽ നിന്നു പെരിയാറിലേക്കു പുറന്തള്ളുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞെങ്കിലും എറണാകുളം ജില്ലയിൽ പല മേഖലകളും ഇപ്പോഴും വെള്ളത്തിൽ തന്നെ. പ്രളയത്തിൽ കുടുങ്ങിപ്പോയ നൂറു കണക്കിനാളുകളെ രക്ഷിക്കാനുള്ള അതീവശ്രമകരമായ ദൗത്യം തുടരുകയാണ്. അതേസമയം, ഇന്നലെ രാത്രി 11 നു ശേഷം കാര്യമായ മഴയുണ്ടാകാത്തത് ആശ്വാസകരമാണ്. ഡാമുകളിൽ നിന്നുള്ള ജലമൊഴുക്കു കുറച്ചതോടെ പെരിയാറിലെ ജലനിരപ്പും പതിയെ കുറയുമെന്നാണു പ്രതീക്ഷ. അതോടെ, രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനാകും. പെരിയാറിന്റെ തീരപ്രദേശങ്ങളിലാണു പ്രളയം വൻ ദുരിതം സൃഷ്ടിച്ചത്. റോഡ്, റെയിൽ ഗതാഗതം ഭാഗികം മാത്രം. മെട്രോ റെയിൽ യാത്ര സൗജന്യമാക്കി. വിമാനത്താവളം അടഞ്ഞു തന്നെ. 

സഹായത്തിനായി അഭ്യർഥിച്ചുകൊണ്ടുള്ള ഫോൺ സന്ദേശങ്ങൾ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റസ്ക്യു കൺട്രോൾ സെന്ററുകളിലെ ഹെൽപ്‌ലൈനുകളിലേക്കു പ്രവഹിക്കുകയാണ്. രണ്ടു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവും ലഭിക്കാത്ത അവസ്ഥയിലാണു പലരുമെന്നാണു ബന്ധുക്കളുടെയും മറ്റും സന്ദേശത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നത്. ഫോൺ ബാറ്ററി ചാർജ് തീർന്നതിനാലും മറ്റും ദുരന്തബാധിതർക്കു പുറംലോകവുമായി ബന്ധപ്പെടാൻ പോലും എളുപ്പമല്ലാത്ത സ്ഥിതി. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം ഇന്നലെത്തേതിന്റെ ഇരട്ടിയോളമായി ഉയർന്നു. 500 ക്യാംപുകളിലായി കഴിയുന്നതു 1,23,195 പേർ. 

ഡാമുകളിൽ നിന്നു പെരിയാറിലേക്കു വിടുന്ന വെള്ളത്തിന്റെ അളവു കുറച്ചെങ്കിലും ആലുവ കമ്പനിപ്പടി, കുന്നത്തേരി, പറവൂർ, ചേന്ദമംഗലം, കടുങ്ങല്ലൂർ, വരാപ്പുഴ, കൂനമ്മാവ്, മാഞ്ഞാലി, നെടുമ്പാശേരി, കുന്നുകര, മൂഴിക്കുളം, കാലടി, മൂവാറ്റുപുഴ മേഖലകൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. ദേശീയപാതകളിൽ പലയിടത്തും വെള്ളം നിറഞ്ഞിരിക്കുകയാണ്. എൻഎച്ച് 544 ൽ  കളമശേരി ടിവിഎസ് ജംക്‌ഷൻ മുതൽ ആലുവ വരെ വെള്ളത്തിൽ. വല്ലാർപാടം കണ്ടെയ്നർ റോഡിൽ ഏലൂർ പുതിയ റോഡ് വരെ വെള്ളക്കെട്ട്. പൻവേൽ – കന്യാകുമാരി ദേശീയപാതയിൽ (എൻഎച്ച് 66) പറവൂർ കൊച്ചാൽ വരെ മാത്രം ഗതാഗതം. ദേശീയ പാത 85 ൽ (കൊച്ചി - ധനുഷ്കോടി) നേര്യമംഗലം - അടിമാലി റോഡിൽ പലയിടത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇതേ പാതയിൽ വാളകം, കടാതി, പെരുവംമൂഴി എന്നിവിടങ്ങളിൽ വെള്ളക്കെട്ടു മൂലമാണു ഗതാഗതം മുടങ്ങിയത്. എംസി റോഡിൽ മൂവാറ്റുപുഴയ്ക്കു സമീപം വാഴപ്പിള്ളി, പെരുമ്പാവൂർ വല്ലം, വേങ്ങൂർ, കാലടി എന്നിവിടങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസവും തുടരുന്നു. 

ആലുവ നഗരത്തില്‍ പ്രളയസ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. ആരും പുറത്തില്ല. ടൗണ്‍ ശൂന്യം. ആളുകള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്ര ആവശ്യപ്പെട്ടിട്ടും രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ എത്തുന്നില്ലെന്നു വ്യാപക പരാതിയുണ്ട്. പെരുമ്പാവൂര്‍, മൂവാറ്റുപുഴ മേഖലകളില്‍ ഭക്ഷ്യക്ഷാമം രൂക്ഷം. അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങി അവശ്യവസ്തുക്കള്‍ ലഭ്യമാകുന്നില്ല. കാലടി മേഖലകളിലെ റൈസ് മില്ലുകളില്‍ വെള്ളം കയറി പ്രവര്‍ത്തനം നിലച്ചു. കടകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്.

അതേസമയം, കളമശേരിക്കു സമീപം രക്ഷാപ്രവർത്തനത്തിനിടയിൽ ഓട്ടോറിക്ഷ ഡ്രൈവർ ഒഴുക്കിൽപ്പെട്ടു. വട്ടേക്കുന്നം  ബാബു (48) ആണ് ഒഴുക്കിൽപ്പെട്ടത്. ആളെ കണ്ടെത്താനായിട്ടില്ല.

അതിനിടെ, കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ദേശീയ ദുരന്തനിവാരണ സേനയുടെ 150 അംഗസംഘം മലപ്പുറത്ത് എത്തി. കെഎസ്ആർടിസി ബസുകളിൽ എറണാകുളത്തേക്കു പുറപ്പെട്ടു.

related stories