Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറാഞ്ചേരി മണ്ണിടിച്ചിൽ: 13–ാമത്തെ മൃതദേഹം കിട്ടി, എട്ടുപേർ ഇപ്പോഴും മണ്ണിനടിയിൽ

thrissur-flood-sub8 തൃശൂരിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം: മനോരമ

തൃശൂർ∙ കനത്ത മഴയും മണ്ണിടിച്ചിലും രൂക്ഷമായ തൃശൂർ ജില്ലയിൽ ജനജീവിതം ദുസ്സഹമായി തുടരുന്നു. തൃശൂരിൽനിന്ന് ചാലക്കുടിവഴി എറണാകുളത്തേക്കുള്ള ഗതാഗതം ഇപ്പോഴും തുറന്നിട്ടില്ല. കുതിരാൻ വഴിയുള്ള പാലക്കാട് റോഡും അടഞ്ഞു കിടക്കുന്നു. അതേസമയം, തൃശൂർ ഷൊർണൂർ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ചാലക്കുടി, മാള തുടങ്ങിയ സ്ഥലങ്ങളിൽ ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും രക്ഷപ്രവർത്തനം തുടരുകയാണ്. ചാലക്കുടി ഭാഗത്ത് കുടുങ്ങിപ്പോയ അൻപതോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. തൃശൂരിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.

Read more: Kerala Floods

അതിനിടെ, കുറാഞ്ചേരിയിൽ മണ്ണിടിഞ്ഞ് അടിയിൽപെട്ട വീടുകളിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം കൂടി കിട്ടി. വർഷങ്ങളായി ശരീരം തളർന്നു കിടപ്പിലായിരുന്ന മുണ്ടംപ്ളാക്കൽ ഷാജിയുടെ മൃതദേഹമാണു കിട്ടിയത്. ഷാജിയുടെ സഹോദരൻ ജിൻസൺ അടക്കം 12 പേരുടെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. ഇനിയും എട്ടുപേരെങ്കിലും മണ്ണിനടിയിൽ ഉണ്ടാവുമെന്നാണു സൂചന. രക്ഷാപ്രവർത്തനം തുടരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണു നാലു വീടുകൾ സഹിതം മണ്ണിടിഞ്ഞത്.

ഗോതുരുത്ത്, പുത്തൻവേലിക്കര ഭാഗത്തുനിന്നു ബോട്ടുവഴി 1500 പേരെ കൊടുങ്ങല്ലൂർ കോട്ടുപ്പുറത്തെ ക്യാംപുകളിലേക്കു മാറ്റി. ഇവിടെയിപ്പോൾ 4000 പേരുണ്ട്. ചാലക്കുടി മാള പുത്തൻവേലിക്കരക്കടുത്തു പള്ളിക്കടുത്തുള്ള കെട്ടിടം തകർന്ന് ആറു പേരെ കാണാതായി. ഇവർ കെട്ടിടത്തിനു അടിയിൽപെട്ടിരിക്കുകയാണ്. രാത്രി 12 മണിയോടെയായിരുന്നു അപകടം.

നഗരത്തിനടുത്തുള്ള ടോൾ പ്ലാസ, പുതുക്കാട്, ആമ്പല്ലൂർ, കറുകുറ്റി, മുരിങ്ങൂർ തുടങ്ങിയ സ്ഥലത്തെല്ലാം പാതയിൽ വെള്ളം കയറി. പലയിടത്തും പുഴ റോഡിനു കുറുകെ ഒഴുകുന്ന അവസ്ഥയാണ്. മുരിങ്ങൂർ മേൽപ്പാലത്തിലും വെള്ളം കയറി. അതേസമയം, കൊടുങ്ങല്ലൂർ പ്രദേശത്തു പുഴകളിൽ നിന്നും കടലിലേക്ക് ഒഴുക്കു തുടങ്ങി. വ്യാഴാഴ്ച കടൽ കയറി നിൽക്കുകയായിരുന്നു. വെള്ളം കടലെടുത്തു തുടങ്ങിയതു ചാലക്കുടിക്ക് ആശ്വാസമാകും.

ഹെലികോപ്റ്റർ ഉപയോഗിച്ചു ചാലക്കുടിയിൽ നിന്ന് അൻപതോളം പേരെ രക്ഷപെടുത്തി കുട്ടനെല്ലൂരിലെ ക്യാംപിലെത്തിച്ചു. രണ്ടു ഹെലികോപ്റ്ററുകളാണിവിടെ രക്ഷാപ്രവർത്തനത്തിലുള്ളത്. കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഹെലികോപ്റ്ററിൽ ഭക്ഷണവും എത്തിച്ചുകൊടുക്കുന്നുണ്ട്.

related stories